തെന്നിന്ത്യൻ സിനിമാ ആരാധകർക്കിടയിൽ മാദക റാണിയായിരുന്നു റാണി പത്മിനി എന്ന നടി. ഒരു കാലത്ത് യുവാക്കളുടെ സിരകളിൽ ലഹരിയായി റാണി പത്മിനി ഒഴുകി നടന്നിരുന്നു. എന്നാൽ ഏറെ പ്രശസ്തിക്കും പണത്തിനും എല്ലാം നടുവിൽ കഴിയവെ റാണി പത്മിനിയേയും അമ്മ ഇന്ദിരയേയും ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സിനിമാ ലോകത്തെ തന്നെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു റാണി പത്മിനിയുടെ മരണം.

ജ്വലിക്കുന്ന സൗന്ദര്യവും കണ്ണുകളിലെ പ്രണയഭാവവും കൊണ്ട് ആരാധകരെ സമ്പാദിച്ച റാണി പത്മിനിയുടെ ജീവിതം 1986 ഒക്ടോബർ പതിനഞ്ചിന് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് അവസാനിക്കുകയായിരുന്നു. റാണിയെ സ്വന്തം അമ്മയുടെ മുമ്പിലിട്ട് വീട്ടുജോലിക്കാരാണ് ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയത്. താരം മരിച്ച വിവരം പോലും അഞ്ചു ദിവസത്തിനു ശേഷമാണ് പുറമലോകമറിഞ്ഞത്.

1981 ൽ കഥയറിയാതെ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ റാണി പത്മിനി ആശ, ഇനിയെങ്കിലും, ആക്രോശം, മനസ്സേ നിനക്കു മംഗളം, കുയിലിനെതടി, കിളിക്കൊഞ്ചൽ, നസീമ, ഉയിർത്തെഴുന്നേൽപ്പ്, മരുപ്പച്ച തുടങ്ങി ഒരുപിടി നല്ല വേഷങ്ങളിലൂടെ പ്രശസ്ത്രിയിലേക്ക് ഉയരുകയായിരുന്നു. പതിയെ റാണിയെ മാദകനടിയാക്കി ചലച്ചിത്ര ലോകം അവതരിപ്പിച്ചു. അഭിനയത്തേക്കാൾ ശരീരപ്രദർശനം സംവിധായകർ ആവശ്യപ്പെട്ട് റാണിയെ ചൂഷണം ചെയ്തു. മേനി പ്രദർശനവും ബാലൻ കെ നായരോടൊപ്പമുള്ള ഒരു ബലാത്സംഗരംഗവും റാണിയുടെ ഇമേജിനെ തകിടം മറിച്ചു.

ഹിന്ദി സിനിമാലോകത്തേക്ക് പോയ റാണി വേണ്ടവിധം ശോഭിക്കാതെ തിരിച്ച് മദ്രാസിലേക്ക് തന്നെ വണ്ടി കയറി. മദ്രാസിലെത്തിയ റാണി വെസ്റ്റ് അണ്ണാനഗറിലെ പതിനെട്ടാം നമ്പർ അവന്യൂവിലെ ബംഗ്ലാവ് വാടകയ്‌ക്കെടുത്ത് താമസമാക്കിയതാണ് അവരുടെ ജീവൻ പോലും നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.

ബംഗ്ലാവിൽ താമസമാരംഭിച്ച റാണി പുതിയ വാച്ച്മാൻ, അടുക്കളക്കാരൻ, ഡ്രൈവർ എന്നിവരെ നിയമിച്ചു. ആദ്യം റാണിയുടെ വീട്ടിലേക്കു ജോലി തേടി ജെബരാജ് എന്നയാളാണ് എത്തിയത്. ജെബരാജ് ജോലിയിൽ പ്രവേശിച്ചു കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ വാച്ചറായി ലക്ഷ്മി നരസിംഹൻ എന്നയാളും അവിടെ ജോലിക്ക് വന്നു. കാർ മോഷണക്കേസിലുൾപ്പടെ ജയിൽ ശിക്ഷ അനുഭവിച്ച ക്രിമിനലാണ് ജെബരാജെന്നും ജെബരാജും നരസിംഹനും സുഹൃത്തുക്കളാണെന്നും താരവും അമ്മയും അറിഞ്ഞിരുന്നില്ല.

ഇവരെ കൂടാതെ ഗണേശൻ എന്ന പാചകക്കാരനും റാണിയുടെ ബംഗ്ലാവിൽ ജോലിക്കെത്തിയിരുന്നു. ഒരിക്കൽ റാണിയെ കടന്നുപിടിക്കാൻ ശ്രമിച്ച ജെബരാജിനെ റാണി തല്ലി പുറത്താക്കി. ജോലിയിൽ നിന്നും പിരിച്ചുവിട്ടതോടെ ജെബരാജ് റാണിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ ഈ ബംഗ്ലാവ് സ്വന്തമായി വിലകൊടുത്ത് വാങ്ങിക്കാനും റാണി പത്മിനി നീക്കം നടത്തി. അതിനായി പ്രസാദ് എന്ന ഇടനിലക്കാരനോട് റാണി സംസാരിക്കുകയും മൊത്തം വിലയും പണമായി തന്നെ കൈ മാറാമെന്ന് വാക്കു നൽകുകയും ചെയ്തു.

ഈ വിവരമറിഞ്ഞ ജെബരാജ് റാണിയുടെ വീട്ടിൽ കുറെയേറെ പണവും പൊന്നും ഉണ്ടായിരിക്കുമെന്ന് ഊഹിച്ചാണ് ക്രൂരകൃത്യം പ്ലാൻ ചെയ്തത്. അവസരം പാർത്തിരുന്ന ജെബരാജ് വാച്ച്മാനെയും പാചകക്കാരനെയും ഒപ്പം കൂട്ടി. 1986 ഒക്ടോബർ 15ന് ക്രൂരന്മാർ പ്ലാൻ ചെയ്ത ആ ദാരുണ ദിനമെത്തി. രാത്രിയിൽ റാണിയും അമ്മയും മദ്യപിക്കുന്നത് പതിവാണെന്ന് മനസിലാക്കിയ പ്രതികൾ തക്കം പാർത്തിരുന്നു. പതിവുപോലെ രാത്രിയിൽ നന്നായി മദ്യപിച്ച റാണി എന്തോ ആവശ്യത്തിന് അടുക്കളയിലേക്ക് പോയ സമയത്ത് അക്രമികൾ അമ്മ ഇന്ദിരയെ കഠാര കൊണ്ട് തുരുതുരെ കുത്തിവീഴ്ത്തി.

അമ്മയുടെ അലർച്ച കേട്ട് ഓടിയെത്തിയ റാണി കണ്ടത് കഴുത്തിലും വയറിലും കുത്തേറ്റ് ചോരയിൽ കുളിച്ചുകിടന്ന അമ്മയെയാണ്. അപകടം മനസ്സിലാക്കി മുകളിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച റാണിയെ അക്രമികൾ അമ്മയുടെ മുമ്പിലിട്ട് ക്രൂരമായി ബലാൽസംഗം ചെയ്തു. അതിനുശേഷം അവരെ കുത്തിക്കൊലപ്പെടുത്തുകയും 15 ലക്ഷത്തോളം വിലവരുന്ന ആഭരണങ്ങളും, 10,000 രൂപയും മൂന്നായി ഭാഗം വച്ച് സ്ഥലം വിടുകയും ചെയ്തു. ഇരുവരും കൊല്ലപ്പെട്ടതു പോലും പുറംലോകമറിഞ്ഞില്ല.

നേരത്തെ പറഞ്ഞുറപ്പിച്ച പോലെ വീട് വാങ്ങുന്ന കാര്യം സംസാരിക്കാൻ റാണി പത്മിനിയെ കാണാനായി ഒക്ടോബർ ഇരുപതാം തീയതി ബ്രോക്കർ പ്രസാദ് ബംഗ്ലാവിലെത്തിയപ്പോഴാണ് താരത്തിന്റെ ദാരുണമരണം ലോകമറിഞ്ഞത്. കോളിങ് ബെൽ അടിച്ചിട്ടും ആരും വാതിൽ തുറക്കാതെ വന്ന് സംശയിച്ചു നിൽക്കുമ്പോഴാണ് വീടിനകത്തു നിന്നും വല്ലാത്ത ഒരു ദുർഗന്ധം വമിക്കുന്നതായി പ്രസാദ് ശ്രദ്ധിച്ചത്. പിറകു വശത്തെ വാതിൽ ചെറുതായി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പ്രസാദ് അതിലൂടെ അകത്തു കയറിയതോടെ ദുർഗന്ധം രൂക്ഷമായി. മേലേയ്ക്ക് കയറുന്തോറും ഈച്ചകളുടെയും ശല്യം കൂടിക്കൂടി വന്നു.

തിരഞ്ഞുപോയ പ്രസാദ് ഒടുവിൽ എത്തിപ്പെട്ടത് ഒരു കുളിമുറിക്ക് മുന്നിലായിരുന്നു. ചീഞ്ഞളിഞ്ഞ നിലയിൽ കിടക്കുന്ന രണ്ട് ശവശരീരങ്ങൾ കണ്ട് പ്രസാദ് അലറി നിലവിളിച്ചു കൊണ്ട് ഇറങ്ങിയോടി. പ്രസാദ് വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി. ജഡങ്ങൾ അവിടെ നിന്നും ഒന്നനക്കിയാൽ പോലും കഷ്ണങ്ങളായി വേർപ്പെടാമെന്നിരിക്കെ പോസ്റ്റ്‌മോർട്ടം കുളിമുറിയിൽ വെച്ചുതന്നെയാണ് നടത്തിയത്.

റാണിയുടെ മരണമറിഞ്ഞ് അവിടെ എത്തിയവരിൽ സിനിമക്കാരായി നടന്മാരായ കൊച്ചിൻ ഹനീഫയും രാമുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് തക്ക സമയത്തിന് ആംബുലൻസ് എത്തി ചേരാത്തത് കാരണം ഒരു ടാക്‌സിയുടെ ഡിക്കിയിലാണ് ഇരുവരുടെയും ജഡങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവരുടെ ജഡങ്ങൾ സീറ്റിൽ വയ്ക്കാൻ പോലും ടാക്‌സിഡ്രൈവർ സമ്മതിച്ചില്ല. രണ്ട് പേരുടെയും ജഡങ്ങൾ ഏറ്റുവാങ്ങാൻ ആരും എത്തിയതുമില്ല. മോർച്ചറിയിൽ നിന്നും മൃതദേഹങ്ങൾ ചലച്ചിത്ര പരിഷത്ത് ഏറ്റുവാങ്ങി സംസ്‌കരിച്ചു. ഒട്ടേറെ പ്രിയപ്പെട്ട സിനിമകളെ ബാക്കിയാക്കി റാണി പത്മിനിയുടെ ജീവിതം ദുരന്തമായി പര്യവസാനിച്ചു.