ചൊവ്വാഴ്ച്ച മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 149 ആയി. മെക്സിക്കോ സിറ്റിക്കടുത്തും  മോറെലോസിലും ഏതാണ്ട് ഉച്ചയോടെയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.

തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 44 കെട്ടിടങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു.തകര്‍ന്നവയില്‍ ഭൂരിഭാഗവും പാര്‍പ്പിട സമുച്ചയങ്ങളാണ്. ഒരു സ്‌കൂളും ഫാക്ടറിയും സൂപ്പര്‍മാര്‍ക്കറ്റും തകര്‍ന്ന കെട്ടിടങ്ങളില്‍ ഉള്‍പ്പെടും.  വാതക ചോര്‍ച്ചയും വൈദ്യുതി ബന്ധം നിലച്ചതും സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കി. രക്ഷാ പ്രവര്‍ത്തനത്തെ വാതക ചോര്‍ച്ച തടസ്സപ്പെടുത്തുന്നുണ്ട്.ആഴ്ചകള്‍ക്ക് മുമ്പ് ഇവിടെയുണ്ടായ ഭൂചലനത്തില്‍ 90 ജീവനുകള്‍ പൊലിഞ്ഞിരുന്നു. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്.