തീവണ്ടിയില്‍ വെച്ച് തന്നെ ശല്യം ചെയ്ത യുവാവിനെ പൊലീസില്‍ ഏല്‍പ്പിച്ച സിനിമാ താരം സനുഷയ്ക്ക് പൊലീസ് ആസ്ഥാനത്ത് സ്വീകരണം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സനുഷയ്ക്ക് സ്വീകരണം നല്‍കിയത്. തന്നെ ശല്യം ചെയ്ത യുവാവിനെ പൊലീസില്‍ ഏല്‍പ്പിക്കാന്‍ ധൈര്യം കാണിച്ച സനുഷയെ ഡിജിപി ബെഹ്‌റ അഭിനന്ദിച്ചു.

ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവം. അതിക്രമം കാണിച്ച ആന്റോ ബോസ് എന്നയാളെ പൊലീസ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. എസി എവണ്‍ കോച്ചില്‍ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സനുഷയെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും സനുഷ പറഞ്ഞു. ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്.

വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിക്രമം നടന്ന സമയത്ത് സനുഷയെ സഹായിക്കാന്‍ രണ്ടു പേരൊഴികെ മറ്റാരും തയ്യാറാകാത്തത് ഞെട്ടിപ്പിച്ചുവെന്നും ഇത്തരം അവസ്ഥകള്‍ കേരളത്തിന് ചേര്‍ന്നതല്ലെന്നും സ്വീകരണ വേളയില്‍ ഡിജിപി ബെഹ്‌റ പറഞ്ഞു.