2016 തുടക്കം തന്നെ ശ്രദ്ധാ കപൂറിനെ തേടി മികച്ച ഒരു വേഷമാണ് എത്തിയിരിക്കുന്നത്. ഇന്ത്യന്‍ നോവലിസ്റ്റായ ചേതന്‍ ഭഗത് സിങിന്റെ ഹാഫ് ഗേള്‍ ഫ്രണ്ടാണ് ശ്രദ്ധാ കപൂറിന്റെ പുതിയ ചിത്രം. മോഹിത് സൂരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദിത്യ റോയ് യാണ് നായക വേഷം അവതരിപ്പിക്കുന്നത്. നേരത്തെ ദീപിക പദുക്കോണ്‍, കത്രീന കൈഫ് എന്നിവരെ ചിത്രത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇരുവരും ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ശ്രദ്ധയെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്.
ബീഹാര്‍, ന്യൂഡല്‍ഹി, ന്യൂയോര്‍ക്ക് എന്നിവടങ്ങളിലായി നടക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ മോഹിത് സൂരി പറയുന്നു. ആഷിക് 2, ഏക് വില്ലന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രദ്ധാ കപൂറും മോഹിത് സൂരിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചേതന്‍ ഭഗതിന്റെ ആറാമത്തെ നോവലാണ് ഹാഫ് ഗേള്‍ ഫ്രണ്ട്. ശ്രദ്ധിക്കപ്പെടാതെ പോകുന്ന അസാധാരണക്കാരുടെ കഥയാണ് നോവല്‍. മുമ്പും ചേതന്‍ ഭഗതിന്റെ നോവലിലൂടെ പിറന്ന എല്ലാ ചിത്രങ്ങളും വിജയമായിരുന്നു.