ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും നിത്യഹരിത നായികയും ലേഡി സൂപ്പര്‍ സ്റ്റാറുമായി അറിയപ്പെടുന്ന ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമാരണമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവച്ചെങ്കിലും ശ്രീദേവിയെ അടുത്ത് അറിയാവുന്നവര്‍ക്കും ആരാധകര്‍ക്കും ദൂരൂഹമരണത്തിലുള്ള സംശയങ്ങള്‍ അവശേഷിക്കുന്നു. ബാത്ത്ടബ്ബിലെ മുങ്ങിമരണവും മദ്യപിക്കുന്ന സ്വഭാവവുമില്ലാതിരുന്ന ശ്രീദേവിയുടെ രക്തത്തിലെ മദ്യത്തിന്റെ സാന്നിധ്യവുമെല്ലാം സംശയം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ശ്രീദേവിയെ അടുത്തറിയാവുന്ന പലരും സാക്ഷ്യപ്പെടുത്തുന്നത് നടിക്ക് മദ്യപിക്കുന്ന സ്വഭാവമില്ലായിരുന്നു എന്നാണ്. ഹൃദയാഘാതംമൂലം മരണമടഞ്ഞെന്ന ആദ്യ റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മദ്യപിച്ച് ബോധമില്ലാതെ ബാത്ത്ടബ്ബില്‍ മുങ്ങി മരിച്ചെന്ന കഥയെത്തുന്നത്.
ഇതിനിടയില്‍ ശ്രീദേവിയുടേത് കൊലപാതക മരണമാണെന്ന ആരോപണവുമായി പ്രമുഖ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി. ശ്രീദേവിയെ അടുത്തറിയാവുന്ന സുബ്രഹ്മണ്യന്‍ സ്വാമി ശ്രീദേവി ഒരിക്കലും വീര്യമുള്ള മദ്യം കഴിക്കുമായിരുന്നില്ലെന്നും പിന്നെ എങ്ങനെയാണ് അവരുടെ ശരീരത്തിനുള്ളില്‍ മദ്യം എത്തിയതെന്നും സംശയം പ്രകടിപ്പിച്ചു. സിസിടിവി ക്യാമറകള്‍ക്ക് എന്ത് സംഭവിച്ചെന്നും സ്വാമി ചോദിച്ചു. ഡോക്ടര്‍മാര്‍ വളരെ പെട്ടെന്ന് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ശ്രീദേവി ഹൃദയസ്തംഭനം മൂലം മരിച്ചെന്ന് പ്രഖ്യാപിച്ചത് സംശയാസ്പദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമാ നടിമാരും ദാവൂദ് ഇബ്രാഹിമും തമ്മില്‍ ബന്ധമുണ്ടെന്നും ഈ മരണത്തില്‍ അതിന്റെ സാധ്യതകളെക്കുറിച്ച് അന്വേഷിക്കണമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.
പ്രമുഖ വ്യവസായി അനില്‍ അംബാനിയുടെ സ്വകാര്യ വിമാനത്തില്‍ ഇന്നലെ രാവിലെ 9.30ന് മുംബൈയിലെത്തിച്ച ഭൗതിക ശരീരം മുംബൈ വിലെപേരല്‍ സേവ സമാജ് ശ്മശാനത്തില്‍ ഇന്ന് വൈകിട്ട് മൂന്നരയോടെ സംസ്‌കരക്കുന്നതോടു കൂടി ഇന്ത്യന്‍ സിനിമയില്‍ തങ്കലിപികളാല്‍ എഴുതി ചേര്‍ക്കപ്പെട്ട ഒരധ്യായം അവസാനിക്കുകയാണ്. ബാലതാരമായി ചലച്ചിത്രാഭിനയം ആരംഭിച്ച ശ്രീദേവി മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രാവിലെ 9.30 മുതല്‍ 12.30 വരെ അന്ധേരിിയിലെ വസതിക്ക് സമീപമുള്ള ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെയ്ക്കും. ശ്രീദേവിയുടെ വീട്ടിലും സമീപ പ്രദേശങ്ങളിലും വളരെ ശക്തമായ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയക്കാരും ചലച്ചിത്ര പ്രമുഖരും അടക്കം നിരവധി പേര്‍ ഇന്ന് ശ്രീദേവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തും. എന്തായാലും ജീവിതം മുഴുവന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചലച്ചിത്ര പ്രതിഭ മരണശേഷവും വാര്‍ത്തകളില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.
Leave a Reply