സുധീര്‍ മുഖശ്രീ
ചരിത്രാതീതകാലം മുതല്‍ തന്നെ മനുഷ്യമനസ്സിനെ ഒരുപാട് മഥിച്ചിട്ടുള്ള ഒന്നാണ് സാമാന്യബുദ്ധിയ്ക്കും അപ്പുറത്ത് പ്രതിഷ്ടിക്കപ്പെട്ടിട്ടുള്ള ദൈവവും സാത്താനും. അതുകൊണ്ടുതന്നെ സ്വപ്നം കാണുന്നവന്റെ കലയായ സിനിമയിലും ഇത് ഒരു പ്രമേയമായി വരുന്നത് തികച്ചും സ്വാഭാവികം. ജിനു വി. എബ്രഹാം ‘ആദം ജോണ്‍ ‘ലൂടെ അവതരിപ്പിക്കുന്നതും ആഭിചാര കര്‍മങ്ങളിലൂടെ സാത്താനെ പ്രീതിപ്പെടുത്തി സ്വന്തം വരുതിയിലാക്കാനുള്ള ഒരു നിഗൂഢ വിശ്വാസപ്രമാണത്തെ ചുറ്റിപ്പറ്റിയുള്ളതുതന്നെ. പക്ഷെ ഈ സിനിമയ്‌ക്കൊരു പ്രത്യേകതയുണ്ട്. ഒരു ‘ക്ളീഷേ’ ഒരിക്കലും ഇതില്‍ പ്രേക്ഷകന് ഫീല്‍ ചെയ്യുന്നില്ല. ഒരു നിഗൂഢതയുടെ രൂപവും ഭാവവും താളലയവും ചിത്രത്തിലുടനീളം പുതിയൊരനുഭവമായി തെളിയുകയും ചെയ്യുന്നു. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ ആര്‍ട്ടിസ്റ്റുകളെ തെരെഞ്ഞെടുക്കുന്നതിനോടോപ്പം കഥാസന്ദര്ഭങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലകാലത്തിലും രംഗസംജ്ജീകരണത്തിലും വേഷവിധാനങ്ങളിലും പശ്ചാത്തല സംഗീതത്തിലുമെല്ലാം അതീവ ശ്രദ്ധ പുലര്‍ത്തിയിരിക്കുന്നത്
ഇതിന്റെ ഒരു പ്രത്യേകതതന്നെയാണ്. ഒപ്പം, ഒരിക്കല്‍ പോലും ഒരു കണ്ണിപോലും അകലാത്ത താളാന്മകമായ എഡിറ്റിങ്ങും.
സത്യത്തിന്റെ നേര്‍ക്കാഴ്ചയാണ് ഫോട്ടോഗ്രഫി. പക്ഷെ സിനിമാട്ടോഗ്രഫിയില്‍ ഈ നേര്‍ക്കാഴ്ചയോടൊപ്പം മഴവില്ലിന്റെ ഏഴു നിറങ്ങള്‍കൂടി ചാലിച്ചെഴുതുമ്പോള്‍ അത് പ്രേക്ഷകമനസ്സിനെ മഴവില്ലഴകിനും അപ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകും. ഛായാഗ്രാഹകന്‍ ഒരു കലാകാരന്‍ കൂടിയാകുമ്പോളാണ് ഈ പ്രതിഭാസം സംഭവിക്കുക. അതിവിടെ സംഭവിച്ചിരിക്കുന്നു. അത്രയ്ക്ക് മനോഹരമാണ് ഇതിലെ ഓരോ ഫ്രെയിമും. ലൈറ്റിംഗിന്റെ വ്യാകരണം ശരിക്കും നമുക്ക് മനസ്സിലാക്കിത്തരുന്നു ഇതിന്റെ ഛായാഗ്രാഹകന്‍. ഓരോ സീനുകളുടെയും അര്‍ഥതലങ്ങളും മൂഡും അനുസരിച്ചാണ് ലൈറ്റിംഗ് നിശ്ചയിക്കുക. ഇതിനെയാണ് mood photography എന്ന് പറയുന്നത്. പ്രകാശത്തിന്റെ പ്രതിഫലനം, ഒഴുക്ക്, പ്രേക്ഷകന് തികച്ചും സ്വാഭാവികമായി അനുഭവപ്പെടണം. സന്തോഷവും സന്താപവും ഉദ്വോഗവും ഭീബത്സതയും ഒക്കെ കൃത്യമായ, വ്യത്യസ്തമായ ലൈറ്റിംഗിലൂടെയാണ് സിനിമാട്ടോഗ്രാഫര്‍ നമ്മുടെ മനസ്സില്‍ വിരിയിക്കുന്നത്.
ഈ വിരിയലില്‍ ക്യാമറയിലെ കവിതയുടെ താളം ആവോളം ആസ്വദിപ്പിച്ചു തരുന്നു ഇതിന്റെ ഛായാഗ്രാഹകന്‍ എന്ന് പറയാതിരിക്കാനാവില്ല. ഡെയ്സി (ലെന ) ശ്വേതയെ(ഭാവന) ആദ്യമായി ആഭിചാരക്രിയകളുടെ പ്രാര്‍ത്ഥനാലയത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന രംഗം ഒന്നു ശ്രദ്ധിക്കൂ. സംഭാഷണങ്ങളുടെ ഒരകമ്പടിയും ഇല്ലാതെ നിഗൂഢതകളുടെ എല്ലാ ഭയവിഹ്വലതകളും ഉദ്വേഗകാഴ്ചകളും അതിഗംഭീരമായി, മനോഹരമായി ഈ ഒരൊറ്റ സീനില്‍ ആവാഹിച്ചിരിക്കുന്നത് ആര്‍ക്കാണ് മറക്കാനാവുക? ലൈറ്റിംഗും രംഗപാടവവും പശ്ചാത്തല സംഗീതവും പരസ്പര പൂരകങ്ങളായി വര്‍ത്തിച്ചു സിനിമ ഒരു ദൃശ്യകലതന്നെ എന്ന ബോധത്തിന് അടിവരയിടുന്നു, ഇവിടെ. Really Great.
ഇതുപോലൊരു കഥയ്ക് ‘ഹാരി പോര്‍ട്ടറിന്റെ ജന്മനാടായ സ്‌കോട്ലാന്‍ഡ് തന്നെ തെരെഞ്ഞെടുത്തത് ആകസ്മികമെന്ന് ഞാന്‍ കരുതുന്നില്ല. ഒരുപാട് വീരകഥകളും മിത്തുകളും സൂര്യവെളിച്ചം കുറഞ്ഞ ഈ മണ്ണില്‍ തലചായ്ച്ചുറങ്ങുമ്പോള്‍ ഇതുതന്നെയാണ് ഇതിന്റെ കഥാതന്തുവിന് അനുയോജ്യം എന്ന സംവിധായകന്റെ തിരിച്ചറിവ് ഒട്ടും പാഴായിട്ടില്ല എന്നുതന്നെ പറയാം. പക്ഷെ ഈ കഥയ്ക്ക് Edinbouroughയെക്കാള്‍ അല്പംകൂടി potential ഉള്ള സ്ഥലമായിരുന്നില്ലേ തൊട്ടടുത്ത Glasgow യും പരിസരവും എന്നതും ഒരു ചോദ്യമായി അവശേഷിക്കുന്നു. ഒരുപക്ഷേ ലൊക്കേഷന്‍ മാനേജരുടെ പരിമിതികളാവാം കാരണം എന്ന് ഞാന്‍ സംശയിക്കുന്നു.
അതിസമര്‍ത്ഥമായി ഒന്നും ചെയ്യാതിരിക്കുന്ന ഒരാളാണ് ഏറ്റവും മികച്ച ‘സ്‌ക്രീന്‍ ആക്ടര്‍’.വിശ്വോത്തര സംവിധായകന്‍ ശ്രീ ഹിച് കോക്കിന്റെ വാക്കുകളാണിത്. സംവിധായകന്‍ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ കഥാപാത്രം ആവശ്യപ്പെടുന്ന സ്വഭാവവിശേഷങ്ങള്‍ ഉള്‍ക്കൊള്ളാനും അത് ഔചത്യപൂര്‍വം പ്രകടിപ്പിക്കാനുള്ള കഴിവും ഉള്ളവര്‍ക്കേ നല്ല സ്‌ക്രീന്‍ ആക്ടേഴ്‌സ് ആകാനാവൂ. ഈ സിനിമയില്‍ ഇത് തികച്ചും സാര്ഥകമായിരിക്കുന്നു എന്ന് പറയാന്‍ തെല്ലും സങ്കോചം വേണ്ട. പൃഥ്വിയും നരേനും രാഹുല്‍ മാധവും ഭാവനയും ലെനയും എമിയും എന്തിനേറെ പറയുന്നു, ഒന്നോ രണ്ടോ സീനുകളില്‍ മാത്രം വന്നുപോകുന്ന മണിയന്‍പിള്ള രാജുവും കെ പി എ സി ലളിതയും എല്ലാം തങ്ങളുടെ കഥാപാത്രങ്ങളുമായി തികച്ചും രൂപാന്തരം പ്രാപിച്ചവര്‍ തന്ന്നെയാണ്. അതിനര്‍ത്ഥം ഈ സിനിമ എല്ലാം തികഞ്ഞൊരു സൃഷ്ടിയാണെന്നല്ല. ഡെയ്സിയേയും പുരോഹിതനേയും ആസൂത്രിതമായി തന്റെ ഒളിസങ്കേതത്തില്‍ എത്തിക്കുന്നതില്‍ ഒരല്പം അസ്വഭാവികത തീര്‍ച്ചയായും നിഴലിക്കുന്നുണ്ട്. അതുപോലെതന്നെയാണ് കഥാവസാനം കഥാനായകന്‍ തന്റെ ദൗത്യം പതിവുരീതിയില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു ഒരു ‘ക്ളീഷേ ‘ യുടെ വക്കത്തെത്തിയതും. പക്ഷെ ലക്ഷണമൊത്ത
ആര്‍ട്ടിസ്റ്റുകളുടെ പകര്‍ന്നാട്ടത്തില്‍ ഇതൊക്കെ നിഷ്പ്രഭമായിപ്പോയി എന്നും എടുത്തുപറയേണ്ടിയിരിക്കുന്നു.
സിനിമയുടെ നട്ടെല്ല് തിരക്കഥയാണെന്ന് വിളിച്ചോതുന്നു ഈചിത്രം. ഒന്നിനോടൊന്നു ഇഴചേര്‍ന്നു കിടക്കുന്ന സംഭാഷണ ശകലങ്ങള്‍കൊണ്ടും ഉദ്വോഗ ജനകമായ സംഭവ വികാസങ്ങള്‍ കൊണ്ടും തികച്ചും സമ്പുഷ്ടമാണീച്ചിത്രം. മറ്റൊന്ന് ആഭിചാരക്രിയകളുടെ അതിപ്രസരം ലവലേശം ഇല്ലാതിരുന്നിട്ടുകൂടി പ്രേക്ഷകമനസ്സില്‍ ആവോളം ഉദ്വോഗം ജനിപ്പിക്കാന്‍ ചുരുങ്ങിയ സീനുകളില്‍ നിന്നുകൊണ്ടുതന്നെ സംവിധായകന് കഴിഞ്ഞു എന്നുള്ളത് പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു.
അവസാനമായി ഒരു വാല്‍ക്കഷ്ണം:
ഈ സിനിമ പ്രധാനമായും സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനും ചേര്‍ന്നുള്ള ഒരു സൃഷ്ടിയാണ്. ഇവരുടെ ഒരു കെമിസ്ട്രി ഈ സിനിമയ്ക്ക് നല്‍കുന്ന സംഭാവന ചെറുതല്ല. ഒപ്പം സിനിമയെ ഗൗരവതരമായി നെഞ്ചിലേറ്റുന്ന യുവ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് ഇതൊരു പഠനോപകരണംകൂടിയായി മാറുംഎന്ന് പറയാനും ഒരുപാടൊരുപാട് സന്തോഷമുണ്ട്.
Leave a Reply