ന്യൂഡല്‍ഹി: വായ്പയെടുത്ത വന്‍ തുക വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റിയ സംഭവത്തില്‍ അദാനി ഗ്രൂപ്പിനെതിരെ അഴിമതിയാരോപണം. ഓസ്‌ട്രേലിയയില്‍ കല്‍ക്കരി ഖനി സ്ഥാപിക്കുന്നതിനായാണ് അദാനി ഗ്രൂപ്പ് വായ്പയെടുത്തത്. ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനിയാണ് ഇവിടെ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഈ പണം നികുതി വെട്ടിക്കാനായി വിദേശ അക്കൗണ്ടിലേക്ക് മാറ്റിയതാണ് ആരോപണത്തിന് കാരണമായത്. 15 ബില്യന്‍ രൂപയാണ് ഈ വിധത്തില്‍ മാറ്റിയതെന്ന് ഇന്ത്യന്‍ കസ്റ്റംസ് ഇന്റലിജന്‍സ് രേഖകള്‍ പറയുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗത്ത് കൊറിയ, ദുബായ് എന്നീ രാജ്യങ്ങളിലൂടെ വിനോദ് ശാന്തിലാല്‍ അദാനിയുടെ ഉടമസ്ഥതയില്‍ മൗറീഷ്യസില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കരുതുന്ന കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പണം കടത്തിയതെന്ന് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനിയുടെ മൂത്ത സഹോദരനാണ് വിനോദ് അദാനി. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലുള്ള കാര്‍മിഖായേലില്‍ വന്‍ കല്‍ക്കരി ഖനിയും അതിനോട് ചേര്‍ന്നുള്ള തുറമുഖം വികസിപ്പിക്കുന്നതിനും റെയില്‍പ്പാത നിര്‍മിക്കുന്നതിനുമാണ അദാനി ഗ്രൂപ്പ് കരാര്‍ നേടിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ പദ്ധതി നടപ്പാക്കുന്ന നാല് കമ്പനികളില്‍ ഡയറക്ടറാണ് വിനോദ് അദാനി. ഖനി പദ്ധതി ഓസ്‌ട്രേലിയയില്‍ വന്‍ വിവാദമായി മാറിയിരുന്നു. ഇതുണ്ടാക്കുന്ന പാരിസ്ഥിതികാഘാതത്തിലുള്ള ആശങ്ക പങ്കുവെച്ചുകൊണ്ട് പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും നടന്നു വരികയാണ്. കല്‍ക്കരി തുറമുഖത്തിന്റെ വികസനത്തിനായി ഗ്രേറ്റ് ബാരിയര്‍ റീഫിനോട് ചേര്‍ന്നുള്ള പ്രദേശത്ത് 1.1ദശലക്ഷം ക്യുബിക് മീറ്റര്‍ പ്രദേശത്ത് മണ്ണെടുപ്പ് നടത്തേണ്ടി വരും. ഖനിയില്‍ നിന്നുള്ള മലിനീകരണവും വന്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിവരം.