ന്യൂസ് ഡെസ്ക് മലയാളം യുകെ

വെയിൽസിലെ ജനങ്ങൾക്ക് തിങ്കളാഴ്ച മുതൽ പൊതു പരിപാടികളിലും നൈറ്റ്ക്ലബുകളിലും പങ്കെടുക്കാൻ എൻഎച്ച്എസ് കോവിഡ് പാസ് നിർബന്ധമാക്കി. പതിനെട്ട് വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഇത് ബാധകമാണ്. കൂടാതെ കോവിഡിൻെറ പ്രതിരോധ കുത്തിത്തിവയ്പുകൾ പൂർണ്ണമായി എടുത്തവരോ അല്ലെങ്കിൽ ലാറ്ററൽ ഫ്ലോ ടെസ്റ്റിൽ നെഗറ്റീവ് ആയവരോ ആയിരിക്കണം. ഒക്ടോബർ 30 ന് ന്യൂസിലാൻഡിനെതിരായ വെയിൽസിന്റെ റഗ്ബി ഗെയിമായിരിക്കും കോവിഡ് പാസുകൾ ആവശ്യമുള്ള ആദ്യ പരിപാടികളിലൊന്ന്. ചില നൈറ്റ്ക്ലബ് ഉടമകൾക്ക് പുതിയ നടപടി തങ്ങളെ ഒറ്റപെടുത്തുന്നതായി തോന്നിയെങ്കിലും ഈ നടപടിക്ക് ജനങ്ങളിൽ ഭൂരിപക്ഷത്തിൽനിന്നും വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ഇത്തരത്തിലുള്ളൊരു നീക്കം വൈറസിൻെറ പകർച്ചയെ ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കുമെന്ന് വെൽഷ് വിദ്യാഭ്യാസ മന്ത്രി ജെറമി മൈൽസ് പറഞ്ഞു. വെയിൽസിലോ ഇംഗ്ലണ്ടിലോ പതിനാറു വയസ്സിനു മുകളിൽ പ്രായമുള്ള പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ളവർക്കും അല്ലെങ്കിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നെഗറ്റീവ് ലാറ്ററൽ ഫ്ലോ ടെസ്റ്റ് ഫലം ലഭിച്ചവർക്കും പാസ് ലഭിക്കും. നെഗറ്റീവ് ടെസ്റ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തുകയാണ്, എന്നാൽ വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾക്കെതിരെ നിയമവിരുദ്ധമായി നടപടി എടുക്കാനും വെൽഷ് സർക്കാർ പദ്ധതിയിടുന്നുണ്ട്.

എൻ‌എച്ച്എസിൻെറ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്താൽ എൻ‌എച്ച്എസ് കോവിഡ് പാസ് ഡിജിറ്റലായി ലഭ്യമാകും. ഇതിനായി നിങ്ങളുടെ ഐഡിയുടെ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യണം. ഇത് പാസ്പോർട്ടിലെയോ, യുകെ ഡ്രൈവിംഗ് ലൈസൻസിൻെറയോ പൂർണ്ണ യൂറോപ്യൻ ഡ്രൈവിംഗ് ലൈസൻസിൻെറയോ ആകാം. ഇതുവഴി സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ്പ് വഴി കോവിഡ് പാസ് നിങ്ങൾക്ക് ലഭിക്കും. എന്നാൽ ഈ സംവിധാനം ഇംഗ്ലണ്ടിൽ മാത്രമായിരിക്കും ഉണ്ടാവുക. ഇത്തരമൊരു പാസ് അവതരിപ്പിക്കുന്ന ആദ്യ രാഷ്ട്രങ്ങളിൽ ഒന്നല്ല വെയിൽസ്‌, ഫ്രാൻസിൽ പൂർണ്ണ പ്രതിരോധ കുത്തിവയ്‌പ്പെടുത്ത എല്ലാവരും ഓഗസ്റ്റ് മുതൽ “ഹെൽത്ത് പാസ്” ഉപയോഗിച്ചിരുന്നു.