ന്യൂസ് ഡെസ്ക്, മലയാളം യുകെ

അന്ധരോ ഭാഗികമായി കാഴ്ചയുള്ളവരോ ആയ വ്യക്തികൾക്ക് വീട്ടിലിരുന്ന് ബൊവെൽ ക്യാൻസർ സ്ക്രീനിംഗ് ചെയ്യാൻ സഹായിക്കുന്ന ഉപകരണം വികസിപ്പിച്ചെടുത്ത് എൻഎച്ച്എസ്. ബൊവെൽ ക്യാൻസർ സ്ക്രീനിംഗിനുള്ള സ്റ്റാൻഡേർഡ് സ്റ്റൂൾ സാമ്പിൾ ടെസ്റ്റ് പൂർത്തിയാക്കുമ്പോൾ കാഴ്ച വൈകല്യമുള്ള വ്യക്തികൾ നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കാനാണ് ഈ ഉപകരണത്തിലൂടെ എൻഎച്ച്എസ് ശ്രമിക്കുന്നത്.

അഡാപ്റ്റഡ് ഫിക്കൽ ഇമ്മ്യൂണോകെമിക്കൽ ടെസ്റ്റിൽ (ഫിറ്റ്) അന്ധരായവരെ സഹായിക്കാനുള്ള ബ്രെയിലി നിർദ്ദേശങ്ങളും ശേഖരിക്കുന്ന സാംപിളിനെ ഒരു കുപ്പിയിലേയ്ക്ക് നയിക്കാൻ സഹായിക്കുന്ന ചാനൽ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ വഴി അന്ധരും ഭാഗികമായി കാഴ്ച പരിമിതി നേരിടുന്നവരും ആയിട്ടുള്ളവർക്ക് ഈ ടെസ്റ്റ് കൂടുതൽ സ്വീകാര്യമാകുന്നു.

റോയൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലൈൻഡ് പീപ്പിൾ (ആർഎൻഐബി), തോമസ് പോക്ക്ലിംഗ്ടൺ ട്രസ്റ്റ് എന്നിവയുമായി ചേർന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് വികസിപ്പിച്ച ഈ ഉപകരണം ആറ് മാസത്തിനിടെ കാഴ്ച പരിമിതികൾ ഉള്ള 500 ഓളം ആളുകളിൽ പരീക്ഷിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡ് ഫിറ്റ് ടെസ്റ്റുകൾ ഇതിനകം എൻ എച്ച് എസ് ക്യാൻസർ സ്ക്രീനിംഗ് പ്രോഗ്രാമിൻ്റെ ഭാഗമാണ്. നിലവിൽ 60 നും 74 നും ഇടയിൽ പ്രായമുള്ള ആളുകൾക്ക് ഇവ നൽകുന്നുണ്ട്. യുകെയിലെ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ക്യാൻസർ തരങ്ങളിൽ ഒന്നാണ് ബൊവെൽ ക്യാൻസർ. ഓരോ വർഷവും ശരാശരി 42,000 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്