കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജി.എസ്.ടി അഡീഷണല്‍ കമ്മിഷണര്‍ മനീഷ് വിജയിയും കുടുംബവും ആരുമായും കാര്യമായി ബന്ധംപുലര്‍ത്തിയിരുന്നില്ലെന്ന് പ്രദേശവാസികള്‍. ഓഫീസിലും കാര്യമായ സൗഹൃദം പുലര്‍ത്താത്ത ഉദ്യോഗസ്ഥനായിരുന്നു ഇയാളെന്നും സഹപ്രവര്‍ത്തകരും വ്യക്തമാക്കുന്നു. ഝാര്‍ഖണ്ഡ് സ്വദേശിയാണ് മനീഷ് വിജയ്. മനീഷിനെയും സഹോദരിയേയും അമ്മയേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. മൂന്ന് മുറികളിലായിട്ടായിരുന്നു മൂന്ന് മൃതദേഹങ്ങളും.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി മനീഷ് അവധിയിലായിരുന്നു. സഹോദരിയുമായി ബന്ധപ്പെട്ട വിഷയത്തിന് നാട്ടില്‍പോകുന്നുവെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അവധി അവസാനിച്ചിട്ടും ഓഫീസിലെത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വ്യാഴാഴ്ച അന്വേഷിച്ചെത്തിയപ്പോഴാണ് ഇവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടത്. ഇതിനിടെ സമീപത്തെ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്കും പ്രദേശത്ത് നിന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പേ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. മൃഗങ്ങള്‍ വല്ലതും ചത്തുകിടക്കുന്നതായാണ് ആദ്യം കരുതിയിരുന്നതും. സഹപ്രവര്‍ത്തകരും മറ്റും എത്തിയതിന് പിന്നാലെ നാട്ടുകാരും മറ്റുള്ളവരുമെത്തി ജനലിലൂടെ നോക്കിയപ്പോഴാണ് രണ്ടുമുറികളിലായി തുങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.
മനീഷിന്റെ മൃതദേഹം വീടിന്റെ മുന്‍ഭാഗത്തെ മുറിയിലും സഹോദരി ശാലിനിയുടെ മൃതദേഹം പിന്‍ഭാഗത്തെ മുറിയിലുമാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. ജനലിലൂടെയാണ് മൃതദേഹങ്ങള്‍ കണ്ടത്. പിന്നീട് രാത്രി പോലീസ് ഫോറന്‍സിക് വിദഗ്ധരുടെ അടക്കം സാന്നിധ്യത്തില്‍ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് അമ്മയുടെ മൃതദേഹം കട്ടിലില്‍ കണ്ടെത്തിയത്.
ഒന്നര വര്‍ഷത്തോളമായി ഈ ക്വാര്‍ട്ടേഴ്‌സില്‍ മനീഷ് താമസം തുടങ്ങിയിട്ട്. മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് സഹോദരിയേയും ഇവിടെ താമസം തുടങ്ങിയിട്ടുള്ളൂവെന്നാണ് വിവരം.
Leave a Reply