കണ്ണൂര്‍: വനനിയമം ലംഘിച്ചു കൊണ്ട് ബാഹുബലിയുടെ രണ്ടാം ഭാഗം ചിത്രീകരിക്കാനുള്ള ശ്രമം തടയുമെന്ന് ആദിവാസി കോണ്‍ഗ്രസ്. കണ്ണൂര്‍ കണ്ണവംകോളയാട് വനമേഖലയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്നത്. എന്നാല്‍ ആദിവാസി ഊരുകളിലെ വികസനപദ്ധതികളെ എതിര്‍ക്കുന്ന വനംവകുപ്പ് പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തി കാട് ചിത്രീകരണത്തിനായി വിട്ടുനല്‍കിയിരിക്കുകയാണെന്ന് പ്രക്ഷോഭത്തിനൊരുങ്ങുന്നവര്‍ ആരോപിക്കുന്നു.
വിവിധ ആദിവാസി സംഘടകളെ ഏകോപിപ്പിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വമാണ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ആദിവാസി സംരക്ഷണ സമിതി, കുറിച്യ മുന്നേറ്റ സമിതി എന്നീ സംഘടനകളെ കൂടി ഏകോപിപ്പിച്ചുള്ള പ്രതിഷേധ പരിപാടികള്‍ക്കാണ് ആദിവാസി കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. ബാഹുബലി സിനിമയ്‌ക്കെതിരെയല്ല വനംവകുപ്പിന്റെ ഇരട്ടത്താപ്പിനെതിരെയാണ് പ്രതിഷേധമെന്നും ഇവര്‍ അറിയിക്കുന്നു. ബാഹുബലി രണ്ടാം ഭാഗത്തിന്റെ സുപ്രധാന രംഗങ്ങള്‍ കണ്ണൂര്‍ കണ്ണവം വനത്തിലെ പെരുവയില്‍ ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തിയത്.
ഷൂട്ടിംഗ് ലൊക്കേഷന്‍ ഉപരോധിക്കുന്നതടക്കമുളള പ്രതിഷേധങ്ങള്‍ക്കാണ് ആദിവാസി കോണ്‍ഗ്രസ് ഒരുങ്ങുന്നത്. കോളയാട് പഞ്ചായത്തിലെ ചെക്കേരി,പെരുവ,കൊളപ്പ തുടങ്ങിയ മേഖലകളിലെ ആദിവാസി കോളനികളുടെ അടിസ്ഥാന വികസനത്തിന് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപാ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
ഫണ്ട് ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ വനംവകുപ്പ് എതിര്‍പ്പ് ഉയര്‍ത്തിയതിനാല്‍ പദ്ധതികള്‍ മുടങ്ങിയെന്ന് ആദിവാസി വിഭാഗങ്ങള്‍ ആരോപിക്കുന്നു. റോഡ് നിര്‍മ്മാണം,ടാറിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികളാണ് വനംവകുപ്പിന്റെ എതിര്‍പ്പ് മൂലം തടസ്സപ്പെട്ടതെന്ന് ഇവര്‍ പരാതിപ്പെടുന്നു. എന്നാല്‍ വനം ഷൂട്ടിംഗിനായി വിട്ടു നല്‍കിയതില്‍ നിയമലംഘനം നടന്നിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.