കെറ്ററിംഗിൽ അന്തരിച്ച ബഹു. വിൽസൺ കൊറ്റത്തിൽ അച്ചന് ഗ്രേറ്റ് ബ്രിട്ടൺ രൂപത ഇന്ന് അന്തിമോപചാരം അർപ്പിക്കും

കെറ്ററിംഗിൽ അന്തരിച്ച ബഹു. വിൽസൺ കൊറ്റത്തിൽ അച്ചന്     ഗ്രേറ്റ് ബ്രിട്ടൺ രൂപത ഇന്ന് അന്തിമോപചാരം അർപ്പിക്കും
November 21 00:30 2019 Print This Article
ഫാ. ബിജു കുന്നയ്ക്കാട്ട്
കെറ്ററിംഗ്‌: നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ബഹു. വിൽസൺ കൊറ്റത്തിൽ അച്ചന് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ  രൂപതയും മലയാളി സമൂഹവും ഇന്ന്  വിട ചൊല്ലും. ഉച്ചകഴിഞ്ഞ് നാല് മുപ്പതിന് അദ്ദേഹം സേവനം ചെയ്തിരുന്ന സെൻ്റ്  എഡ്‌വേർഡ് ദൈവാലയത്തിൽ അദ്ദേഹത്തിൻറെ ഭൗതികശരീരം കൊണ്ടുവരും. തുടർന്ന് നടക്കുന്ന ദിവ്യബലിക്കും ഒപ്പീസ് പ്രാർത്ഥനയ്ക്കും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ശുശ്രുഷ ചെയ്യുന്ന ബഹു. വൈദികരും വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിശ്വാസിപ്രതിനിധികളും കേറ്ററിങിലുള്ളവരോടൊപ്പം തിരുക്കർമ്മങ്ങളിൽ പങ്കുചേരും. പള്ളിയുടെ വിലാസം: St. Edward’s Church, Kettering, NN1 57QQ.
അമ്പത്തൊന്നു വയസ്സായിരുന്ന ഫാ. വിൽസൺ,  നോർത്താംപ്ടൺ രൂപതയിലെ കെറ്ററിംഗ്‌ സെൻറ്‌ എഡ്വേർഡ് പള്ളിയിൽ സഹവികാരിയായും സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ സെൻറ്‌ ഫൗസ്റ്റീന മിഷൻ ഡയറക്ടർ ആയും സേവനം ചെയ്തുവരികയായിരുന്നു. ചങ്ങനാശ്ശേരി അതിരൂപതയിലെ അയർക്കുന്നം സ്വദേശിയായ അദ്ദേഹം ആറുമാനൂർ ഇടവകഅംഗവും MSFS സന്യാസസഭാഅംഗമായ അദ്ദേഹം ആകസ്മികമായാണ് ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടത്.
 ഏറ്റുമാനൂരടുത്തുള്ള ആറുമാനൂർ ഇടവകയിൽ കൊറ്റത്തിൽ കുടുംബത്തിൽ പതിനാറുമക്കളിൽ പതിമൂന്നാമനായാണ് 1968 ൽ വിൽസൺ അച്ചന്റെ ജനനം. 1985 ൽ ഏറ്റുമാനൂർ MSFS സെമിനാരിയിൽ വൈദികപഠനത്തിനു ചേർന്നു. 1997 ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പിന്നീട് കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. പൗരോഹിത്യ സ്വീകരണത്തിനുശേഷം വൈവിധ്യമാർന്ന വൈദികശുശ്രുഷകളിലൂടെ അദ്ദേഹം വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു. ചങ്ങനാശ്ശേരി സെൻറ്‌ ജോസഫ്‌സ് മീഡിയ വില്ലേജിൽ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് തലവൻ, ആലുവായിലുള്ള MSFS സെമിനാരി റെക്ടർ, ബാംഗ്ലൂർ MSFS കോളേജ് പ്രിൻസിപ്പാൾ തുടങ്ങിയവയായിരിന്നു പ്രധാന ശുശ്രുഷാരംഗങ്ങൾ.
ബാംഗ്ലൂർ MSFS കോളേജ് പ്രിൻസിപ്പാളായി സേവനം ചെയ്തുവരവെയാണ് യുകെയിൽ നോർത്താംപ്ടൺ രൂപതയിൽ ലത്തീൻ, സീറോ മലബാർ രൂപതകളിൽ അജപാലന ശുശ്രുഷയ്ക്കായി അദ്ദേഹം നിയമിതനായത്. കഴിഞ്ഞ മൂന്നു വർഷത്തിലധികമായി കേറ്ററിങിലുള്ള സെന്റ് എഡ്വേർഡ് ദേവാലയത്തിലും സെന്റ് ഫൗസ്റ്റീന സീറോ മലബാർ മിഷനിലും അദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു.
യുകെയിലുള്ള മലയാളികൾ ബഹു. വിൽസൺ അച്ചനോട് ഇന്ന് നടത്തുന്ന അന്തിമോപചാരത്തിനുശേഷം, നാളെ വെള്ളിയാഴ്ച രാവിലെ പത്തു  മണിക്ക് നോർത്താംപ്ടൺ ലത്തീൻ രൂപത അച്ചനുവേണ്ടി പ്രാർത്ഥനാശുശ്രുഷകൾ നടത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും. സാധിക്കുന്ന എല്ലാ സീറോ മലബാർ വി. കുർബാന കേന്ദ്രങ്ങളിൽ നിന്നും ബഹു. വിൽസൺ അച്ചന് അന്തിമോപചാരമർപ്പിക്കാൻ വിശ്വാസിപ്രതിനിധികൾ എത്തണമെന്ന് മാർ സ്രാമ്പിക്കൽ അഭ്യർത്ഥിച്ചു.
യുകെയിൽ നടക്കുന്ന പ്രാർത്ഥനാചടങ്ങുകൾക്കും അനുസ്മരണപ്രാര്ഥനകൾക്കും ശേഷം, അദ്ദേഹത്തിൻ്റെ ഭൗതികശരീരം സംസ്കാരത്തിനായി നാട്ടിലേക്കു കൊണ്ടുപോകും. ബഹു. വിൽസൺ അച്ചൻറെ പാവനാത്മാവിന് നിത്യശാന്തി നേരുകയും ദുഖാർത്ഥരായ അദ്ദേഹത്തിൻ്റെ കുടുബത്തോടും ഇടവകസമൂഹത്തോടും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്കുള്ള അനുശോചനവും  പ്രാർത്ഥനയും അറിയിക്കുകയും .ചെയ്യുന്നു.
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles