കോന്നി: നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി നിയോജക മണ്ഡലത്തിലെ ആറു വില്ലേജുകളിലായി മുന്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ പതിച്ചു നല്‍കിയത് വനഭൂമി. നിയമം മറികടന്ന് നല്‍കിയ 1843 പട്ടയങ്ങള്‍ തഹസില്‍ദാര്‍ റദ്ദാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പട്ടയം നല്‍കിയത് സുപ്രീം കോടതി വിധിയുടെ ലംഘനമാണന്ന് കണ്ടെത്തിയതോടെയാണിത്. ഇതു റിസര്‍വ് വനമായി നിലനില്‍ക്കുന്നതിനാല്‍ വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ നിയമതടസമുണ്ടെന്നു കാട്ടി കലക്‌ടര്‍ ആര്‍. ഗിരിജ ഉത്തരവിട്ടു. ഇതേത്തുടര്‍ന്നാണു കോന്നി തഹസീല്‍ദാര്‍ ടി. ജി.ഗോപകുമാര്‍ പട്ടയങ്ങള്‍ റദ്ദാക്കിയത്.
കൈവശക്കാര്‍ക്ക് പാട്ടത്തിനോ, വിപണി വില നല്‍കിയോ ഭൂമി സ്വന്തമാക്കാവുന്നതാണെന്ന് റവന്യു അധികൃതര്‍ അറിയിച്ചു.താലൂക്കിലെ ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, കോന്നിതാഴം, അരുവാപ്പുലം, കലഞ്ഞൂര്‍ വില്ലേജുകളിലായി തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു തിടുക്കത്തില്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്. കോന്നി നിയോജക മണ്ഡലത്തോട് കഴിഞ്ഞ തെരഞ്ഞെടുപ്പോടെ കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വോട്ടു ലക്ഷ്യമാക്കിയാണ് കുടിയേറ്റ കര്‍ഷകരുടെ മറവില്‍ ഒട്ടേറെ മതസ്‌ഥാപനങ്ങള്‍ക്ക് അടക്കം പട്ടയം നല്‍കിയതെന്ന ആക്ഷേപം നിലനില്‍ക്കേയാണ് റവന്യു വകുപ്പിന്റെ നടപടി.
ഇത് വനഭൂമിയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പതിച്ചു നല്‍കാന്‍ കഴിയില്ലന്നും കാട്ടി 2015 ഡിസംമ്പര്‍ രണ്ടിന് റാന്നി ഡി.എഫ്.ഒ: ബി. ജോസഫ് കോന്നി തഹസീല്‍ദാര്‍ക്ക് മറുപടി നല്‍കിയിരുന്നു. ഇത് കണക്കിലെടുക്കാതെ മന്ത്രിയുടെ താല്‍പ്പര്യപ്രകാരം റവന്യു വകുപ്പ് പട്ടയ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു.
2016 ജനുവരി 26 ന് മന്ത്രി അടൂര്‍ പ്രകാശ് പത്തനംതിട്ട ഗവ. ഗസ്‌റ്റ് ഹൗസില്‍ ജില്ലാ കലക്‌ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും കോന്നിയില്‍ ഭൂമി പതിവ് തഹസീല്‍ദാറുടെ ഓഫീസ് തുറക്കുകയും ചെയ്‌തു.ഈ ഓഫീസ് അപേക്ഷകരില്‍ 4126 കൈവശക്കാര്‍ക്കായി 4865 ഏക്കര്‍ ഭൂമി പട്ടയമായി നല്‍കാന്‍ തീരുമാനിച്ചു.ഇതില്‍ 1843 പേര്‍ക്ക് പട്ടയം അനുവദിച്ചെങ്കിലും 2016 ഫെബ്രുവരി 28ന് ചിറ്റാറില്‍ മന്ത്രി സംഘടിപ്പിച്ച മേളയില്‍ 40 പട്ടയം മാത്രമാണ് വിതരണം ചെയ്‌തത്. ബാക്കിയുള്ളവ വിതരണത്തിന് തയാറാക്കിയിരുന്നു.
ഭക്ഷ്യോത്‌പാദന മേഖലയില്‍ വീട് വച്ചു താമസിക്കുന്ന 4,126 കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനായി കഴിഞ്ഞവര്‍ഷം ഫെബ്രുവരി 27 ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. വനംവകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ എന്നിവയുമായി തര്‍ക്കങ്ങള്‍ നിലവിലില്ലെന്ന് ജില്ലാ കലക്‌ടര്‍ ഉറപ്പു വരുത്തണമെന്നും 1964 ലെ ഭൂമി പതിവ് ചട്ടപ്രകാരം അര്‍ഹരായവര്‍ക്ക് മാത്രം പട്ടയം നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.
Leave a Reply