അഡ്വ. പ്രകാശ് പി. തോമസ്

ന്യൂനപക്ഷ അവകാശങ്ങളില്‍ ക്രൈസ്തവ സമൂഹത്തിന് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന പ്രശ്‌നം വിവിധ സഭകളും ക്രൈസ്തവ സമൂഹങ്ങളും ശക്തമായി ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇക്കാര്യങ്ങള്‍ക്കായി കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് കാസര്‍കോഡു നിന്നും തിരുവനന്തപുരത്തേക്ക് 2021 ജനുവരിയില്‍ നടത്തിയ യാത്രയ്ക്ക് കേരളത്തിലെ എല്ലാ സഭകളില്‍ നിന്നും ലഭിച്ച സഹകരണം വലുതാണ്. അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ ബഹു. കേരളാ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളില്‍ 80 : 20 അനുപാതം റദ്ദ് ചെയ്ത് ഉത്തരവായത് ക്രൈസ്തവ സമൂഹത്തിന് അനല്പമായ ആശ്വാസമാണ് നല്കിയിരിക്കുന്നത്. സംസ്ഥാനത്ത് ന്യൂനപക്ഷവകുപ്പ് കൈകാര്യം ചെയ്തതില്‍ കാലാകാലങ്ങളായി വന്ന വലിയ പിഴവുകള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ഏതെങ്കിലും വിഭാഗത്തിന് ആനുകൂല്യം കിട്ടുന്നതിന് നമ്മള്‍ എതിരല്ല. സകലര്‍ക്കും നീതി ലഭിക്കണം എന്നാല്‍ നമ്മള്‍ക്ക് നീതിനിഷേധം ഉണ്ടാകാതിരിക്കുവാനാണ് ഈ സത്യങ്ങള്‍ സമൂഹത്തില്‍ തുറന്നുകാട്ടുന്നത്.

1. എന്താണ് ന്യൂനപക്ഷ അവകാശങ്ങള്‍?

ഒരു ബഹുസ്വരസമൂഹത്തില്‍ ന്യൂനപക്ഷത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നല്കിയിരിക്കുന്ന അവകാശങ്ങള്‍ ആണ് ന്യൂനപക്ഷ അവകാശങ്ങള്‍. ‘Minotiry rights are absolute rights’ എന്നാണ് ഭരണഘടനാ ശില്പി ആയ ഡോ. ബി.ആര്‍. അംബേദ്കര്‍ ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍ ഇതിനെക്കുറിച്ച് പ്രസ്താവിച്ചത്. ന്യൂനപക്ഷത്തില്‍ തന്നെ കൂടുതല്‍ കരുതല്‍ ലഭിക്കേണ്ടത് അതിലെ ന്യൂനപക്ഷത്തിനാണ്.

2. കേരള സംസ്ഥാനത്തില്‍ ക്രൈസ്തവ വിഭാഗത്തിന് നേരെയുണ്ടായ നീതി നിഷേധത്തിന്റെ ചരിത്രം എന്ത്?

സംസ്ഥാനം ഭരിച്ചവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ക്രൈസ്തവ ന്യൂനപക്ഷത്തെ നിരന്തരം അവഗണിച്ചു. സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി തെരുവിലിറങ്ങുന്ന രീതി ക്രൈസ്തവ സമൂഹത്തിനില്ല എന്നതും അങ്ങനെ വന്നാല്‍ കൂടുതല്‍ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി ആഗ്രഹിക്കുന്ന ഈ സമൂഹത്തിലെ ആരെയെങ്കിലുമൊക്കെ ഏതെങ്കിലും തരത്തില്‍ വിലയ്‌ക്കെടുത്ത് ക്രൈസ്തവ സമൂഹത്തിനുവേണ്ടി സംസാരിക്കുന്നത് വര്‍ഗ്ഗീയത ആണെന്ന് വരുത്തി തീര്‍ക്കാം എന്നതും ഇതിന് കാരണമാണ്. മുസ്ലീം സമൂഹത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി ഒരു മുസല്‍മാന്‍ സംസാരിച്ചാല്‍ അത് വര്‍ഗ്ഗീയത അല്ല എന്നും ക്രൈസ്തവ സമൂഹത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി ഒരു ക്രിസ്ത്യാനി സംസാരിച്ചാല്‍ അത് വര്‍ഗ്ഗീയത ആണ് എന്നും ചിന്തിക്കുന്ന ഇരട്ടത്താപ്പുകാര്‍ സമൂഹത്തിന് എന്നും ദോഷമായി പ്രവര്‍ത്തിക്കുന്നു. ചുവടെ ചേര്‍ക്കുന്നവയാണ് ക്രൈസ്തവ സമൂഹത്തിന് ഉണ്ടായ ചില അവഗണനകള്‍.

a. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ വിവേചനം (80 : 20)

കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് വഴി നടപ്പിലാക്കുന്ന വിവിധ സ്‌കോളര്‍ഷിപ്പുകളില്‍ 80 ശതമാനം മുസ്ലിം സമൂഹത്തിനും 20 ശതമാനം മറ്റ് എല്ലാ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കുമായും ആണ് നല്കി വരുന്നത്. ന്യൂനപക്ഷ സമൂഹത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്ന മത്സ പരീക്ഷാ കേന്ദ്രങ്ങളില്‍ ഈ വിവേചനം കൂടുതല്‍ പ്രകടമാണ്. അവിടെയുള്ള പ്രിന്‍സിപ്പല്‍മാര്‍, മറ്റ് സ്റ്റാഫ്, വിദ്യാര്‍ത്ഥികള്‍ ഇവ മിക്കവാറും എല്ലാം തന്നെ മൂസ്ലീം സമുദായത്തില്‍ നിന്നാണ്. 80 : 20 ആനൂപാതം മറ്റൊരു സംസ്ഥാനത്തും കേന്ദ്രത്തിലും നിലവിലില്ല എന്നത് ശ്രദ്ധേയമാണ്.

b. പ്രധാന്‍ മന്ത്രി ജന്‍ വികാസ് കാര്യക്രം സമിതികളിലെ പങ്കാളിത്തം

കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ മള്‍ട്ടി സെക്ടറല്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ നടത്തിപ്പിനായി ജില്ലകളില്‍ ഉള്ള പ്രധാനമന്ത്രി ജനവികാസ് കാര്യക്രം സമിതികളില്‍ പത്തനംതിട്ട ഒഴികെ യുള്ള ഓരോ ജില്ലയിലും 3 പേരെ വീതമാണ് നിയമിച്ചിരിക്കുന്നത്. അപ്രകാരം സംസ്ഥാനത്ത് ആകെയുള്ള 39 പേരില്‍ 7 പേര്‍ മാത്രമാണ് ക്രിസ്ത്യാനികള്‍ ഉള്ളത്. 30 പേര്‍ മുസ്ലീം സമൂഹ ത്തില്‍ നിന്നാണ്. മറ്റ് ഓരോരുത്തര്‍ സിക്ക്, ജൈന വിഭാഗങ്ങളില്‍ നിന്നാണ്. ന്യൂനപക്ഷവിഭാഗ ങ്ങളിലെ ജനസംഖ്യ ജില്ല തിരിച്ചെടുത്താല്‍ അതില്‍ ക്രിസ്ത്യാനികള്‍ 85 ശതമാനം ഉള്ള ഇടു ക്കിയിലും 71 ശതമാനം ഉള്ള എറണാകുളത്തും ഒരു ക്രിസ്ത്യാനിയെപ്പോലും ഈ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല എന്നത് നിയമനങ്ങളിലെ ബോധപൂര്‍വ്വമായ വിവേചനത്തിന്റെ തീവ്രത വര്‍ദ്ധി പ്പിക്കുന്നു.

c. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍

ന്യൂനപക്ഷ ക്ഷേമത്തിനായുള്ള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ആകയുള്ള 8 പേരില്‍ 2 അംഗങ്ങള്‍ മാത്രമാണ് ക്രസ്ത്യാനികള്‍ ഉള്ളത്. അതുകൊണ്ടുതന്നെ തീരുമാനങ്ങളും ധനവിനിയോഗവും തികച്ചും ഏകപക്ഷീയമാകുന്നു. പദ്ധതികളെക്കുറിച്ച് ക്രൈസ്തവ സമൂഹം പലപ്പോഴും അറിയാറില്ല. അറിയുമ്പോഴേക്കും അപേക്ഷിക്കുവാനുള്ള സമയം കഴിഞ്ഞിരിക്കും. മുസ്ലീം സമൂദായത്തിന് ഇതിനെക്കുറിച്ച് അറിയുവാന്‍ മഹല്‍ സോഫ്റ്റ് എന്ന സംവിധാനം ചെയ്തു കൊടുത്തിരിക്കുന്നു.

d. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തിന്റെ ഭേദഗതി

2014 ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തില്‍ ചെയര്‍മാന്‍ ഒരു ന്യൂനപക്ഷ വിഭാ ഗത്തില്‍ നിന്നാണെങ്കില്‍ രണ്ടാമത്തെ അംഗം മറ്റൊരു ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നാകണം എന്നായിരുന്നു വ്യവസ്ഥ. മൂന്നാമത്തെ അംഗം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു വനിത ആയി രിക്കണം. എന്നാല്‍ 2017 ല്‍ മന്ത്രി ജലീല്‍ ഈ നിയമത്തില്‍ ഭേദഗതി അവതരിപ്പിച്ചു. രണ്ടാമത്തെ അംഗം മറ്റൊരു ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ആയിരിക്കണം എന്നതിലെ ‘മറ്റൊരു’ മാറ്റി ‘ഒരു’ എന്നാക്കി. (‘another’ എന്നത് ‘a’ എന്നാക്കി മാറ്റി) അതിനുശേഷം ചെയര്‍മാനെയും രണ്ടാമത്തെ അംഗത്തെയും മുസ്ലീം സമുദായത്തില്‍ നിന്നും നിയമിച്ചു. മുന്‍പ് ഇതിലൊരാളെങ്കിലും ക്രിസ്ത്യാനി ആകുമായിരുന്നു. ഈ കൊടിയ ചതി ചെയ്തപ്പോള്‍ കേരള നിയമ സഭയില്‍ ഉണ്ടാ യിരുന്ന ഒരു അംഗം പോലും ഇതിനെതിരെ ശബ്ദമുയര്‍ത്തിയില്ല എന്നത് മനസ്സിലാക്കണം.

e. മദ്രസാ അധ്യാപക ക്ഷേമനിധി നിയമം, 2019

മന്ത്രി കെ.ടി. ജലീല്‍ അവതരിപ്പിച്ച് പാസ്സാക്കിയെടുത്ത ഈ നിയമ പ്രകാരം 50 രൂപാ വീതം മാസം അടച്ച് ഈ സ്‌ക്കീമില്‍ ചേരുന്ന ഏതൊരു മദ്രസ അധ്യാപകനും 7500 രൂപാ വരെ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. 20 നും 55 നും ഇടയില്‍ പ്രായമുള്ള ഏതൊരു മദ്രസാ അധ്യാപകനും ഈ സ്‌ക്കീമില്‍ ചേരാവുന്നതാണ്. ഇതു കൂടാതെ വിവാഹ സഹായം, വൈദ്യ സഹായം, പ്രസവാനുകൂല്യങ്ങള്‍, പലിശ രഹിത ഭവന വായ്പ, മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്, പെണ്‍ മക്കള്‍ക്ക് വിവാഹസഹായം, മരണാനന്തര ചടങ്ങുകള്‍ക്ക് സഹായം, കുടുംബ പെന്‍ഷന്‍ ഇവയുംലഭിക്കും. രണ്ടു ലക്ഷത്തില്‍ കൂടുതല്‍ മദ്രസാ അധ്യാപകര്‍ ഇന്ന് കേരളത്തില്‍ ഉണ്ട്. മതം പഠിപ്പിക്കുന്ന സാമ്പത്തികമായി പ്രയാസമുള്ള ഒരു സമൂഹത്തെ സഹായിക്കാനാണ് ഇപ്രകാരം ചെയ്യുന്നത് എന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. പ്രയാസമുള്ള ഒരു വിഭാഗത്തെ സഹായിക്കുന്നത് മനസ്സിലാക്കുന്നു. അത് നല്ലതാണ്. എന്നാല്‍ ജീവിതകാലം മുഴുവന്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയിട്ടും ഒരു രൂപാ പോലും പെന്‍ഷന്‍ ലഭിക്കാത്ത വൈദികര്‍ കെ.സി.സി. അംഗസഭകളില്‍ ഉണ്ട്. പൂര്‍ണ്ണ സമയ സുവിശേഷ പ്രവര്‍ത്തനം നടത്തുന്ന സുവിശേഷകരില്‍ വളരെയധികം ആളുകള്‍ കുടുംബം പുലര്‍ത്തുവാന്‍ പ്രയാസപ്പെടുന്നു. ഇവര്‍ക്കും മദ്രസാ അധ്യാപകരുടേതുപോലെ ഒരു ക്രമീകരണം ചെയ്യുക സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. കഴിഞ്ഞ രണ്ടുമാസമായി ഒരു രൂപ പോലും ശമ്പളം ലഭിക്കാത്ത ക്രിസ്ത്യന്‍ പുരോഹിതരുണ്ട്. സുവിശേഷകരുടെ കാര്യം ഇതിലും കഷ്ടമാണ്. മദ്രസാ അധ്യാപകര്‍ക്ക് രണ്ടായിരം രൂപാ വീതം കോവിഡ് ധനസഹായം നല്കും എന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം കേട്ടപ്പോള്‍ മറ്റു മതങ്ങളിലെ പുരോഹിത രുടെയും മതം പഠിപ്പിക്കുന്നവരുടെയും കാര്യത്തില്‍ സര്‍ക്കാരിന് കരുതലില്ലേ എന്ന ചോദ്യം ഉയരുന്നു. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന പൂജാരിമാരുടെ കാര്യവും ഉത്തരുണത്തില്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു.

ഈ സത്യങ്ങള്‍ പുറത്തുവരുമ്പോള്‍ അതിനു മറയിടുന്നതിനായി ചില മറു ചോദ്യങ്ങളുമായി വരുന്നവരുണ്ട്. ആ ചോദ്യങ്ങള്‍ നാം ശ്രദ്ധിക്കണം.

a. ക്രൈസ്തവ വിഭാഗത്തിന് നിരവധി സ്‌ക്കൂളുകളും കോളേജുകളും ആശുപത്രികളും ഉണ്ടല്ലോ. അവയില്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ശമ്പളം സര്‍ക്കാര്‍ അല്ലെ കൊടുക്കുന്നത്. ഇപ്രകാരമുുള്ള സമൂഹത്തിന് പിന്നെ എന്തിനാണ് ആനുകൂല്യം?

ക്രൈസ്തവ വിഭാഗത്തിന്റെ സ്ഥാപനങ്ങള്‍ ആ കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കിയ ദീര്‍ഘ വീക്ഷണമുള്ള നമ്മുടെ മുന്‍ഗാമികള്‍ തുടങ്ങിയതാണ്. അത് ക്രൈസ്തവ സമൂഹത്തിന്റെ മതം പഠിപ്പിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ അല്ലായിരുന്നു. പൊതു സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി ആയിരുന്നു ആ സ്ഥാപനങ്ങള്‍ തുടങ്ങിയത്. മത പഠനം പോലെ തന്നെ ശാസ്ത്ര പഠനവും മറ്റും സമൂഹ വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന് മനസ്ലിലാക്കിയ ആ മഹത് വ്യക്തികള്‍ പ്രയാസം സഹിച്ച് സമൂഹ നന്മയ്ക്കുവേണ്ടിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് രൂപം നല്കിയത്. കേരള നവോത്ഥാനത്തില്‍ ഈ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. എയ്ഡഡ് സ്ഥാപനങ്ങള്‍ ആകും എന്നു കരുതി തുടങ്ങിയവയും അല്ല ഇവ. തുടക്കം മുതല്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ ആയവയുടെ ലിസ്റ്റ് എടുത്താല്‍ ഏതു സമൂഹത്തിന് ആണ് അപ്രകാരമുള്ള സ്ഥാപനങ്ങള്‍ കൂടുതല്‍ ലഭിച്ചത് എന്ന് മനസ്സിലാകും. കൂടാതെ കേരളം മുഴുവന്‍ യാത്ര ചെയ്താല്‍ ഗവണ്‍മെന്റ് ക്രിസ്ത്യന്‍ സ്‌കൂള്‍ എന്നൊരു ബോര്‍ഡ് കാണാന്‍ കഴിയില്ല എന്നതും നാം അറിയണം. അതിനാല്‍ മുകളില്‍ പറഞ്ഞിരിക്കുന്ന ചോദ്യം അപ്രസക്തമാണ്.

b. ക്രിസ്ത്യാനികള്‍ക്ക് മുന്നോക്ക സംവരണം ലഭിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടോ ?

എന്നാണ് മുന്നോക്ക സംവരണം ഉണ്ടായത് ? അങ്ങനെ ആയാല്‍ കാലാകാലങ്ങളായി പിന്നോക്ക സംവരണം കൈപ്പറ്റുന്ന മുസ്ലീം സമുദായത്തിന് പിന്നെ ന്യൂനപക്ഷ ആനുകൂല്യത്തിന് അര്‍ഹതയുണ്ടോ ?

ഇവിടെയാണ് ആദ്യം ഉദ്ധരിച്ച ഡോ. ബി. ആര്‍ അംബേദ്കറുടെ വാക്കുകളുടെ പ്രസക്തി. ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ലഭിക്കുവാന്‍ എണ്ണത്തില്‍ ന്യൂനപക്ഷമായിരിക്കുക എന്ന ഒരു കാര്യം മാത്രമാണ് ബാധകം.

ഇവിടെ മറ്റൊരു മറുചോദ്യം ഉയരുന്നുണ്ട്. നിയമനങ്ങളിലും മറ്റും 12 ശതമാനം പിന്നോക്ക സംവ രണം എപ്രകാരമാണ് മുസ്ലീം സമുദായത്തിന് ലഭിക്കുന്നത്. ജാതിയുടെ പേരില്‍ കാലാകാലങ്ങ ളായി അവഗണന അനുഭവിച്ച സമൂഹത്തിനാണ് അത് ലഭിക്കുന്നത്. ഹിന്ദു സമൂഹത്തിലാണ് അപ്രകാരം വിവേചനം ഉണ്ടായിരുന്നത്. കേരളത്തിലെ ക്രൈസ്തവ – മുസ്ലീം സമൂഹങ്ങള്‍ ആരു ടെയും അടിമകളും വിവേചനം അനുഭവിച്ചവരും അല്ല. അതിനാല്‍ ഇരു സമൂഹങ്ങളും മുന്നോക്കമാണ് എന്നു കരുതണം. പിന്നോക്ക സമുദായങ്ങളില്‍ നിന്നും മതം മാറിയവര്‍ ക്രിസ്ത്യന്‍ – മുസ്ലീം സമൂഹങ്ങളില്‍ ഒരുപോലെയുണ്ട്. അതിനാല്‍ പിന്നോക്ക സംവരണം മുസ്ലീം സമൂഹത്തിന് ലഭ്യമാകുന്നത് ശരിയാണോ എന്ന് ചിന്തിക്കേണ്ടതായി വരും. ഇന്ത്യയില്‍ മറ്റേതെങ്കിലും സംസ്ഥാനങ്ങളില്‍ ഇപ്രകാരമുള്ള സംവരണം മുസ്ലീം സമൂഹത്തിന് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിച്ചാല്‍ ഈ ചോദ്യത്തിന്റെ പ്രസക്തി വര്‍ദ്ധിക്കും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മുസ്ലീം – ക്രിസ്ത്യന്‍ സമൂഹങ്ങളേക്കാള്‍ കേരളത്തിലെ മുസ്ലീം – ക്രിസ്ത്യന്‍ സമൂഹങ്ങള്‍ സാമ്പത്തിക – രാഷ്ട്രീയ രംഗങ്ങളില്‍ മുന്‍പിലാണ.

c. ക്രിസ്ത്യാനികളില്‍ ലാറ്റിന്‍, ദളിത് ക്രൈസ്തവ വിഭാഗങ്ങള്‍ മാത്രമാണ് പിന്നോക്കാവസ്ഥയില്‍ ഉള്ളത്. അവര്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്കിയാല്‍ മതിയല്ലോ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലാറ്റിന്‍, ദളിത് ക്രൈസ്തവ വിഭാഗങ്ങള്‍ മറ്റ് ക്രൈസ്തവ വിഭാഗങ്ങളേക്കാള്‍ പിന്നിലാണ് എന്നത് പൂര്‍ണ്ണമായും ശരിയാണ്. അതിനാല്‍ അവര്‍ക്ക് ആനുകൂല്യങ്ങളില്‍ മുന്‍ഗണത നല്‍കണം. സുറിയാനി എന്ന് വിളിക്കുന്ന സമൂഹങ്ങളിലും വലിയ പങ്ക് ആളുകള്‍ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും വിശ്വാസം മാറി വന്നവരാണ്. ഈ വിഭാഗങ്ങളിലെല്ലാം ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുവാന്‍ കഷ്ടപ്പെടുന്ന അനേകം കുടുംബങ്ങള്‍ ഉണ്ട്. അതിനാല്‍ അവരുടെ പ്രയാസങ്ങളും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിഹരിക്കപ്പെടണം.

ഈ പ്രശ്‌നം മുസ്ലീം സമൂഹത്തിലും ഉണ്ട്. എന്തു പറഞ്ഞാലും കേരള സമൂഹത്തിന്റെ വായില്‍ വരുന്ന സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ 193-ാം പേജ് ഈ സത്യം വെളിവാക്കുന്നു. കേരളത്തിലെ മുസ്ലീം സമൂഹത്തില്‍ അഞ്ച് വിഭാഗങ്ങള്‍ ഉണ്ട്. – തങ്ങള്‍, അറബി, മലബാറി, പുസാല, ഒസ്സാന്‍. (Thangals, Arabis, Malabaris, Pusalars and Ossans) ഇതില്‍ തങ്ങള്‍, അറബി, മല ബാറി എന്നിവര്‍ ഉന്നതശ്രേണിയില്‍ ഉള്‍പ്പെട്ടവരും പ്രവാചകന്റെയും അറബികളുടെയും പാരമ്പര്യം ഉള്‍ക്കൊള്ളുന്നവരും ആണ്. പുസാല വിഭാഗം മുക്കുവന്‍മാരില്‍ നിന്നും ഒസ്സാന്‍ വിഭാഗം ബാര്‍ബറില്‍ നിന്നും മതം മാറി വന്നതിനാല്‍ അവര്‍ താഴ്ന്ന വിഭാഗമായി കണക്കാ ക്കപ്പെടുന്നു എന്നും സച്ചാര്‍ കമ്മറ്റി വ്യക്തമായി പറയുന്നു. അതിനാല്‍ മുസ്ലീം സമൂദായത്തിലെ എല്ലാവരെയും ഒരുപോലെ ആനുകൂല്യങ്ങള്‍ക്കായി പരിഗണിക്കുന്നത് ശരിയാകുമോ എന്ന് ചിന്തിക്കണം. സച്ചാര്‍ കമ്മറ്റിയുടെ പേരു പറയുമ്പോള്‍ ഈ ഭാഗം മാത്രം വായിക്കാതെ പോകുന്നത് ശരിയാകില്ല.

d. ക്രിസ്ത്യാനിയുടെ പിന്നോക്കാവസ്ഥ പഠിക്കുവാന്‍ ഒരു ക്രമീകരണവും ഇതുവരെ നടന്നിട്ടില്ല. പിന്നെ എങ്ങനെ ക്രിസ്ത്യാനിക്ക് പിന്നോക്കാവസ്ഥ ഉണ്ടെന്ന് പറയും.

ഇതിനൊരു മറുചോദ്യമാണ് ആദ്യം ഉള്ളത്. പഠനം നടത്താതെ ക്രിസ്ത്യാനി മുന്നോക്കം ആണെന്ന്എങ്ങനെ പറയും. എന്നാല്‍ പഠനം നടന്നിട്ടുണ്ട്. എന്നാല്‍ അവ അനുസരിച്ച് നടപടിയെടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ല എന്നതാണ്‌സത്യം.

27.06.2019 ല്‍ 92 -ാം നമ്പര്‍ ചോദ്യമായി ശ്രീ. പ്രസൂണ്‍ ബാനര്‍ജി ചോദിച്ച ചോദ്യത്തിന് മറുപടിയായി Periodic Labour Force Survey (PLFS) അനുസരിച്ച് നല്കിയ മതാടിസ്ഥാനത്തിലുള്ള തൊഴിലില്ലായ്മയുടെ ലിസ്റ്റ് ചുവടെ ചേര്‍ക്കുന്നു.

മതവിഭാഗത്തിന്റെ പേര്, പുരുഷൻ, സ്ത്രീ എന്നീ ക്രമത്തിൽ ആണിത് നൽകിയിരിക്കുന്നത്.

ഗ്രാമ പ്രദേശം

ഹിന്ദു – 5.7 – 3.5
മുസ്ലിം – 6.7 – 5.7
ക്രിസ്ത്യൻ – 6.9 – 8.8
സിഖ് – 6.4 – 5.7

നഗരപ്രദേശം

ഹിന്ദു – 6.9 – 10
ഇസ്ലാം – 7.5 – 14.5
ക്രിസ്ത്യൻ – 8.9 – 15.6
സിഖ് – 7.2 – 16.9

ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ ഇതില്‍ നിന്നും വ്യക്തമാണ്. ഇതിനെ എതിര്‍ക്കാനായി ചിലര്‍ പറയും ക്രൈസ്തവരുടെ അവസ്ഥ മറ്റു സംസ്ഥാനങ്ങളിലേതിനേക്കാള്‍ കേരളത്തില്‍ വളരെ മുന്‍പിലാണെന്ന്. എല്ലാ സമൂഹങ്ങളുടെ കാര്യത്തിലും കേരളത്തിലെ അവസ്ഥ മറ്റ് സംസ്ഥാനങ്ങളില്‍ അതത് മതത്തിലുള്ളവരുടേതിനേക്കാള്‍ മെച്ചമാണെന്ന് മനസ്സിലാക്കണം.

കേരളത്തിലെ ന്യൂനപക്ഷ വിഭാഗമായ ക്രിസ്തു മതത്തില്‍ ഉള്‍പ്പെട്ട സി.എസ്. ഐ, പെന്തക്കോസ്ത് വിഭാഗങ്ങളിലുമുള്ളരുടെ പ്രശ്‌നങ്ങളെക്കുറിച്ച് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുവേണ്ടി പഠനം നടത്തിയ കേരള സര്‍വകലാശാലയുടെ സോഷ്യോളജി വിഭാഗത്തിന്റെ ഹെഡ് ആയ ഡോ. ശോഭ ബി. നായരുടെ പഠനം കേരള ക്രൈസ്തവരുടെ പൊതുവായ ദുരവസ്ഥയും വെളിവാക്കുന്നുണ്ട്. ക്രിസ്തുമതത്തിലേക്ക് വന്നവരില്‍ ബഹുഭൂരിപക്ഷവും താഴ്ന്ന ജാതിയില്‍ നിന്നും ആയിരുന്നു എന്ന സത്യം ഈ പഠനം വെളിവാക്കുന്നു. വലിയ വിഭാഗവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്. ഈ റിപ്പോര്‍ട്ടുകള്‍ ഒന്നും ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കുന്നില്ല എന്നത് ദു:ഖകരമാണ്. അതിനാല്‍ പഠനം നടക്കാഞ്ഞിട്ടല്ല, ഈ സമൂഹത്തെ സഹായി ക്കുവാന്‍ മനസ്സില്ലാത്തതാണ് ഇന്നത്തെ അവസ്ഥക്ക് കാരണം.

e. സച്ചാര്‍ കമ്മറ്റി യുടെയും പാലോളി കമ്മറ്റിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂസ്ലീം സമൂഹത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ 20 ശതമാനം മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്നത് ഔദാര്യമായി കരുതിയാല്‍ മതി. ജനസംഖ്യാനുപാതികമായി അവകാശപ്പെടുന്നതില്‍ കാര്യ മില്ല.

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമം 1992 ല്‍ ആണ് നിലവില്‍ വന്നത്. അതിന്റെ വകുപ്പ് 20 അനുസരിച്ച് ന്യൂനപക്ഷം എന്നത് കേന്ദ്രഗവണ്‍മെന്റ് പറഞ്ഞിരിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങള്‍ ആണ്. ഈ നിയമത്തിന്റെ വകുപ്പ് 9 അനുസരിച്ച് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് പ്രത്യേക പ്രാധാന്യം ലഭിക്കാതെ എല്ലാവരെയും തുല്യമായി കാണണം എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീ ഷനും വകുപ്പും എല്ലാം. അതിനാല്‍ തുല്യ പ്രാതിനിധ്യം ആരുടെയും ഔദാര്യമല്ല, എല്ലാവരു ടെയും അവകാശമാണ്.

f. ഹിന്ദു ഫാസിസ്റ്റ് ശക്തികള്‍ പിടിമുറുക്കുന്ന ഈ കാലത്ത് ന്യൂനപക്ഷങ്ങള്‍ അതിനെതിരായി ഒന്നിച്ചു നില്ക്കണം. അതിനാല്‍ ഇപ്രകാരമുള്ള കാര്യങ്ങള്‍ പറഞ്ഞ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നത് വര്‍ഗ്ഗീയതയാണ്.

ഹിന്ദു, ന്യൂനപക്ഷം എന്നൊക്കെ പറഞ്ഞ് വേര്‍തിരിവ് ഉണ്ടാക്കുന്നത് തന്നെയാണ് യഥാര്‍ത്ഥ വര്‍ഗ്ഗീയത. അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അത് തുറന്നു പറയുന്നതിനെ നിരുല്‍സാഹപ്പെടുത്തുന്നതാണ് ഏറ്റവും വലിയ തെറ്റ്. ന്യൂനപക്ഷങ്ങളില്‍ത്തന്നെ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തെ സംരക്ഷിക്കുന്നതിനു പകരം നീതി നിഷേധിക്കുന്നത് ശരിയല്ല. ഹിന്ദുവോ, ക്രിസ്ത്യാനിയോ, മുസ്ലീമോ എന്നതല്ല പ്രശനം. ആരു ഭരിച്ചാലും എല്ലാവര്‍ക്കും അര്‍ഹമായ നീതി നടപ്പിലാക്കണം. സകല ജനത്തിനും ഉണ്ടാകുന്ന മഹാസന്തോഷമൈണ് ക്രൈസ്തവ ദര്‍ശനം.

കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനങ്ങളെക്കുറിച്ചൊക്കെ ചിലര്‍ ചാനലില്‍ വന്നിരുന്ന് പറയുന്നത് കേട്ടു. പരിഷത്തിന്റെ ഒരു പദ്യ ശകലം തന്നെ ഉദ്ധരിച്ചു നിര്‍ത്തട്ടെ.

‘ടെറസും വീടും കാറും ഫ്രിഡ്ജും
പണമുള്ളവനു ലഭിച്ചാല്‍ നാട്ടില്‍
വികസനമായെന്നോര്‍ത്തുനടക്കണ
വിവരം കെട്ടോനെ
നാടിന്നപകടമാണീ ചിന്താഗതി
അതു മനസ്സിലിരുന്നോട്ടെ’

ക്രിസ്തീയ സമൂഹത്തില്‍ ഏതോ ചിലര്‍ക്ക് ഉന്നതി ഉണ്ടെന്നു കരുതി ഈ സമൂഹം ഉന്നതിയിലായെന്നും ഇനിയൊന്നിന്റെയും ആവശ്യമില്ല എന്നും കരുതുന്നവരോട് എനിക്കും മുകളിലെ ആശയമേ പറയുവാനുള്ളൂ. ഇപ്രകാരം ഉന്നതിയുള്ളവര്‍ മറ്റ് പല സമൂഹങ്ങളിലും ഉണ്ട് എന്ന യാഥാര്‍ത്ഥ്യവും മറക്കരുത്.

അതിനാല്‍ ഇന്ത്യന്‍ പൗരനെന്ന നിലയിലുള്ള അവസര-ആനുകൂല്യ സമത്വവും ന്യുനപക്ഷ സമൂഹത്തില്‍ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്ന സമൂഹമെന്ന നിലയില്‍ കൂടുതല്‍ കരുതലും ഈ സമൂഹത്തിന്റെ അവകാശമാണ്. അതിന്റെ നിഷേധം ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല.

 

അഡ്വ. പ്രകാശ് പി. തോമസ് 

ജനറല്‍ സെക്രട്ടറി കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്