ന്യൂസ് ഡെസ്ക് , മലയാളം യുകെ

യു കെ :- എൻഎച്ച്എസ് നേഴ്സും രണ്ടു വയസ്സുകാരി മകളും മരണപ്പെട്ടത് ജോലിസ്ഥലത്തു നിന്നും എടുത്ത മരുന്ന് ഉപയോഗിച്ചെന്ന് പ്രാഥമിക നിഗമനം. ഡിസംബർ 14നാണ് ശിവാംഗിയെയും, രണ്ടു വയസ്സുകാരി മകൾ സിയാനയെയും വെസ്റ്റ് ലണ്ടനിലെ വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരുന്ന് കുത്തി വയ്ക്കുവാൻ ഉപയോഗിച്ച സിറിഞ്ചും, കാനുലകളും മറ്റും ശിവംഗിയുടെ മുറിയിൽ നിന്നു തന്നെ കണ്ടെത്തിയിട്ടുണ്ട്. വെസ്റ്റ് ലണ്ടനിലെ കോടതിയിൽ നടന്ന പ്രാഥമിക വിചാരണയിൽ, മരുന്ന് കുത്തിവെച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് അഡ്വക്കേറ്റ് ലിഡിയ ബ്രൗൺ രേഖപ്പെടുത്തി.

എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നാൽ മാത്രമേ യഥാർത്ഥ മരണകാരണം എന്താണെന്ന് ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ എന്ന് അവർ വ്യക്തമാക്കി. അന്വേഷണങ്ങൾ പോലീസിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ടെങ്കിലും, മറ്റാരും തന്നെ ഉൾപ്പെട്ടിട്ടില്ല എന്നതാണ് പ്രാഥമിക കണ്ടെത്തൽ. എൻ എച്ച് എസിന്റെ കീഴിലുള്ള യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഹോസ്‌പിറ്റലിൽ അനസ്തറ്റിസ്റ്റിന്റെ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു ശിവാംഗി. ശിവാംഗിയുടെ മരണത്തിൽ ആശുപത്രി അധികൃതർ തങ്ങളുടെ ദുഃഖം രേഖപ്പെടുത്തി. ഇരുവർക്കും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ആരും ഇതുവരെ അധികൃതരെ അറിയിച്ചിട്ടില്ല. സംഭവത്തിൽ വ്യക്തമായ അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്ന് നടന്നുകൊണ്ടിരിക്കുകയാണ്.