നടന്‍ ദിലീപിന് പൂര്‍ണ പിന്തുണയുമായി അഡ്വ. സംഗീത ലക്ഷ്മണ. സെബാസ്റ്റ്യന്‍ പോളിന്റെ പരാമര്‍ശത്തേയും പിന്തുണച്ച സംഗീത മഞ്ജുവാര്യര്‍ക്കെതിരെ ഒളിയമ്പുകളും തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്.
സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സെബാസ്റ്റ്യൻ പോൾ സാറിന് എന്റെ സപ്പോർട്ട്. ശ്രീ. ദിലീപിന് എന്റെ കട്ട സപ്പോർട്ട്. കേസിന് ആസ്പദമായ സംഭവം നടന്നു എന്ന് പറയപ്പെടുന്നതിന് ശേഷം വെറും 48 മണിക്കൂറിനുള്ളിൽ ശ്രീ.ദിലീപിൻ്റെ മുൻഭാര്യ ശ്രീമതി. മഞ്ചു വാര്യർ പറഞ്ഞത് “ഇതിന് പിന്നിൽ നടന്നിരിക്കുന്നത് ഒരു ക്രിമിനൽ ഗൂഢാലോചനയാണ്, ഈ ഒരു ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഉള്ള പ്രവർത്തനങ്ങൾക്കെല്ലാം അങ്ങേയറ്റം പൂർണ്ണമായ പിന്തുണ നൽകുക എന്നതാണ് നമുക്കിവിടെ ചെയ്യാൻ സാധിക്കുക” എന്നാണ്. അങ്ങനെയെങ്കിൽ ശ്രീമതി. മഞ്ചു വാര്യർക്ക് ഈ information എവിടുന്ന് കിട്ടി? ഞാൻ മനസിലാക്കിയത് ശരിയാണ് എങ്കിൽ, ‘ഇര’യാക്കപ്പെട്ട നടിക്ക് ഇല്ലാത്ത ഈ ആരോപണം ശ്രീമതി. മഞ്ചു വാര്യർ മാധ്യമ ക്യാമറകളുടെ മുന്നിൽ നിന്ന് ഈറനണിഞ്ഞ കണ്ണുകളോടെ മേക്കപ്പ് ഇല്ലാത്ത മുഖത്തോടെ നിന്നുകൊണ്ട് പറഞ്ഞു എന്നല്ലാതെ അങ്ങേയറ്റം പൂർണ്ണമായ പിന്തുണ പോയിട്ട് ഒരു പിന്തുണയും ‘ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഉള്ള പ്രവർത്തനങ്ങൾ’ക്ക് അവർ നൽകിയിട്ടില്ല എന്നാണ്. ശ്രീമതി.മഞ്ചു വാര്യർ എന്ന ശ്രീ.ദിലീപിൻ്റെ മുൻഭാര്യ, ശ്രീ.ശ്രീകുമാരമേനോൻ എന്ന പരസ്യചിത്ര- സംവിധായകനുമായുള്ള ബന്ധത്തെ കുറിച്ച് എനിക്ക് വേണ്ടും വിധമുള്ള clarity ഇപ്പോൾ ഇല്ലാത്തത് കൊണ്ട് ഞാൻ അതിവിടെ പറയുന്നില്ല. ഇരയാക്കപ്പെട്ട സ്ത്രീയെയും, ശ്രീമതി.മഞ്ചു വാര്യരെയും പോലെ ഞാൻ സിനിമാനടി അല്ലല്ലോ? ശ്രീ.ദിലീപുമായി എനിക്ക് നേരത്തെ അടുപ്പമുണ്ടായിരുന്നില്ലല്ലോ? ശ്രീ. ദിലീപിന്റെ മുൻഭാര്യ അല്ലല്ലോ ഞാൻ? പിന്നെ, ഒരു തെറ്റ് ഞാൻ ചെയ്തിട്ടുമുണ്ട്. അൽപം നിയമം പഠിച്ചിട്ടുണ്ട്. അതുകൊണ്ട് പറയുന്ന കാര്യങ്ങൾക്ക് ആധികാരികത വേണം, clarity എന്തായാലും വേണം. അതൊരു കുഴപ്പമാണോ സുഹൃത്തുക്കളെ? ————————————————————- ഇതു കൂടി പറയേണ്ടതുണ്ട്. ഒരിക്കൽ കൂടി പറയുകയാണ്;തമ്മിൽ അടുപ്പമുണ്ടായിരുന്ന ഒരു നടനും നടിയും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ എങ്കിൽ നടനെ ഇതുപോലെ കൊല്ലാതെ കൊല്ലുന്ന പോലെ നിർത്തികൊണ്ട് പച്ചയ്ക്ക് തിന്നുകയും ചെയ്തിട്ട് നടി പറയുന്നത് മുഴുവനോടെ വെള്ളം തൊടാതെ വിശ്വസിക്കാനാവുന്നത്, അതും കേസിന്റെ ഈ ഘട്ടത്തിൽ എങ്ങനെയാണ്? എനിക്കതിന് കഴിയുന്നില്ല. നടി പറഞ്ഞത് എന്താണ്, നടി ആ പറഞ്ഞത് മുഴുവൻ സത്യമാണോ, സത്യങ്ങൾ മുഴുവൻ നടി പറഞ്ഞിട്ടുണ്ടോ എന്നൊക്കെയുള്ളത് വിചാരണ കോടതിയുടെ മുന്നിൽ നടി തെളിയിക്കട്ടെ. അതും അതിനോട് ചേർത്തുവെക്കാനുള്ളതും പോലീസ് കണ്ടത്തിയതും ഇനി കണ്ടെത്താനുള്ളതുമായ മറ്റു തെളിവുകളും കൂടി ഒരു തട്ടിലും വെച്ച്, ശ്രീ.ദിലീപിന്റെ മറുവാദങ്ങളും എതിർവാദങ്ങളും പ്രതിരോധവാദങ്ങളും ത്രാസിന്റെ മറ്റേ തട്ടിലുമായി വെച്ച് വിലയിരുത്തി നടി പറയുന്നതാണ് ശരി, പോലീസിന്റെ- പ്രോസിക്യൂഷൻ മുന്നോട്ട് വെക്കുന്ന version ആണ് ശരി എന്ന് ഈ കേസ് വിചാരണയ്ക്ക് എടുക്കുന്ന കോടതി വിലയിരുത്തി തീർപ്പുകൽപ്പിക്കട്ടെ. ആ കണ്ടെത്തലിന്റെ പിൻബലത്തിൽ കോടതി ശ്രീ. ദിലീപിനെ ശിക്ഷിക്കട്ടെ, അതുവരെ ഞാനും എന്റെ പ്രാർത്ഥനകളും ശ്രീ.ദിലീപിനൊപ്പമുണ്ടാവും. എൻ്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ഞാൻ ആഗ്രഹിക്കുന്നത്, അതിനുശേഷവും എൻ്റെ മനസ്സ് അദ്ദേഹത്തോടൊപ്പമുണ്ടാവും എന്നാണ്. Onam vacation കഴിഞ്ഞ് കോടതി നാളെ തുറക്കുന്നതിനാൽ ഓഫീസ് തിരക്കുകൾ എനിക്ക് കുറച്ചധികമുണ്ട്. പറഞ്ഞത് തന്നെ പിന്നെയും പിന്നെയും പറയാനായി ഇപ്പോൾ സമയം അനുവദിക്കുന്നില്ല. നേരത്തെ പറഞ്ഞത് ഇവിടെ താഴെ ലിങ്കിൽ ഉണ്ട്. ശ്രീ. ദിലീപിന് രണ്ട് തവണ ഹൈകോടതി ജാമ്യം നിഷേധിച്ചു എന്നത് കൊണ്ട് ഇരുവരെ പറഞ്ഞതിൽ നിന്ന് ഒരടി പോലും ഞാൻ പിന്നോട്ട് പോയിട്ടില്ല. പോവുകയുമില്ല. ഒരക്ഷരം പോലും ഞാൻ പിൻവലിച്ചിട്ടില്ല. പിൻവലിക്കുകയുമില്ല. ശ്രീ.ദിലീപിന് എന്റെ കട്ട സപ്പോർട്ട്!!
Leave a Reply