സ്വന്തം ലേഖകൻ 

നോർത്താംപ്ടൻ : എം എസ്  ധോണി ബ്രാൻഡ് അംബാസിഡറായ സിംഗിൾ ഐഡി എന്ന ഗ്ലോബൽ ബ്രാൻഡിന്റെ  കോ ഫൗണ്ടറും, ടെക്ക് ബാങ്ക് മൂവീസ് ലണ്ടന്റെ ഡയറക്ടറുമായ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലിന്റെ BMW സ്പെഷ്യൽ എഡിഷൻ 7 സീരിസ് മോഷ്ടിക്കപ്പെട്ടതും , മോഷ്ടാക്കൾ പിടിക്കപ്പെട്ടതും , കാർ മോഷണ മാഫിയയെ തകർത്തതും യുകെ നിവാസികൾക്ക് ആശ്വാസമായി മാറുന്നു.

 

നോർതാംടണിലുള്ള തന്റെ വീട്ട് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന റോൾസ് റോയിസ് , റേഞ്ച് റോവർ വോഗ് , ബി എം ഡബ്ലി 7 സീരിസ് എന്നീ വണ്ടികളിൽ നിന്ന് ബി എം ഡബ്ലി 7 സീരിസ് കാർ മാത്രം ഇന്നലെ രാവിലെ 5:30 ന് മോഷ്‌ടിക്കപ്പെട്ടു. ഈ കാർ ഡ്രൈവർ ഇല്ലാതെ റിമോർട്ടിൽ ഓടുന്നതും ടെസ്‌ല പോലെ സെൽഫ് ഡ്രൈവുമായിരുന്നു. ഇത് ബിൽഡ് യുവർ ബി എം ഡബ്ളിയു എന്ന ഓപ്‌ഷനിലൂടെ അദ്ദേഹം കാസ്റ്റമൈസ്‌ ചെയ്ത് നിർമ്മിച്ച കാറായിരുന്നു. എന്നിട്ടു പോലും ഇതിന്റെ എല്ലാ സെക്യൂരിറ്റി സംവിധാനങ്ങളെയും നിർവീര്യമാക്കികൊണ്ടായിരുന്നു മോഷ്‌ടാക്കൾ കാർ കടത്തിയത്.

ഇന്നലെ വെളുപ്പിനെ 4:44 ഓടുകൂടി വീട്ടിലേയ്ക്ക് പോലും നോക്കാതെ മോഷ്‌ടാക്കളായ മൂന്ന് പേർ റോഡിലൂടെ നടന്നു പോകുന്നതായി സുഭാഷിന്റെ വീട്ടിലെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ നിമിഷങ്ങൾക്ക് ശേഷം സുഭാഷിന്റെയും അടുത്തുള്ള വീടുകളിലെയും ഡോർ ബെൽ ക്യാമറകൾ ഉൾപ്പെടെ അതിനൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പ്രവർത്തന രഹിതമാക്കികൊണ്ട് അവർ കാർ മോഷ്‌ടിക്കുകയായിരുന്നു.

കാറിനുള്ളിൽ കമ്പനി ഇൻസ്റ്റോൾ ചെയ്തിരുന്ന എല്ലാവിധ സുരക്ഷാ സംവിധാനങ്ങളെയും, സോഫ്‌റ്റെവെയറിനെയും പൂർണ്ണമായും പ്രവർത്തന രഹിതമാക്കികൊണ്ടാണ് അവർ കാറിനെ കടത്തികൊണ്ട് പോയത്. എന്നാൽ സുഭാഷ് പ്രത്യേകം ഇൻസ്റ്റോൾ ചെയ്ത ആപ്പിൾ എയർ ടാഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഐഫോണിലൂടെ സുഭാഷ് ഈ കാർ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു.

മമ്മൂട്ടി ഫിലിംസിന്റെ ഡി എൻ എഫ് റ്റി റൈറ്റസ് വാങ്ങിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ പോയിരുന്ന സുഭാഷ് ജോർജ്ജ് ഹീത്രോ എയർപോർട്ടിൽ നിന്ന് മടങ്ങി എത്തിയത് മിനിഞ്ഞാന്ന് വൈകിട്ട് ആറു മണിയോട് കൂടിയായിരുന്നു. എയർ പോർട്ടിൽ നിന്ന് യൂബറിന്റെ പ്രീമിയം സർവീസ് ഉപയോഗപ്പെടുത്തിയാണ് സുഭാഷ് നോർത്താംടണിൽ എത്തിയത്. വീട്ടിൽ എത്തിച്ച യൂബർ ഡ്രൈവറിന്റെ ശ്രദ്ധയും പെരുമാറ്റവും സംശയം ഉളവാക്കിയിരുന്നുവെന്ന് സുഭാഷ്‌ പറയുന്നു.

ഇന്നലെ രാവിലെ അഞ്ച് മണിക്ക് മോഷ്‌ടിക്കപ്പെട്ട വാഹനത്തെ രാവിലെ 7 മണിയോട് കൂടി തന്നെ മോഷ്‌ടാക്കൾ ഹണ്ടിങ്ടണിലെ ടി സി ഹാരിസൺ എന്ന ഗാരേജിലെത്തിച്ചു. സുഭാഷ് അപ്പോൾ തന്നെ പോലീസിനെ വിവരം അറിയിക്കുകയും , പോലീസ് ആ ഗാരേജിൽ പോയി അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് പോലീസ് സുഭാഷിനെ അറിയിക്കുകയായിരുന്നു. മോഷണശേഷം വണ്ടി വഴിയിൽ വച്ച് ഒരു ട്രക്കിൽ ഒളിപ്പിച്ചായിരിക്കും മോഷ്ടാക്കൾ കാർ ഗാരേജിൽ എത്തിച്ചത്.

 

അവിടെ നിന്ന് ഇന്നലെ വൈകുന്നേരം 5:21 ഓടുകൂടി മോഷ്‌ടാക്കൾ കാറിനെ കെയിംബ്രിഡ്ജ് ഷെയറിലെ ഡോഡിങ്ടൺ റോഡിലുള്ള റിവർ സൈഡിന് അടുത്തുള്ള ഒരു ഗോഡൗണിൽ എത്തിച്ചു. അവിടെ പാർക്ക് ചെയ്തിരുന്ന ബോട്ടുകളിലൂടെ കാറിനെ കടൽമാർഗം മറ്റ് രാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നു മോഷ്‌ടാക്കളുടെ ലക്ഷ്യം.

 

ഹണ്ടിങ്ടണിൽ നിന്ന് പുറപ്പെട്ട് തുടങ്ങിയ കാറിനെ ട്രാക്ക് ചെയ്ത സുഭാഷ് ഹോട്ട് ലൈനിൽ ലൈവായി പോലീസിന്  വഴികാട്ടികൊണ്ടിരുന്നു. അങ്ങനെ കെയിംബ്രിഡ്ജിലെ ഗോഡൗണിലേയ്ക്ക് ആംഡ് പോലീസ് ഉൾപ്പെടെ ഇരച്ചു കയറുകയും ഗോഡൗൺ ഉടമ ഉൾപ്പടെയുള്ള മാഫിയ സംഘത്തെ കുടുക്കുകയുമായിരുന്നു. അവിടെ എത്തിയ പോലീസ് കണ്ടത് ഇതുപോലെ മോഷ്‌ടിക്കപ്പെട്ട അനേകം കാറുകൾ കഷ്ണങ്ങളാക്കി മാറ്റി കടത്താൻ തയ്യാറാക്കി വച്ചിരിക്കുന്ന കാഴ്ച്ചയാണ്. പോലീസ് നൽകിയ വിവരം അനുസരിച്ച് ഓർഡർ ലഭിക്കുന്നതനുസരിച്ച്  കാറുകൾ മോഷ്‌ടിക്കുന്ന ഒരു അന്താരാഷ്ട്ര ഓർഗനൈസ്ഡ് ക്രൈം ശൃഖലയായിരുന്നു ഈ മോഷ്‌ടാക്കൾ. ഇവരെ പിടിക്കാൻ സഹായിച്ചതിന് പോലീസ് സുഭാഷിന് പ്രത്യേകം നന്ദി അറിയിച്ചു. ഈ ഗ്രുപ്പിന്റെ എല്ലാ കണ്ണികളിലേയ്ക്കുമുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ഈ മാഫിയ തകർക്കപ്പെട്ടത് വാഹനമോഷണത്തെ ഭയന്ന് ജീവിക്കുന്ന യുകെ സമൂഹത്തിന് പ്രത്യേകിച്ച് മലയാളി സമൂഹത്തിന് ഒരു ആശ്വാസം കൂടിയാണ്. ഈ കാറ് പാർട്സുകളായി മാറ്റപ്പെട്ടതിനാൽ ഇൻഷ്വറൻസുകാർ വണ്ടി എഴുതി തള്ളും. എന്നിരുന്നാലും തെഫ്റ്റ് ഇൻഷ്വറൻസും , ഗ്യാപ്പ് ഇൻഷ്വറൻസുമുള്ളതിനാൽ വണ്ടിയുടെ മുഴുവൻ തുകയും അദ്ദേഹത്തിന് ലഭിക്കും.

അതുകൊണ്ട് തന്നെ എല്ലാവരും തെഫ്റ്റ് ഇൻഷ്വറൻസും , ഗ്യാപ്പ് ഇൻഷ്വറൻസും കൃത്യമായി എടുക്കുകയും ആപ്പിൾ എയർ ടാഗ് പോലെയുള്ള എക്സ്ട്രാ ട്രാക്കിങ്ങ് ഉപകരണങ്ങൾ  ഉപയോഗപ്പെടുത്തുകയും ചെയ്‌താൽ കഷ്ണങ്ങൾ ആക്കിയാലും വാഹനത്തെ കണ്ടുപിടിക്കുവാൻ അവ നിങ്ങളെ സഹായിക്കും. ഇങ്ങനെയുള്ള മുൻകരുതലുകൾ എടുക്കാൻ സാധിച്ചാൽ എല്ലാതരം മാഫിയകളെയും നിയമത്തിന് മുൻപിൽ കൊണ്ടുവരുവാനും , അവർ ശിക്ഷിക്കപ്പെടുവാനും , അങ്ങനെ അത് ഒരു സമൂഹനന്മയ്ക്ക് കാരണമായി മാറുകയും ചെയ്യും.