മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് മൂന്ന് വയസ്സുകാരിക്കും പിതാവിനും പൊതുനിരത്തിൽ വനിതാ പൊലീസിെൻറ ഭീഷണിയും വിചാരണയും. പൊലീസ് വാഹനത്തിൽനിന്നുതന്നെ മൊബൈൽ കണ്ടെടുത്തതോടെ നാട്ടുകാർ ചോദ്യം ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസ് വിദ്യാർഥിനിയായ മകളുമാണ് ചെയ്യാത്ത കുറ്റത്തിന് പൊതുനിരത്തിൽ അപമാനിതരായത്.
ഐ.എസ്.ആർ.ഒയിലേക്ക് യന്ത്രസാമഗ്രികൾ വഹിച്ചുകൊണ്ട് പോകുന്ന വാഹനം കാണാൻ എത്തിയതാണ് ഇരുവരും. വാഹനമെത്താൻ വൈകിയതോടെ സമീപത്തെ കടയിൽ പോയി വെള്ളം കുടിച്ച ശേഷം വീണ്ടും മടങ്ങിയെത്തി. അപ്പോൾ പിങ്ക് പൊലീസ് വാഹനത്തിനരികിൽ നിന്ന ഉദ്യോഗസ്ഥ രജിത, ജയചന്ദ്രനെ അടുത്തേക്ക് വിളിച്ച് മൊബൈൽ ഫോൺ നൽകാൻ ആവശ്യപ്പെട്ടു. ജയചന്ദ്രൻ സ്വന്തം ഫോൺ നൽകി. ഇതല്ല, പൊലീസ് വാഹനത്തിൽ നിന്ന് എടുത്ത ഫോൺ തിരിച്ചുനൽകാൻ ആവശ്യപ്പെട്ടു. താൻ ഫോൺ എടുത്തില്ലെന്ന് ജയചന്ദ്രൻ മറുപടി നൽകി.
ഫോൺ എടുക്കുന്നതും മകളുടെ കൈയിൽ കൊടുക്കുന്നതും താൻ കണ്ടെന്നും മകളെ ഇങ്ങോട്ട് വിളിക്കാനും പൊലീസുകാരി ആവശ്യപ്പെട്ടു. ചോദ്യം ചെയ്യുന്നതിനിടെ കുഞ്ഞ് ഭയന്ന് കരയാൻ തുടങ്ങിയതോടെ നാട്ടുകാർ ചുറ്റും കൂടി. ജയചന്ദ്രെൻറ ഷർട്ട് ഉയർത്തി ദേഹപരിശോധന നടത്തുകയും മോഷ്ടാവെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
ഇതിനിടെ ദേശീയപാതയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പൊലീസുകാരി അവരുടെ മൊബൈലിൽ നിന്ന് കാണാതായ ഫോണിലേക്ക് വിളിച്ചു. പിങ്ക് പൊലീസ് കാറിെൻറ പിൻസീറ്റിലിരുന്ന ബാഗിൽ വൈബ്രേറ്റ് ചെയ്ത ഫോൺ കണ്ടെത്തി. ഇതോടെ നിരപരാധിയായ പിതാവിനെയും മകളെയും പരസ്യമായി അധിക്ഷേപിച്ച പൊലീസുകാരിക്കെതിരെ ജനം പ്രതിഷേധിച്ചു. ബഹളത്തിനിടയിൽ പൊലീസുകാരി കാറിൽ കയറി രക്ഷപ്പെട്ടു.
ബാലാവകാശ കമീഷൻ മൊഴിയെടുത്തു
ചെയ്യാത്ത കുറ്റം ആരോപിച്ച് പിങ്ക് പൊലീസ് പൊതുനിരത്തിൽ പെൺകുട്ടിയെയും പിതാവിനെയും അപമാനിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ ഇടപെട്ടു. പൊലീസ് പീഡനത്തിനിരയായ ജയചന്ദ്രൻ കമീഷനിൽ പരാതി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ കമീഷൻ ചെയർമാൻ മനോജിെൻറ നേതൃത്വത്തിൽ വീട്ടിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിക്ക് അടിയന്തരമായി കൗൺസലിങ് ലഭ്യമാക്കാൻ കമീഷൻ നിർദേശിച്ചു.
Leave a Reply