കൊല്ലം ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടവും ആഘോഷവും ഒഴിവാക്കാൻ വോട്ടെണ്ണൽ ദിവസം ലോക്ഡൗൺ നടപ്പാക്കണമെന്ന തന്റെ ഹർജി സാധാരണക്കാർക്കു വേണ്ടിയുള്ളതെന്ന് അഡ്വ.വിനോദ് മാത്യു വിൽസൻ. മേയ് 2നു ലോക്ഡൗൺ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച അഭിഭാഷകനാണു കൊല്ലം സ്വദേശിയായ വിനോദ്.

കോവിഡ് പ്രോട്ടോക്കോൾ ലംഘനമെന്ന പേരിൽ സാധാരണക്കാരനു മേൽ കുതിരകയറുന്ന അധികാരികൾ കഴിഞ്ഞ ഒന്നൊന്നര മാസത്തോളം തിരഞ്ഞെടുപ്പു പ്രചാരണമെന്ന പേരിൽ രാഷ്ട്രീയ പാർട്ടികളും അണികളും ചേർന്നുണ്ടാക്കിയ ആൾക്കൂട്ടങ്ങൾ കണ്ടില്ലെന്ന് അഡ്വ.വിനോദ് പറയുന്നു. തിരഞ്ഞെടുപ്പു നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനം മുതൽ വോട്ടെടുപ്പു ദിനം വരെയുള്ള കോവിഡ് കണക്കുകളും ഏപ്രിൽ 6നു ശേഷം ഇതുവരെയുള്ള കോവിഡ് വ്യാപനത്തിന്റെ കണക്കും സഹിതമാണു കോടതിയിൽ ഹർജി സമർപ്പിച്ചത്. ഏറ്റവും അനുഭാവപൂർവമാണ് കോടതി ഹർജി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മിഷൻ അഭിഭാഷകനും സർക്കാർ അഭിഭാഷകനും 23നു നിലപാട് അറിയിക്കണമെന്നാണു ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പു പ്രചാരണമെന്ന പേരിൽ നാട്ടിൽ മുഴുവൻ നടത്തിയ കോലാഹലങ്ങളുടെ അനന്തര ഫലം സാധാരണക്കാരൻ അനുഭവിക്കേണ്ടി വരുന്നതിന്റെ രോഷം കൊണ്ടാണ് താൻ ഇത്തരത്തിലൊരു ഹർജിയുമായി കോടതിയെ സമീപിച്ചതെന്നു വിനോദ് പറഞ്ഞു. ഇതുവരെയില്ലാത്ത വിധം ആൾക്കൂട്ടമുണ്ടായി. അകലം പാലിച്ചില്ല. രോഗം നാടുമുഴുവൻ പരത്തി. കലാശക്കൊട്ട് നിരോധിച്ചപ്പോൾ റോഡ് ഷോ എന്ന പേരിൽ ആൾക്കൂട്ടമുണ്ടാക്കി. എന്നിട്ടു കുറ്റം മുഴുവൻ പ്രവാസികളുടെ മേൽ ചാരി രക്ഷപെടാനാണു ശ്രമം. രാഷ്ട്രീയ പാർട്ടികളോടെ തിരഞ്ഞെടുപ്പു പ്രചാരണത്തോടെയുണ്ടായ എതിർപ്പു കൊണ്ടല്ല മറിച്ചു സാധാരണക്കാരന് നമ്മുടെ നിയമ വ്യവസ്ഥിതിയോടു പുച്ഛം തോന്നാതിരിക്കാനാണ് ഇത്തരത്തിലൊരു പരാതിയെന്നും വിനോദ് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

23നു സർക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും കോടതിയിൽ നിലപാട് അറിയിച്ചേ മതിയാകൂ. ചിലപ്പോൾ ഇരു വിഭാഗവും ലോക്ഡൗൺ നടത്താമെന്നു സമ്മതിക്കും. അല്ലെങ്കിൽ ആൾക്കൂട്ടമുണ്ടാകാതെയും ആഘോഷപരിപാടികൾ നടത്താതെയും നോക്കുമെന്നുള്ള ഉറപ്പ് കോടതിയിൽ കൊടുക്കും. ഇവയിൽ ഏതെങ്കിലും ലംഘിക്കപ്പെട്ടാൽ കോടതിയലക്ഷ്യത്തിനുള്ള കേസുമായി വീണ്ടും കോടതിയിലെത്തുമെന്നും അഡ്വ.വിനോദ് മാത്യു വിൽസൻ പറഞ്ഞു. ഇതു സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ സമൂഹമാധ്യമ പോസ്റ്റ് ഇങ്ങനെ:

ആരൊക്കെ എന്തൊക്കെ ന്യായം നിരത്തിയാലും കേരളത്തിൽ ഇന്ന് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും രാഷ്ട്രീയ നേതാക്കന്മാർക്കും അണികൾക്കുമാണ്. പൊതുജനത്തിനെയും നിയമ വ്യവസ്ഥയെയും വെല്ലുവിളിച്ചായിരുന്നു ഇലക്‌ഷൻ സമയത്ത് അവരുടെ അഭ്യാസം. ഏതൊരു സാധാരണ പൗരനും തോന്നുന്ന ദേഷ്യം എനിക്കും തോന്നി. മേയ് 2ന് വോട്ടെണ്ണൽ ദിനത്തിൽ വീണ്ടുമുണ്ടാകും ഇവരുടെ അണപൊട്ടുന്ന തിമിർപ്പ്. അത് ആകുലപ്പെടുത്തുന്നതുകൊണ്ടാണ് നിയമ വ്യവസ്ഥയിൽ വിശ്വസിക്കുന്ന ഒരു പൗരൻ എന്ന നിലയിൽ കേരള ഹൈക്കോടതിയെ സമീപിച്ചത്.