ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- രാജ്യത്താകമാനമുള്ള എൻ എച്ച് എസ് ആശുപത്രികളിലെ പ്രതിസന്ധി വെളിപ്പെടുത്തുന്ന ഒരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. എസ്സെക്സിലെ ഒരു ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്ട്മെന്റിൽ രോഗികളോട് 13 മണിക്കൂറോളം കാത്തിരിക്കണമെന്ന് ആവശ്യപ്പെടുന്ന നേഴ്സിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ആശുപത്രിയിൽ ബെഡ്ഡുകൾ ഒന്നുംതന്നെ കാലിയായിട്ടില്ലെന്നും, അതോടൊപ്പം തന്നെ ഏകദേശം 90 രോഗികൾ ഡോക്ടറിനെ കാണാൻ കാത്തിരിക്കുകയാണെന്നും ഈ വീഡിയോയിൽ നേഴ്സ് വ്യക്തമാക്കുന്നുണ്ട് . നിലവിൽ ഒരു ഡോക്ടറെ കാണാനുള്ള ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് സമയം ഏഴര മണിക്കൂർ ആണെന്നും, ഇത് 12 മുതൽ 13 മണിക്കൂർ വരെ നീളാൻ സാധ്യതയുണ്ടെന്നും നേഴ്സ് പറയുന്നു. എൻഎച്ച്എസ് ആശുപത്രിയിലെ മാത്രം അവസ്ഥയല്ലെന്നും, ഭൂരിഭാഗം ആശുപത്രികളിലും ഇതേ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കോവിഡ് മൂലം ഉണ്ടായ വ്യത്യസ്ത പ്രതിസന്ധി ഇതുവരെയും പരിഹരിക്കുവാൻ സാധിച്ചിട്ടില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഭൂരിഭാഗം ആശുപത്രികളിലും രോഗികളുടെ നീണ്ട നിരയാണ് അതിനാൽ കൃത്യസമയത്ത് ഡോക്ടറെ കാണുവാൻ ഇവർക്കൊന്നും തന്നെ സാധിക്കുന്നില്ല. ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദും വീഡിയോയോട് പ്രതികരിച്ചു. നിലവിലെ സാഹചര്യം മോശമാണെന്നും ഉടൻതന്നെ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്സെക്സിലെ ഹാർലൊയിൽ നിന്നുള്ള പ്രിൻസസ്സ് അലക്ക് സാൻഡ്രാ ആശുപത്രിയിൽനിന്നുള്ള നേഴ്സിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. കൂടുതൽ പ്രതിസന്ധികൾ ഉണ്ടെങ്കിൽ മാത്രമേ ആക്സിഡന്റ് എമർജൻസി ഡിപ്പാർട്ട്മെന്റിൽ എത്താവു എന്ന നിർദ്ദേശം ആശുപത്രി അധികൃതർ നൽകുന്നുണ്ട്.
Leave a Reply