ബംഗളുരു: ‘ചുറ്റുപാടുമുള്ള മനുഷ്യര്‍ എന്തിനാണ് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളെ ഇത്ര വെറുക്കുന്നതെന്ന് എനിക്കറിയില്ല. ഞങ്ങളെല്ലാം മോശമാണെന്നും മയക്കു മരുന്ന് ഉപയോഗിക്കുന്നവരാണ് എന്നും അവര്‍ കരുതുന്നുണ്ടാവണം. അത് തെറ്റാണ്. ആരെങ്കിലുമൊക്കെ അങ്ങനെ ഉണ്ടാവാം. എന്നു വെച്ച് മറ്റുള്ളവരെ ഇങ്ങനെ ശിക്ഷിക്കുന്നത് എന്തിനാണ്?’. പറയുന്നത്, ബംഗളുരുവില്‍ ആള്‍ക്കൂട്ടം വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്ത ആഫ്രിക്കന്‍ വിദ്യാര്‍ത്ഥിനി. ന്യൂസ് മിനിറ്റ്‌സ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ടാന്‍സാനിയയിലെ ദാര്‍ എസ് സലാം സ്വദേശിയായ വിദ്യാര്‍ത്ഥിനി ഞെട്ടിക്കുന്ന അനുഭവം വിവരിച്ചത്.
സുഡാന്‍കാരനായ യുവാവ് ഓടിച്ച കാറിടിച്ച് കര്‍ണ്ണാടകക്കാരിയായ വൃദ്ധ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് ബംഗളുരുവില്‍ അക്രമാസക്തമായ ആള്‍ക്കൂട്ടം ഈ യുവതി അടക്കം നാല് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിച്ചത്. ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടായിരുന്നു ആള്‍ക്കൂട്ടത്തിന്റെ ആക്രമണം.
‘ബംഗളുരു എന്റെ വീടായിരുന്നു. ഞാനിവിടെ സമാധാനമായി വസിച്ചു. ഇന്ത്യയെ ഇഷ്ടപെട്ടു. നല്ല ആളായിരുന്നു വീട്ടുടമ. നല്ല അയല്‍ക്കാര്‍. എന്നാല്‍, ആ അനുഭവം എല്ലാം മാറ്റിമറിച്ചു. ഞാന്‍ തോറ്റുപോയി. കഴിയുമെങ്കില്‍ അന്നു രാത്രി തന്നെ ഇന്ത്യ വിട്ടേനെ ഞാന്‍’ അഭിമുഖത്തില്‍ ആ പെണ്‍കുട്ടി പറയുന്നു.
ബംഗളുരുവില്‍ നാലു വര്‍ഷമായി ജീവിക്കുന്ന തനിക്ക് ആ നഗരം സ്വന്തം വീടു പോലെ ആയിരുന്നുവെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ ആ സുരക്ഷിതത്വം ഇല്ലാതായി. ഭയാശങ്കയിലാണ് കഴിയുന്നതെന്നും അവര്‍ പറഞ്ഞു.
സംഭവത്തെകുറിച്ച് യുവതി പറയുന്നത്:
ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ഭക്ഷണം കഴിക്കാന്‍ വേണ്ടി മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചുവന്ന വാഗണ്‍ ആര്‍ കാറില്‍ സപ്തഗിരി ഭാഗത്തേക്ക് യാത്ര തിരിച്ചത്. ഞായറാഴ്ച ആയതിനാല്‍, ആ ഭാഗത്തെ ചില റസ്‌റ്റോറന്റുകള്‍ തുറക്കുമായിരുന്നു. വഴിക്ക് ഒരാള്‍ക്കൂട്ടം കണ്ട് സുഹൃത്ത് കാറിന്റെ വേഗത കുറച്ചു. അവിടെ ഒരു ആഫ്രിക്കന്‍ വംശജനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നതാണ് കണ്ടത്. വണ്ടി നിര്‍ത്തി എന്താണ് കാര്യം എന്നന്വേഷിച്ചു. അതായിരുന്നു ഞങ്ങള്‍ ചെയ്ത തെറ്റ്. ആള്‍ക്കൂട്ടം കാറിനടുത്തേക്ക് വന്നു. അവരുടെ രോഷം ഞങ്ങള്‍ക്ക് നേരെയായി.
വേഗത കുറച്ചപ്പോള്‍ ചിലര്‍ അലറിക്കൊണ്ട് പിറകെ വന്നു. കന്നട ഭാഷയിലായിരുന്നു അവര്‍ സംസാരിച്ചത്. കാര്യം അപകടമാണ് എന്നറിഞ്ഞ സുഹൃത്തുക്കള്‍ കാര്‍ മുന്നോട്ടേക്ക് നീക്കി. കുറേ പേര്‍ വണ്ടികളില്‍ ഞങ്ങളെ പിന്തുടര്‍ന്നു. സ്പതഗിരി ഹോസ്പിറ്റലിന് അടുത്തുവെച്ച് അവര്‍ വാഹനങ്ങള്‍ ഞങ്ങളുടെ കാറിനു കുറുകെ നിര്‍ത്തിയിട്ടു. അപ്പുറത്തെ റോഡിലൂടെ പോവാന്‍ നോക്കിയപ്പോള്‍ അതും ബ്ലോക്ക് ചെയ്തു. എങ്ങും പോവാനുണ്ടായിരുന്നില്ല. കൂട്ടത്തിലെ രണ്ടു സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു. ഞാനും ഹഷീം എന്ന സുഹൃത്തും കുടുങ്ങി.
പുരുഷന്‍മാരായിരുന്നു അവരെല്ലാം. അവര്‍ ഹഷീമിനെ കടന്നു പിടിച്ച് മര്‍ദ്ദിക്കാന്‍ തുടങ്ങി. എനിക്ക് ചലിക്കാന്‍ പോലും കഴിഞ്ഞില്ല. കാറിനടുത്തു നിന്ന് ഞാന്‍ ഒന്നും ചെയ്യല്ലേ എന്ന് നിലവിളിച്ചു. അതിനിടെ ചിലര്‍ കാറിലേക്ക് പുല്ല് എറിയാന്‍ തുടങ്ങി. ചിലര്‍ തീപ്പെട്ടി കത്തിച്ച് എറിഞ്ഞു. കാര്‍ കത്താന്‍ തുടങ്ങി. ഹഷീമിനെ എവിടെയും കണ്ടില്ല. കാര്‍ കത്തി. അടുത്തു കണ്ട ഒരു പൊലീസുകാരനോട് ഞാന്‍ സഹായം തേടി. അയാള്‍ കുറച്ച് മണല്‍വാരി കാറിലേക്ക് എറിയുകയും ആരെയോ മൊബൈല്‍ ഫോണില്‍ വിളിച്ച് സംസാരിക്കുകയും മാത്രം ചെയ്തു.
ആള്‍ക്കൂട്ടത്തില്‍ ഞങ്ങളെ അറിയുന്ന ആരോ അവിടെ അടുത്തു താമസിച്ചിരുന്ന ഞങ്ങളുടെ കൂട്ടുകാരന്‍ ബ്രെയെ വിളിച്ചു. ഒരു ഇന്ത്യന്‍ സുഹൃത്തിനൊപ്പം അതിനടുത്ത് താമസിക്കുകയായിരുന്നു അവന്‍. വിവരമറിഞ്ഞ് അവനെത്തി. അപ്പോഴേക്കും കാര്‍ കത്തുകയായിരുന്നു. ആളുകളുടെ എണ്ണം കൂടി. അവരുടെ രോഷപ്രകടനവും കൂടി. അവര്‍ ബ്രയെക്കെതിരെ തിരിഞ്ഞു. മര്‍ദ്ദനം തുടങ്ങി. അവനെ രക്ഷിക്കാന്‍ ഞാന്‍ ശ്രമിച്ചു. അതോടെ ആള്‍ക്കൂട്ടം എനിക്കെതിരെ തിരിഞ്ഞു. അവരെന്നെ പിടിച്ചു വലിച്ചു. എന്റെ വസ്ത്രങ്ങള്‍ പിടിച്ചു വലിച്ചു. ഞങ്ങള്‍ നിലത്തേക്ക് വീണു.
ആകെ ഭയന്ന ഞങ്ങള്‍ ഒരു ബസിലേക്ക് ഓടിക്കയറി. മുന്‍വശത്ത് സ്ത്രീകള്‍ക്കുള്ള സീറ്റിലിരുന്നു. ആള്‍ക്കൂട്ടത്തിലെ ചിലര്‍ പിന്നിലൂടെ ഓടിക്കയറി. അവര്‍ വീണ്ടും ബ്രയയെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഒരാളും ഒരക്ഷരം മിണ്ടിയില്ല. പ്രതിഷേധിച്ചില്ല. അവര്‍ ഞങ്ങളെ ഉന്തിത്തള്ളി ബസില്‍നിന്ന് പുറത്തേക്ക് തള്ളി.
അപ്പോഴാണ് ഞാന്‍ എന്റെ അവസ്ഥ കണ്ടത്. എന്റെ ടീ ഷര്‍ട്ട് കീറിപ്പോയിരുന്നു. എന്റെ ബ്രായുടെ സ്ട്രാപ്പ് കീറി പുറത്തേക്ക് തൂങ്ങിയിരുന്നു. എന്റെ മാറിടം പുറത്ത് കാണാവുന്ന വിധത്തിലായിരുന്നു. ഞാന്‍ ഭയന്ന് കൈകള്‍ കൊണ്ട് ശരീരം മറച്ചുവെച്ചു. ആള്‍ക്കൂട്ടം വീണ്ടും എന്നെ പിടിക്കുകയും വലിക്കുകയും ചെയ്തു. ഞങ്ങള്‍ ഒരു കടയിലേക്ക് കയറി നിന്നു. അവര്‍ അവിടെയും വളഞ്ഞു.
കൂട്ടത്തിലെ ഒരു ഇന്ത്യക്കാരന്‍ എന്റെ നഗ്‌നത മറയ്ക്കാന്‍ അയാളുടെ ഷര്‍ട്ടൂരി എനിക്കു നേരെ എറിഞ്ഞു തന്നു. ആള്‍ക്കൂട്ടം അയാള്‍ക്കെതിരെ തിരിഞ്ഞു. അയാള്‍ക്കും പൊതിരെ തല്ലുകിട്ടി. അയാളുടെ പ്രവൃത്തിക്ക് പക്ഷേ, ഗുണമുണ്ടായി. കുറേ ആളുകള്‍ കൂടി ഒന്നിച്ചു വന്ന് ഞങ്ങളെ വിടാന്‍ അവരോട് ആവശ്യപ്പെട്ടു. അതില്‍, സൗമ്യമായി സംസാരിക്കുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. ഇറാന്‍കാരന്‍ ആണെന്ന് തോന്നുന്നു. തന്നോടൊപ്പം വരാന്‍ അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ പോയി.
അവിടെനിന്നും ഒരു കൂട്ടുകാരന്റെ വീട്ടിലെത്തി. അപ്പോഴേക്കും ഒമ്പതു മണി ആയിരുന്നു. അവിടെ നിന്നും ഞാനെന്റെ രക്ഷിതാക്കളെ വിളിച്ചു. പാവപ്പെട്ട തൊഴിലാളികള്‍ ആയിരുന്നു അവര്‍. അവരാകെ ഞെട്ടിപ്പോയി. വീട്ടിലെത്തിയപ്പോഴാണ് എത്രമാത്രം പരിക്കേറ്റുവെന്നും മുറിഞ്ഞെന്നും ഞാനറിഞ്ഞത്. എന്റെ ശരീരം മുഴുവന്‍ മുറിവുകളായിരുന്നു.
ആ ദിവസം കഴിഞ്ഞ് ഇപ്പോള്‍ നാലു ദിവസം കഴിഞ്ഞു. ഇപ്പോള്‍ ഞാന്‍ കുറച്ചുകൂടി ശാന്തയാണ്. ജൂണില്‍ കോഴ്‌സ് തീരുംവരെ എനിക്കിവിടെ താമസിക്കണം. എന്തുവില കൊടുത്തും അത് പൂര്‍ത്തിയാക്കാനും തിരിച്ചു പോവാനുമാണ് ഞാനാഗ്രഹിക്കുന്നത്.
പലരും എന്നോട് ചോദിക്കുന്നുണ്ട് പരാതി നല്‍കാന്‍ വൈകിയത് എന്താണെന്ന്. ആ രാത്രി ഒന്ന് പുറത്തിറങ്ങാന്‍ പോലുമുള്ള ധൈര്യമുണ്ടായിരുന്നില്ല. പിറ്റേന്ന് കാലത്ത് പൊലീസ് സ്‌റ്റേഷനില്‍ ചെന്നു. പരാതിക്ക് പിന്നാലെ പോവാതെ വിശ്രമിക്കാനായിരുന്നു അവിടെയുള്ള പൊലീസുകാരന്‍ പറഞ്ഞത്. പിറ്റേന്നും ഞാന്‍ പോയി. പരാതി എഴുതിയെടുക്കാന്‍ സമയമില്ല എന്നായിരുന്നു അവരുടെ മറുപടി. പിറ്റേന്ന് വാര്‍ത്ത വന്ന ശേഷമാണ് അവര്‍ പരാതി സ്വീകരിച്ചതും മൊഴി എടുത്തതും.