ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബാല്യകാലത്ത് താൻ ആവർത്തിച്ചു ലൈംഗിക ചൂഷണത്തിനിരയായെന്ന വെളിപ്പെടുത്തലുമായി സാമന്ത സ്മിത്ത്. വർഷങ്ങൾക്ക് ശേഷമാണ് വേദനാജനകമായ ഭൂതകാലത്തെ പറ്റി സാമന്ത തുറന്നെഴുതുന്നത്. “എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ ഞാൻ ഒരാളുടെ മടിയിൽ ഇരിക്കുകയാണ്. ഭയത്താൽ മരവിച്ചുപോയി. അയാളുടെ കൈ എന്റെ അടിവസ്ത്രത്തിലേക്ക് നീങ്ങി. ഈ മനുഷ്യൻ മുതിർന്ന ആളാണ്. ഞാൻ വിശ്വസിക്കുന്ന ഒരാൾ. പക്ഷേ അയാൾ ചെയ്യുന്നത് എനിക്ക് വാക്കുകളിൽ വിവരിക്കാൻ പറ്റാത്ത വിധത്തിൽ തെറ്റായി തോന്നി. ഞാൻ ലൈംഗിക ചൂഷണത്തിനിരയാകുകയാണെന്ന് എനിക്ക് അറിയില്ലായിരുന്നു.” സാമന്ത എഴുതി.

അഞ്ചിനും 14 വയസ്സിനുമിടയിൽ മറ്റ് പലരും തന്നെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് സാമന്ത പറഞ്ഞു. സ്വയം വെറുത്ത് തുടങ്ങി. ഒടുവിൽ ഈ സംഭവങ്ങൾ പൊലീസിൽ റിപ്പോർട്ട് ചെയ്തു. എന്നാൽ തന്നെ അധിക്ഷേപിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസ് ഒന്നും ചെയ്തില്ലെന്നും തനിക്ക് പിന്തുണ നൽകിയില്ലെന്നും സാമന്ത വെളിപ്പെടുത്തി.

ടെൽഫോർഡിൽ കുട്ടികൾക്കെതിരെ നടന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള സ്വതന്ത്ര അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ രാജ്യവ്യാപകമായി 10,000 ന് 7.9 എന്ന നിലയിലാണ്. എന്നാൽ, ടെൽഫോർഡിൽ അത് 16.4 ലേക്ക് ഉയർന്നു. കുറ്റകൃത്യം തടയുന്നതിൽ പൊലീസിനും വലിയ വീഴ്ചയുണ്ടായി. പതിനഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ഈ തുറന്നുപറച്ചിൽ മറ്റനേകം അതിജീവിതകൾക്ക് മുന്നോട്ട് വരാൻ പ്രേരണ നൽകും.
	
		

      
      



              
              
              




            
Leave a Reply