ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഒമിക്രോൺ വ്യാപനം രൂക്ഷമായതോടെ പ്രതിസന്ധിയിലായ ഹോസ്പിറ്റാലിറ്റി ബിസിനസ് ഉടമകളുമായുള്ള അടിയന്തര ചർച്ചയ്ക്കായി യു എസ്‌ ട്രിപ്പ്‌ റദ്ദാക്കി ബ്രിട്ടണിൽ എത്തി ചേർന്നിരിക്കുകയാണ് ചാൻസിലർ റിഷി സുനക്. ബ്രിട്ടനിലെ അടിയന്തര സാഹചര്യങ്ങൾക്കിടയിലുള്ള ചാൻസലറുടെ യുഎസ് യാത്ര വിവാദമായിരുന്നു. ഗവൺമെന്റ് പദ്ധതിപ്രകാരം യു എസിലെ പ്രമുഖ ടെക്നോളജി കമ്പനി ഉടമകളുമായുള്ള ചർച്ചയ്ക്കായാണ് റിഷി സുനക് യുഎസിൽ എത്തിയത്. ഒമിക്രോൺ ഭീതി മൂലം നിരവധിപേർ ക്രിസ്മസ് പാർട്ടികളും, ആഘോഷങ്ങളും ക്യാൻസൽ ചെയ്തതോടെയാണ് ഹോസ്പിറ്റാലിറ്റി വിഭാഗം ബിസിനസ് ഈ മേഖലയിലുള്ളവർ പ്രതിസന്ധിയിലായത്. കസ്റ്റമേഴ്സിന്റെ കുറവുമൂലം നിരവധി പബ്ബുകളും, റസ്റ്റോറന്റുകളും ഇപ്പോൾ തന്നെ അടച്ചിട്ടിരിക്കുകയാണ്. ഒമിക്രോൺ സ്‌ട്രെയിൻ സംബന്ധിച്ച് ഗവൺമെന്റിന്റെ മുന്നറിയിപ്പുകൾ ജനങ്ങളെ ഭീതിയിലാഴ്ത്തിയതായും, ഇതാകാം ആഘോഷങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടു നിൽക്കുന്നതിന് കാരണമെന്നും ബിസിനസ് ഉടമകൾ സംശയിക്കുന്നു. ബിസിനസുകൾ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്ന കാലമാണ് ക്രിസ്മസ് സമയം. എന്നാൽ ഒമിക്രോൺ വ്യാപനം ബിസിനസുകൾക്ക് മേൽ വൻ തിരിച്ചടി ആണ് നൽകിയിരിക്കുന്നത്.


ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് തങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം വേണമെന്ന ആവശ്യമാണ് ബിസിനസ് ഉടമകൾ മുന്നോട്ടുവയ്ക്കുന്നത്. ഇതേസമയംതന്നെ ബ്രിട്ടണിൽ ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നത് ആശങ്കയ്ക്ക് വക നൽകുന്നുണ്ട്.