ആറ്റുകാൽ ക്ഷേത്രത്തിൽ നടന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ് ജി എസ് രംഗത്തെത്തി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് അവർ പ്രതികരിച്ചത്. പൊങ്കാല വൻ വിജയമായിരുന്നെന്ന് മന്ത്രി വ്യക്തമാക്കിയതായി ആശാനാഥ് ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് സ്ത്രീകൾ പങ്കെടുത്ത ഈ മഹാഘോഷം ക്രമീകരണങ്ങളുടെ കാര്യത്തിൽ മികച്ചതായിരുന്നുവെന്നും സർക്കാർ സംവിധാനങ്ങളും നഗരസഭയും ഏകോപിതമായി പ്രവർത്തിച്ചുവെന്നും അവർ പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങൾ യാഥാർത്ഥ്യത്തെ മറച്ചുവയ്ക്കുന്നതാണെന്നായിരുന്നു അവരുടെ നിലപാട്. മന്ത്രി തന്നെ പരിപാടിയുടെ വിജയത്തെ അംഗീകരിച്ച സാഹചര്യത്തിൽ ചിലർ ഇപ്പോഴും തെറ്റിദ്ധാരണ പരത്തുന്നത് എന്തിനാണെന്ന് ആശാനാഥ് ചോദിച്ചു. നഗരസഭ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളും ഗതാഗത നിയന്ത്രണവും സമയബന്ധിതമായി പൂർത്തിയാക്കിയതായും അവർ കൂട്ടിച്ചേർത്തു. പൊതുജനങ്ങളുടെ സഹകരണവും പരിപാടിയുടെ വിജയത്തിന് പ്രധാന കാരണമായിരുന്നുവെന്നും അവർ വിലയിരുത്തി.
ഇതിനിടെ പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകൾ ശേഖരിച്ച് ഭവന പദ്ധതിക്കായി നൽകുന്നതിനെ കുറിച്ച് മേയർ വി വി രാജേഷും വിശദീകരണം നൽകി. മുൻ ഭരണസമിതിയുടെ മാതൃക തുടരാനാണ് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇഷ്ടികകൾ ശേഖരിച്ച് മാറ്റുന്നതിനായി വലിയ ചെലവ് വരുന്നതായും, ഏകദേശം പത്ത് ലക്ഷം രൂപ വരെ കൂലി ചിലവാകുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. അതിനാൽ ലഭിക്കുന്ന കട്ടയുടെ അളവും ഗുണനിലവാരവും കൃത്യമായി പരിശോധിച്ച ശേഷമേ പദ്ധതി വ്യാപിപ്പിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ പദ്ധതി 2018ൽ തന്റെ ഭരണകാലത്ത് ആരംഭിച്ചതാണെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് വ്യക്തമാക്കി. തുടർന്ന് വന്ന നഗരസഭ കൗൺസിലും ഇത് തുടരുകയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ നൂറിലധികം നിർധന കുടുംബങ്ങൾക്ക് വീട് പണിയാൻ സഹായമായതായും അദ്ദേഹം ഓർമ്മിപ്പിച്ചു. ആദ്യം പദ്ധതി എതിർത്തവർ തന്നെ ഇപ്പോൾ അത് തുടരാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും, ജനങ്ങൾക്ക് ഗുണകരമായ കാര്യങ്ങൾ രാഷ്ട്രീയ ഭേദമന്യേ മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.











Leave a Reply