കോവിഡ് ഏറ്റവുമധികം മറ്റുള്ളവരിലേക്ക് പരത്തുന്നത് 20 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവരാണെന്ന് പുതിയ പഠനം. രോഗവ്യാപനം കുറയ്ക്കാനായി ഈ പ്രായവിഭാഗത്തിലുള്ളവര്‍ക്ക് എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കണമെന്നും സയന്‍സ് മാഗസീനില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

അമേരിക്കയിലെ രോഗബാധയില്‍ 72.2 ശതമാനവും 20 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവര്‍ പരത്തുന്നതാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. 20 മുതല്‍ 34 വയസ്സ് വരെയുള്ളവര്‍ 34 ശതമാനം അണുബാധയ്ക്ക് കാരണമാകുമ്പോള്‍ 35 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവര്‍ മൂലം 38.2 ശതമാനം രോഗബാധയുണ്ടാകുന്നു. 9 വയസ്സ് വരെയുള്ള കുട്ടികള്‍ ആകെ രോഗബാധയുടെ 2.7 ശതമാനത്തിന് മാത്രമാണ് കാരണക്കാരാകുന്നതെന്നും 10 മുതല്‍ 19 വയസ്സ് വരെയുള്ളവര്‍ 7.1 ശതമാനം അണുബാധയുണ്ടാക്കുന്നെന്നും പഠന റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

ഏറ്റവുമധികം രോഗവ്യാപനം ഉണ്ടാക്കുന്ന 20 മുതല്‍ 49 വരെ പ്രായവിഭാഗത്തിലുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കുന്നത് രോഗവ്യാപനം കുറയ്ക്കാന്‍ സഹായകമാകുമെന്നും പഠനം നിരീക്ഷിക്കുന്നു. ഇത്തരത്തില്‍ കുത്തിവയ്പ്പ് നല്‍കിയാല്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ളവ സുരക്ഷിതമായി പുനരാരംഭിക്കാമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.