ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് പേ റിവ്യൂ ബോഡിയുടെ ശുപാർശകൾ മന്ത്രിമാർ അംഗീകരിച്ചതിനെ തുടർന്ന് നേഴ്സുമാർ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. എൻഎച്ച്എസിലെ വിവിധ ബാൻഡുകളിൽ ജോലി ചെയ്യുന്ന നേഴ്സുമാർക്ക് 5.5 ശതമാനം ഏകീകൃത ശമ്പള വർദ്ധനവ് 2024 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തിലാണ് ലഭിക്കുന്നത്. എൻഎച്ച്എസ് ജീവനക്കാരെ കൂടാതെ അധ്യാപകർ, സായുധ സേന, പോലീസ്, ജയിൽ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങൾക്കും ശമ്പള വർദ്ധനവ് നടപ്പിലാക്കുമെന്ന് ചാൻസിലർ റെയ്ച്ചൽ റീവ്സ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശമ്പള വർദ്ധനവ് സർക്കാരിന് 9.4 ബില്യൺ പൗണ്ടിന്റെ അധിക ബാധ്യത സൃഷ്ടിക്കും . നേഴ്സുമാർക്ക് 5.5 ശതമാനം മാത്രം ശമ്പള വർദ്ധനവ് ലഭിക്കുമ്പോൾ ജൂനിയർ ഡോക്ടർമാർക്ക് അതിൻറെ നാല് ഇരട്ടിയിലേറെ വർദ്ധനവ് ആണ് നടപ്പിലാക്കാൻ പോകുന്നത് . ജൂനിയർ ഡോക്ടർമാർക്കായി 22% വരെ ശമ്പള വർദ്ധനവിന്റെ പാക്കേജ് ആണ് സർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത്. സാമ്പത്തിക ബാധ്യത കാരണം മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ച 40 എൻ എച്ച് എസ് ആശുപത്രികൾ നിർമ്മിക്കാനുള്ള പദ്ധതികളും റദ്ദാക്കിയതിൽ ഉൾപ്പെട്ടിട്ടുണ്ട്.

മലയാളികളിൽ ഭൂരിഭാഗവും ജോലി ചെയ്യുന്ന നേഴ്സിംഗ് മേഖലയിലെ ശമ്പള വർദ്ധനവിൽ നിരാശരാണ് മിക്ക മലയാളി നേഴ്സുമാരും. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായ ശമ്പള വർധനവ് ലഭിച്ചില്ലെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ജൂനിയർ ഡോക്ടർമാർക്ക് കൈയ്യയച്ച്‌ ശമ്പള വർദ്ധനവ് നടപ്പിലാക്കിയ സർക്കാർ നേഴ്സുമാരുടെ കാര്യത്തിൽ ചിറ്റമ്മ നയമാണ് സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യ പരിചരണത്തിന് നിർണ്ണായക സ്ഥാനം വഹിക്കുന്നവരാണ് നേഴ്സുമാർ എന്നും എന്നാൽ തങ്ങളുടെ ശമ്പളം ഇത് പ്രതിഫലിക്കുന്നില്ലെന്നും ആർസിഎൻ ജനറൽ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവുമായ പ്രൊഫസർ നിക്കോള റേഞ്ചർ പറഞ്ഞു. വരുംദിവസങ്ങളിൽ തങ്ങളുടെ അംഗങ്ങൾക്കിടയിൽ ശമ്പള വർദ്ധനവിനെ കുറിച്ച് അഭിപ്രായ സർവേ നടത്തുമെന്ന് ആർസിഎൻ അറിയിച്ചു.