ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മൂന്നു പേരുടെ മരണത്തിന് കാരണമായ സ്‌റ്റോൺഹേവൻ ട്രെയിൻ ദുരന്തത്തിൽ വീഴ്ച സംഭവിച്ച നെറ്റ്‌വർക്ക് റെയിലിന് 6.7 മില്യൺ പൗണ്ട് പിഴ ചുമത്തി. 2020 ഓഗസ്റ്റിൽ ആയിരുന്നു നാടിനെ നടുക്കിയ സംഭവം. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കാർമോണ്ടിൽ അബർഡീൻ മുതൽ ഗ്ലാസ്‌ഗോ വരെയുള്ള സർവീസ് ആണ് പാളം തെറ്റിയത്. ട്രാക്കിന്റെ ഒരു ഭാഗം സുരക്ഷിതമല്ലെന്ന് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. ട്രെയിനിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റ ആറുപേരുടെയും കുടുംബങ്ങൾക്കുണ്ടായ നഷ്ടം പിഴയിലൂടെ നികത്താനാവില്ലെന്ന് ജഡ്ജി മാത്യൂസ് പറഞ്ഞു.

ഡ്രൈവർ ബ്രെറ്റ് മക്കല്ലോ (45), കണ്ടക്ടർ ഡൊണാൾഡ് ഡിന്നി (58), യാത്രക്കാരൻ ക്രിസ്റ്റഫർ സ്റ്റച്ച്ബറി (62) എന്നിവരാണ് അപകടത്തിൽ മരിച്ചത്.സമാനമായ സംഭവം ആവർത്തിക്കാതിരിക്കുകയാണ് ലക്ഷ്യമെന്ന് ക്രൗൺ ഓഫീസും പ്രോസിക്യൂഷൻ ഫിസ്കൽ സർവീസും പറഞ്ഞു. ഗ്ലാസ്‌ഗോയിലേക്കുള്ള 06:38 സർവീസിന് യാത്ര പൂർത്തിയാക്കാനായില്ല.അബർഡീനിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

അബർഡീനിലെ ഹൈക്കോടതിയിൽ കമ്പനി ഇന്നലെ ക്രിമിനൽ കുറ്റം സമ്മതിച്ചു. പ്രദേശത്തെ ഡ്രെയിനേജിന്റെ അറ്റകുറ്റപ്പണികളിലും പരിശോധനയിലും വീഴ്ച ഉണ്ടായതായും കമ്പനി പറയുന്നു. എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിനിന്റെ വേഗത കുറയ്ക്കാൻ ശ്രമിച്ചിട്ടും, ട്രാക്കിലെ അവശിഷ്ടങ്ങളിൽ ഇടിക്കുന്നതിന് മുമ്പായി ട്രെയിൻ നിർത്താൻ കഴിഞ്ഞില്ലെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. എല്ലാ അന്വേഷണങ്ങളോടും സഹകരിക്കുമെന്നും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അതീവ ശ്രദ്ധ പുലർത്തുമെന്നും നെറ്റ്‌വർക്ക് റെയിലിനെ പ്രതിനിധീകരിച്ച് പ്രതിഭാഗം അഭിഭാഷകൻ പീറ്റർ ഗ്രേ പറഞ്ഞു.