ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആണവ പോര്‍മുന ഘടിപ്പിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി 5 ഒഡിഷയില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. 5000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാന്‍ കഴിയുന്നവയാണ്. ഒഡിഷയിലെ ഭദ്രക് ജില്ലയിലെ അബ്ദുല്‍ കലാം ദ്വീപില്‍ നിന്നും ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് മിസൈല്‍ വിജയകരമായി വക്ഷേപിച്ചത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയുടെ സ്ട്രാറ്റജിക് കമാന്‍ഡ് ഫോഴ്‌സാണ് അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള മിസൈല്‍ വികസിപ്പിച്ചത്.
അഗ്‌നി 5 മിസൈലിന്റെ വിജയകരമായ ഏഴാമത്തെ പരീക്ഷണമാണിത്. ചൈനയിലെ പ്രമുഖ നഗരങ്ങളായ ബെയ്ജിംഗ്, ഷാങ്ഹായ്, ഗുവാന്‍ഷു എന്നിവ അഗ്‌നി 5 ന്റെ ദൂരപരിധിയില്‍വരുമെന്ന് പ്രതരോധമേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു. ഏഷ്യന്‍ ഭൂഖണ്ഡം പൂര്‍ണമായും യൂറോപ്പ്, ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങള്‍ ഭാഗികമായും ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇന്തൊനീഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, എന്നീ രാജ്യങ്ങളും അഗ്‌നി 5ന്റെ പ്രഹര പരിധിയില്‍ വരും. നിലവില്‍ അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ്, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ക്കുമാത്രമേ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുള്ളൂ. ഇനി ഈ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും.അഗ്‌നി 5 നെ റെയില്‍ വാഹനത്തിലും പടുകൂറ്റന്‍ ട്രക്കിന്റെ ട്രെയിലറില്‍ ഘടിപ്പിച്ചും സ്ഥാനം മാറ്റാം. കനിസ്റ്ററിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുപോകുമ്പോള്‍ ശത്രു ഉപഗ്രഹങ്ങള്‍ക്ക് ഇതിന്റെ സ്ഥാനം കണ്ടെത്താന്‍ കഴിയില്ല. ഇന്ത്യയിലെ എവിടെ നിന്ന് വിക്ഷേപിച്ചാലും ചൈനയുടെ ഏത് കോണിലും പറന്നെത്തും. ‘ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ്’ വിഭാഗത്തില്‍പെട്ട അഗ്‌നി 5 ഒരിക്കല്‍ തൊടുത്തു കഴിഞ്ഞാല്‍ മിസൈല്‍വേധ മിസൈലുകള്‍ ഉപയോഗിച്ച് മാത്രമേ തടുക്കാനാകൂ.
Leave a Reply