അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി കേസിൽ പ്രതിയായ ബ്രിട്ടിഷ് ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ ഇന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും . മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറാൻ യു.എ.ഇ നീതിന്യായ മന്ത്രാലയം അനുമതി നൽകിയതിനു പിന്നാലെയാണ് ഡൽഹിയിൽ എത്തിച്ചത്. വിവിഐപി ഹെലികോപ്റ്റർ കരാർ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകൾക്ക് ഇടനിലക്കാരനായി പ്രവർത്തിച്ചു എന്നതാണ് ക്രിസ്ത്യൻ മിഷേലിനെതിരായ കുറ്റം.
യു.എ.ഇ യിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ രാത്രി 11 മണിയോട് കൂടിയാണ് ക്രിസ്ത്യൻ മിഷേലിനെ ഡൽഹിയിൽ എത്തിച്ചത്. മിഷേലിനെ ഇന്ത്യക്ക് കൈമാറാൻ യു.എ.ഇ സർക്കാർ ഇന്നലെ അനുമതി നൽകിയിരുന്നു. സിബിഐ ആസ്ഥാനത്തു എത്തിച്ച മിഷേലിനെ വൈദ്യ പരിശോധനകൾക്ക് വിധേയനാക്കിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. മിഷേലിനെ ഇന്ത്യയ്ക്ക് വിട്ടുനല്കാന് കഴിഞ്ഞ മാസം പത്തൊൻപതിനു ദുബായ് ഉന്നത കോടതി വിധിച്ചിരുന്നു.
നീതിന്യായ മന്ത്രാലയത്തിന്റ അനുമതി കൂടി ലഭിച്ചതോടെയാണ് മിഷേലിനെ ഇന്ത്യക്ക് വിട്ടു കിട്ടാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായത്. വിവിഐപി ഹെലികോപ്റ്റർ കരാർ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകൾക്ക് ഇടനിലക്കാരനായി പ്രവർത്തിച്ചു എന്നതാണ് ക്രിസ്ത്യൻ മിഷേലിനെതിരായ കുറ്റം. ഇതിനായി അഗസ്റ്റ വെസ്റ്റ്ലാൻഡിൽ നിന്നു മിഷേൽ ഇരുന്നൂറ്റിഇരുപത്തിയഞ്ചുകോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രണ്ടായിരത്തിപതിനാറിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
മിഷേലിനെതിരെ ഡൽഹി പട്യാല ഹൌസ് കോടതി 2017 ജനുവരിയിൽ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇന്റർപോളിന്റെ സഹായത്തോടെയാണ് ദുബായിൽ വച്ച് മിഷേലിനെ അറസ്റ്റു ചെയ്തത്. യുപിഎ സർക്കാരിനെതിരെയുള്ള രാഷ്ട്രീയആരോപണങ്ങളിൽ ഒന്നായിരുന്നു അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലിക്കോപ്റ്റര് അഴിമതിക്കേസ്. മിഷേലിനെ ഇന്ത്യയിൽ എത്തിച്ചത് ബിജെപിയെ സംബന്ധിച്ചടത്തോളം വലിയ രാഷ്ട്രീയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്.
Leave a Reply