യുഎസ് പ്രസിഡന്റിന്റെ വരവിനോടനുബന്ധിച്ച മതിൽ നിർമാണം വിവാദമായതോടെ അഹമ്മദാബാദിലെ ചേരി നിവാസികളെ പൂർണമായും ഒഴിപ്പിക്കാൻ ശ്രമം. ഏഴ് ദിവസത്തിനകം വീട് വിട്ടൊഴിയാൻ അഹമ്മദാബാദ് കോർപ്പറേഷൻ നോട്ടിസ് നൽകി.
ട്രംപും-മോദിയും പങ്കെടുക്കുന്ന നമസ്തേ ട്രംപ് പരിപാടിയുമായി ഇതിനു ബന്ധമില്ലെന്നാണു കോർപ്പറേഷന്റെ വിശദീകരണം. അതിനിടെ മതിലിന്റെ നിർമാണം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചേരി നിവാസികള്‍ കയ്യേറി താമസിക്കുന്നത് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭൂമിയാണെന്നും ടൗണ്‍ പ്ലാനിംഗിന്റെ ഭാഗമായാണു നടപടിയെന്നും കോര്‍പ്പറേഷന്‍ പറയുന്നു. ഏഴു ദിവസത്തിനകം ഇവർ ഒഴിഞ്ഞു പോകണം. എങ്ങോട്ടു വേണമെങ്കിലും പൊയ്‌ക്കോളൂ എന്നാണ് അധികൃതര്‍ പറയുന്നതെന്നു ചേരി നിവാസികള്‍ പറയുന്നു. കുറഞ്ഞതു നാല് പേരെങ്കിലും അടങ്ങുന്ന ഓരോ കുടുംബവും താല്‍ക്കാലികമായി എവിടെ അന്തിയുറങ്ങുമെന്ന് അറിയാതെ ദുരിതത്തിലാണ്.
ഈ മാസം ഈ മാസം 24,25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. സന്ദര്‍ശനവേളയില്‍ അഹമ്മദാബാദിലെ ചേരി കാണാതിരിക്കാനല്ല സുരക്ഷ ഉറപ്പാക്കാനാണ് മതിൽ പണിതതെന്നായിരുന്നു ഗുജറാത്ത് സർക്കാരിന്റെ വിശദീകരണം. ഗുജറാത്തെന്നാൽ അമേരിക്ക പോലെ വികസിച്ചതാണെന്ന വ്യാജപ്രചാരണം സത്യമാക്കാനെന്ന പോലെ ചേരികളും ദരിദ്രജീവിതങ്ങളും മറച്ചുവയ്ക്കാനാണ് ഏഴടിയോളം ഉയരത്തിൽ മതിൽ പണിയുന്നതെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സർക്കാർ രംഗത്തെത്തിയത്. മോദി യുഎസ് സന്ദർശിച്ചപ്പോൾ നടത്തിയ ഹൗഡി മോദി പരിപാടിക്കു സമാനമായ രീതിയിൽ കെം ഛോ ട്രംപ് (ഹൗ ആർ യു ട്രംപ്) പരിപാടിയും ലക്ഷങ്ങളെ പങ്കെടുപ്പിച്ചു റോഡ് ഷോയും നടത്താനാണു മോദിയും വിജയ് രുപാണി സർക്കാരും ലക്ഷ്യമിടുന്നത്.
മൂന്നുമണിക്കൂർ മാത്രം ഗുജറാത്തിൽ ചെലവഴിക്കുന്ന ട്രംപ് കടന്നു പോകുന്ന വഴികളിൽ കോടികൾ മുടക്കിയുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായിരുന്നു. ട്രംപ് കടന്നു പോകുന്ന വഴികളിലെ പാൻമസാല കടകൾ സീൽ ചെയ്തതായും വഴിയിലെ തെരുവ്‌നായ്ക്കളെ പൂട്ടിയിടാന്‍ തീരുമാനിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.
പട്ടിക വിഭാഗ തൊഴിൽ സംവരണത്തിനെതിരെയുണ്ടായ സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്രസർക്കാരിന്റെ നടപടി വൈകുന്നു എന്നു കുറ്റപ്പെടുത്തിയാണ്, അഹമ്മദാബാദ് മൊട്ടേരയിലെ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനത്തിന് ട്രംപ് എത്തുമ്പോൾ വേദിക്കു പുറത്തു പ്രതിഷേധിക്കാൻ കോൺഗ്രസ് നീക്കം.
നഗരത്തിൽ ട്രംപ് വരുന്നതിനു മുൻപായി സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കി. അഞ്ഞൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പതിനായിരത്തോളം പൊലീസുകാരെ വഴിയിലുടനീളം വിന്യസിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ട്രംപിന്റെയും സുരക്ഷയ്ക്കു കോടികളാണു മുടക്കിയിരിക്കുന്നത്. ഇതോടെ കോൺഗ്രസിന്റെ പ്രതിഷേധം കൈകാര്യം ചെയ്യുകയെന്നതു സർക്കാരിനു അഭിമാനപ്രശ്നമാകും.
സര്‍ക്കാര്‍ ജോലിയിലെ സ്ഥാനക്കയറ്റത്തില്‍ സംവരണം മൗലികാവകാശമല്ലെന്നും അതു സർക്കാരിനു തീരുമാനിക്കാവുന്നതാണെന്നും അടുത്തിടെ സുപ്രീം കോടതി വിധിച്ചിരുന്നു. വിധിക്കെതിരെ പുനഃപരിശോധനാ ഹർജി അടക്കമുള്ള നടപടികൾ കേന്ദ്ര സർക്കാർ എടുക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
ഇതിൽ കാലതാമസമുണ്ടാവുന്നെന്ന് ആരോപിച്ചാണു കോൺഗ്രസ് ഡൽഹിയിലും ഗുജറാത്തിലും പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാജ്യവ്യാപകമായ പ്രതിഷേധത്തിന്റെ തുടക്കമാണ് ഇതെന്നും വേണ്ടിവന്നാൽ ട്രംപും മോദിയും ഒന്നിക്കുന്ന മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങിന്റെ വേദിക്കു പുറത്തു പ്രതിഷേധിക്കുമെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അമിത് ഛാവഡ വ്യക്തമാക്കി.
Leave a Reply