നെയ്യാറ്റിന്‍കരയില്‍ യുവാവിന്റെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമാണെന്ന് സംശയം. പ്രാഥമിക പരിശോധനാഫലത്തിൽ തലച്ചോറിലെ അണുബാധ മൂലമാണ് മരണമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ജൂലായ് 23 നാണ് നെല്ലിമൂട് സ്വദേശി അഖില്‍ മരിച്ചത്.

രണ്ട് ദിവസം മുമ്പ് സമാനലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച അനീഷെന്ന യുവാവിന്റെ നില ​ഗുരുതരമാണ്. അനീഷിന്റെ സാമ്പിൾ തിങ്കളാഴ്ച പരിശോധനയ്ക്ക് പരിശോധനക്കയയ്ക്കുമെന്നാണ് അധികൃതരിൽനിന്ന് ലഭിക്കുന്ന വിവരം.

കഠിനമായ പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ജൂലായ് 21-ന് അഖിലിനെ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ അഖിലിനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സമാന രോഗലക്ഷണങ്ങളുമായി അഞ്ചുപേര്‍ കൂടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്.

നെല്ലിമൂട് കാവിന്‍കുളത്തില്‍ കുളിച്ചവരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉളളത്. മരിച്ചയാള്‍ ഉള്‍പ്പെടെ കുളിച്ച കുളം താല്‍ക്കാലിക സംവിധാനത്തിലൂടെ ആരോഗ്യവകുപ്പ് അടച്ചു. കുളത്തിലെ സാമ്പിളെടുത്ത് പരിശോധനയ്ക്കയച്ചു. ദിനംപ്രതി ഈ കുളത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാൽപതിലധികം പേര്‍ കുളിക്കാനെത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.