ന്യൂസ് ഡെസ്ക്, മലയാളം യുകെ

എല്ലാ കണ്ണുകളും ജെറമി ഹണ്ടിലേയ്ക്കാണ്. മാർച്ച് 6-ാം തീയതി അദ്ദേഹം 2024 – 25 സാമ്പത്തിക വർഷത്തിലേയ്ക്കുള്ള ബഡ്ജറ്റ് അവതരിപ്പിക്കും. അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബഡ്ജറ്റ് ഒട്ടേറെ ജനപ്രിയമായിരിക്കും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. യുകെ മലയാളികളും ബഡ്ജറ്റിനെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ഏകദേശം 800 മില്യൺ പൗണ്ടിന്റെ സാങ്കേതിക പരിഷ്കാരങ്ങൾ എൻഎച്ച്എസിലും നിയമപരിപാലനത്തിലും നടപ്പിലാക്കാൻ ബഡ്ജറ്റിൽ നിർദ്ദേശം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ എൻഎച്ച്എസിലെ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുള്ള വിപുലമായ പദ്ധതികൾക്കുള്ള സാമ്പത്തിക സഹായം ബഡ്ജറ്റിൽ ഉണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള ആധുനികവത്കരണമാണ് നടപ്പിലാക്കുക. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ എൻഎച്ച്എസിലെ സ്കാൻ ടൈം മൂന്നിലൊന്നായി കുറയ്ക്കാമെന്നാണ് കണകാക്കുന്നത് .


ഇതോടൊപ്പം ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിനും ട്രാഫിക് നിയന്ത്രണങ്ങൾക്കും മറ്റുമായി വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വൻ ആധുനികവത്കരണം ആണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള പരിഷ്കരണം ഉപകാരപ്രദമായിരിക്കും എന്നാണ് പൊതുവെ നിരീക്ഷിക്കപ്പെടുന്നത്. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും ട്രാഫിക് ജാമുകൾ ഒഴിവാക്കുന്നതിനും പുതിയ പരിഷ്കാരങ്ങൾ സഹായിക്കും. പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിലൂടെ ഓരോ വർഷവും 38 ദേശലക്ഷം മണിക്കൂർ സമയം ലാഭിക്കാൻ പോലീസ് ഡിപ്പാർട്ട്മെൻ്റിന് സാധിക്കും.

യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടു തന്നെ എൻഎച്ച്എസിലെ ആധുനിക വത്കരണം നല്ലൊരു ശതമാനം യുകെ മലയാളികൾക്കും പ്രത്യക്ഷമായോ പരോക്ഷമായോ ഉപകാരപ്പെടും. ഇംഗ്ലണ്ടിലെ 100 എംആർഐ സ്കാനറുകൾ എങ്കിലും നിർമ്മിത ബുദ്ധി ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഫലമായി 130,000 രോഗികൾക്ക് എങ്കിലും പരിശോധന ഫലങ്ങൾ നേരത്തെ ലഭിക്കുന്നതിന് കാരണമാവും.

ഈ വർഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകരെ കൈയ്യിലെടുക്കാനുള്ള പൊടിക്കൈകൾ ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്