ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രായപൂർത്തിയാകാത്തവരും കുട്ടികളും അശ്ലീല ദൃശ്യങ്ങളും പോണോഗ്രാഫി വെബ്സൈറ്റുകളും ഉപയോഗിക്കുന്നത് തടയാൻ യുകെയിൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിൽ വന്നു. പോണോഗ്രാഫി കാണുന്നത് കുട്ടികളിൽ ഒട്ടേറെ മാനസിക വൈകല്യങ്ങൾക്ക് കാരണമാകുന്നതായി നേരത്തെ തന്നെ പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പ്രശ്നത്തെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്നതിന് ഫലപ്രദമായ ഒരു നിയമം നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. പോണോഗ്രാഫി സൈറ്റുകളിൽ പ്രവേശിക്കുന്നതിനുള്ള നിയമപരമായ പ്രായപരുധി 18 വയസ്സാണ് . എന്നാൽ ശരാശരി 13 വയസ്സ് പ്രായമുള്ള കുട്ടികൾ മുതൽ പോണോഗ്രാഫി സൈറ്റുകൾ സന്ദർശിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
പുതിയ നിയമം അനുസരിച്ച് അശ്ലീല ഉള്ളടക്കം പ്രദർശിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്ന വെബ്സൈറ്റുകളിലും ആപ്പുകളിലും പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇത്തരം ദൃശ്യങ്ങൾ കാണുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കർശനമായ നിർദ്ദേശം നൽകപ്പെട്ടിട്ടുണ്ട്. ഇതിനായി നിർമ്മിത ബുദ്ധിയുടെ സേവനം ഉപയോഗപ്പെടുത്താനാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് . ഒൻപത് വയസ്സുള്ള കുട്ടികൾ വരെ ഇത്തരം ദൃശ്യങ്ങൾ കാണുന്നതായുള്ള വിവരങ്ങൾ ഇംഗ്ലണ്ടിലെ ചിൽഡ്രൻ കമ്മീഷണറുടെ ഓഫീസ് 2021 – 2022 – ൽ നടത്തിയ പഠനത്തിൽ പുറത്തുവന്നിരുന്നു.
ഇത്തരം സൈറ്റുകളിലും ആപ്പുകളിലും പ്രവേശിക്കുന്ന വ്യക്തികൾ തെറ്റായ പ്രായവിവരങ്ങൾ നൽകിയാലും അവരുടെ മറ്റു വിവരങ്ങൾ വിശകലനം ചെയ്ത് പ്രായം കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗപ്പെടുത്താനാണ് നീക്കം. സൈറ്റുകളിൽ പ്രവേശിക്കുന്നവരുടെ ഫോട്ടോകളിൽ കൂടി അവരുടെ പ്രായം നിർണയിക്കപ്പെടും. പ്രായം തെളിയിക്കുന്നതിനുള്ള മറ്റ് ഐഡികൾ നൽകുന്നതും നിർദ്ദേശങ്ങളുടെ ഭാഗമായി ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. പോണോഗ്രാഫി കാണുന്നതിൽ നിന്ന് കുട്ടികളെ തടയുന്നതിനൊപ്പം മുതിർന്നവരുടെ സ്വകാര്യതയും സ്വതന്ത്രവും സംരക്ഷിക്കാനാണ് തങ്ങളുടെ നീക്കമെന്ന് മീഡിയ റെഗുലേറ്റർ ഓഫ്‌കോം സിഇഒ മെലാനി ഡോവ്സ് അറിയിച്ചു.
Leave a Reply