ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെ ഭക്ഷണം പാഴാക്കാതിരിക്കാനുള്ള സാങ്കേതികവിദ്യ വിജയം കണ്ടു. നെസ്‌ലെ ഉൾപ്പെടെ യുകെയിൽ ഉടനീളമുള്ള വിവിധ കമ്പനികൾ എഐയുടെ സഹായത്തോടെ ഭക്ഷണം പുനർ വിതരണം ചെയ്യുന്നത് നടപ്പിലാക്കുന്നതിലൂടെയാണ് ഇത് സാധിച്ചിരിക്കുന്നത്. ഫലപ്രദമായ രീതിയിൽ ഈ ടൂൾ ഉപയോഗിക്കുന്നതിലൂടെ ഭക്ഷണം പാഴാക്കുന്നത് 87 ശതമാനത്തിന്റെ കുറവു വരെയാണ് ഉണ്ടായത്.
പൈലറ്റ് സ്കീം നടപ്പിലാക്കിയപ്പോൾ 700 ടൺ വരെ ഗുണനിലവാരമുള്ള മികച്ച ഭക്ഷണം ലാഭിക്കാൻ കഴിഞ്ഞതായി നെസ്‌ലെ പറഞ്ഞു. ഇത് ഏകദേശം 1.5 മില്യൺ പൗണ്ട് വിലമതിക്കുന്നതാണ്. യുകെയിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ ഈ ടൂൾ ഉപയോഗിക്കുന്നത് പാഴാക്കി കളയുന്ന ഭക്ഷണത്തിന്റെ അളവിൽ ഗണ്യമായ കുറവ് വരുത്താൻ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
പല ഭക്ഷണപദാർത്ഥങ്ങളുടെയും എക്സ്പയറി ഡേറ്റ് ചെറിയ കാലയളവിലേയ്ക്കുള്ള താണ്. ഇത് എഐയുടെ സഹായത്തോടെ വിദഗ്ധമായി പുനർ വിതരണം നടപ്പിലാക്കുന്നതിലൂടെയാണ് ഭക്ഷണ ഉത്പന്നങ്ങൾ പാഴാകുന്നത് തടയാൻ സാധിക്കുന്നത്. വ്യത്യസ്ത നിർമ്മാതാക്കളുമായി നടത്തിയ നിരവധി പരീക്ഷണങ്ങൾക്ക് ശേഷം, അടുത്ത വർഷം മാർച്ചോടെ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിൽ ഭക്ഷ്യ വിതരണ ശൃംഖലയിലുടനീളം
ഈ സാങ്കേതികവിദ്യ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്.
സർക്കാർ ഏജൻസിയിലെ ഇന്നോവേറ്റ് യു കെ യുടെ ധനസഹായത്തോടെയാണ് AI ടൂൾ വികസിപ്പിച്ചത്. ഈ Al ടൂൾ വികസിപ്പിക്കാനായി 1.9 മില്യൺ പൗണ്ട് ആണ് ഗ്രാൻഡ് ആയി നൽകിയത്. യുകെയിലുടനീളമുള്ള ഭക്ഷ്യ സ്രോതസ്സിംഗും വിതരണവും പരിവർത്തനം ചെയ്യുക, മാലിന്യം കുറയ്ക്കുക, കാർബൺ ഉദ്‌വമനം കുറയ്ക്കുക, ചെലവ് കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത് എന്ന് ഡാറ്റാ ഇക്കണോമി ഡയറക്ടർ എസ്ര കസപോഗ്ലു പറഞ്ഞു. 10 ബില്യൺ ഭക്ഷണത്തിന് തുല്യമായ ഏകദേശം 4.6 മില്യൺ ടൺ ഭക്ഷ്യയോഗ്യമായ ഭക്ഷണം യുകെയിൽ ഓരോ വർഷവും പാഴാക്കപ്പെടുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. യുകെയിലുടനീളമുള്ള 8,000-ത്തിലധികം ചാരിറ്റികൾക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകൾക്കും ഭക്ഷണം പുനർവിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഈ സാങ്കേതികവിദ്യ വലിയ മാറ്റമുണ്ടാക്കുമെന്ന് ചാരിറ്റിയായ ഫെയർഷെയറിലെ ഭക്ഷ്യ ഡയറക്ടർ സൈമൺ മില്ലാർഡ് പറഞ്ഞു.
Leave a Reply