പൊലീസുകാരനെ എയ്ഡ്‌സ് രോഗിയായ ക്രിമിനല്‍ കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെട്ടു. വിഴിഞ്ഞത്ത് ഡ്യൂട്ടിയിലിരിക്കവെ കൈയ്ക്ക് പരിക്കേറ്റ പൊലീസുകാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവമുണ്ടായത്. വിഴിഞ്ഞം ഫിഷ് ലാന്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് കടിയേറ്റത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ വെട്ടുകേസില്‍ കഴിഞ്ഞയാഴ്ച റിമാന്‍ഡ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഇതിന്റെ വിരോധത്തിലാണ് പ്രകോപനമൊന്നും കൂടാതെ ഡ്യൂട്ടി സ്ഥലത്തെത്തി പൊലീസുകാരനെ ആക്രമിച്ചത്. അപ്രതീക്ഷിതമായി പൊലീസുകാരനെ തള്ളി നിലത്തിട്ട ഇയാള്‍ കൈയ്യേറ്റം ചെയ്തശേഷം കൈയ്യില്‍ കടിയ്ക്കുകയായിരുന്നു. പൊലീസുകാരന്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഡ്യൂട്ടിയ്ക്കുണ്ടായിരുന്ന മറ്റൊരു പൊലീസുകാരന്‍ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. വിഴിഞ്ഞം ഫിഷ് ലാന്റിലും പരിസരത്തും സ്ഥിരം ശല്യക്കാരനായ ഇയാള്‍ക്കെതിരെ നിരവധികേസുകളുണ്ട്. കാപ്പാ നിയമപ്രകാരം മുമ്പ് കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുള്ള ഇയാള്‍ പ്രദേശവാസികളായ പലരെയും മുമ്പ് അക്രമിച്ചിട്ടുണ്ട്. ഇയാള്‍ എയ്ഡ്‌സ് രോഗിയാണെന്ന് നേരത്തെ സ്ഥിരീകരിക്കപ്പെട്ടതായി പൊലീസ് പറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പൊലീസുകാരനെ രക്ത പരിശോധനയ്ക്ക് വിധേയനാക്കിയശേഷം രോഗ പ്രതിരോധ മരുന്നുകളും പരിചരണവും നല്‍കിവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി വിഴിഞ്ഞം സി.ഐ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ