കാൻസർ ബാധിച്ചു ഗുരുതരാവസ്ഥയിലുള്ള മലയാളി ബ്രിട്ടനിൽനിന്ന്‌ ജന്മനാട്ടിലെത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കനിവുതേടുന്നു. കോട്ടയം സ്വദേശി പ്രസാദ് ദാസ് എലിമ്പാ(37)നാണ് ബ്രിട്ടനിലെ നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിലുള്ളത്. സാധ്യമായ ചികിത്സ നൽകിക്കഴിഞ്ഞെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതിനാൽ തുടർചികിത്സയ്ക്ക്‌ കേരളത്തിലെത്താനാണ് പ്രസാദിന്റെയും കുടുംബാംഗങ്ങളുടെയും ആഗ്രഹം. കോവിഡിനെത്തുടർന്ന് വിമാനസർവീസുകൾ മുടങ്ങിക്കിടക്കുന്നതിനാൽ അദ്ദേഹത്തെ നാട്ടിലെത്തിക്കാൻ മുൻകേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മുൻകൈയെടുത്ത് നടപടികൾ ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങളെയും കണ്ണന്താനം ഇതിനായി സമീപിച്ചു. കേരള സർക്കാർ സമ്മതിച്ചാൽ രോഗിയെ നാട്ടിലെത്തിക്കാമെന്നാണ് കേന്ദ്ര മന്ത്രാലയങ്ങളുടെ മറുപടി. പ്രസാദ് ദാസിനെ ബ്രിട്ടനിൽനിന്ന്‌ എയർ ആംബുലൻസ് വഴി ഉടൻ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കണ്ണന്താനം പറഞ്ഞു.

യു.എസ്. റ്റി ഗ്ലോബൽ എന്ന കമ്പനിയിൽ സോഫ്‌റ്റ്‌വേർ എൻജിനിയറാണ് എലിമ്പൻ. രണ്ടുവർഷമായി നോട്ടിങ്ഹാമിൽ കഴിയുന്നു. ഉദരത്തിൽ കാൻസർ ബാധിച്ചതിനെത്തുടർന്നാണ് ഇപ്പോൾ ആശുപത്രിയിൽ കഴിയുന്നത്. കോവിഡ് വ്യാപകമായതോടെ, കൂടുതൽ ചികിത്സയ്ക്കുള്ള സാധ്യതയടഞ്ഞു. കേരളത്തിൽ ചികിത്സ തുടർന്നാൽ രക്ഷപ്പെടുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് കുടുംബം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പാലിയേറ്റീവ് കെയർ ചികിത്സ നടത്താനും തീരുമാനിച്ചു. മലയാളി കൂട്ടായ്മയായ ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവ് (ഡി.എം.സി.) എന്ന സംഘടനയുടെ മുമ്പാകെ ഈ വിഷയമെത്തി. ഡി.എം.സി.യുടെ രക്ഷാധികാരികളാണ് അൽഫോൻസ് കണ്ണന്താനവും സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫും. ഡി.എം.സി. ഗ്ലോബൽ ഹെൽപ് ഡെസ്‌ക് ബ്രിട്ടീഷ് അധികൃതരുമായി ബന്ധപ്പെട്ടു. ബ്രിസ്റ്റൾ ബ്രാഡ്‌ലി സ്റ്റോക്കിന്റെ മേയർ ടോം ആദിത്യ മുൻകേന്ദ്രമന്ത്രിയെന്ന നിലയിൽ ഔദ്യോഗികമായി തന്നെ അൽഫോൻസ് കണ്ണന്താനത്തിനു കത്തെഴുതി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രസാദ് ദാസ്, ഭാര്യ, നാലു വയസ്സുള്ള മകൾ എന്നിവരെ എയർ ആംബുലൻസിൽ കോഴിക്കോട്ടെത്തിക്കാനുള്ള എല്ലാ നടപടികളും ബ്രിട്ടനിൽനിന്നു ചെയ്യാമെന്ന് മേയർ വാഗ്ദാനം ചെയ്തു. എയർ ആംബുലൻസിൽ എത്തിക്കാനുള്ള ചെലവുകൾ കുടുംബവും സുഹൃത്തുക്കളും ചേർന്നു വഹിക്കാമെന്നുമേറ്റു. ഇതിനുള്ള അനുമതി ലഭ്യമാക്കണമെന്നും മേയർ അഭ്യർഥിച്ചു. അൽഫോൻസ് കണ്ണന്താനം ഉടൻ ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങൾക്ക് കത്തെഴുതുകയും വകുപ്പുമേധാവികളെ നേരിട്ടു വിളിക്കുകയും ചെയ്തു. വ്യോമയാന മന്ത്രാലയത്തെയും ബന്ധപ്പെട്ടു. കേരള സർക്കാർ സമ്മതിച്ചാൽ തങ്ങൾക്ക് എതിർപ്പില്ലെന്നാണ് അവരെല്ലാം അറിയിച്ചിട്ടുള്ള മറുപടി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ ധാരണയാവുന്നതോടെ ഏറ്റവും അടുത്ത ദിവസംതന്നെ പ്രസാദ് ദാസിനു നാട്ടിലെത്താൻ കഴിയുമെന്നും കണ്ണന്താനം പറഞ്ഞു.

കൂട്ടായ്മ രൂപവത്കരിച്ച ചൊവ്വാഴ്ച അമ്പതുദിവസം പൂർത്തിയായ ഡി.എം.സി.യുടെ പ്രവർത്തകർക്കാവട്ടെ ഇങ്ങനെയൊരു ഇടപെടൽ അഭിമാനമുഹൂർത്തവുമായി.