യാത്രക്കാര്‍ക്ക് വിരുന്നൊരുക്കി വിമാനക്കമ്പനികള്‍ കേരളത്തിന്റെ ഓണ രുചികള്‍ ആകാശത്തേക്ക് കൊണ്ടുവരുന്നു. സെപ്റ്റംബര്‍ ആറ് വരെ യുഎഇയില്‍ നിന്ന് കേരളത്തിലേക്കും മംഗളൂരുവിലേക്കും ഉള്ള അന്താരാഷ്ട്ര വിമാനങ്ങളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക ഓണ സദ്യ ഭക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

എയര്‍ലൈനിന്റെ ‘ഗൗര്‍മയര്‍’ മെനുവിന്റെ ഭാഗമായ ഈ ഓണ സദ്യ യാത്രക്കാര്‍ക്ക് അവരുടെ വിമാന യാത്രയ്ക്ക് 18 മണിക്കൂര്‍ മുമ്പ് വരെ മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്ന് എയര്‍ലൈന്‍ അറിയിച്ചു. 25 ദിര്‍ഹം വിലയുള്ള ഓണസദ്യ, വാഴയില പോലെ തോന്നിക്കുന്ന തരത്തില്‍ രൂപകല്‍പന ചെയ്ത കസ്റ്റം പാക്കേജിങ്ങിലാകും നല്‍കുക.

കേരളത്തിന്റെ സ്വര്‍ണ കസവ് മുണ്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആ ശൈലിയില്‍ രൂപകല്‍പ്പന ചെയ്ത പെട്ടിയിലാണ് ഓണസദ്യ വരുന്നത്. സദ്യയുടെ മെനുവില്‍ മട്ട അരി ചോറ്, നെയ്, പരിപ്പ് മിക്‌സഡ് വെജിറ്റബിള്‍ തോരന്‍, എരിശേരി, അവിയല്‍, കൂട്ടു കറി, സാമ്പാര്‍ എന്നി വിഭവങ്ങള്‍ ഉണ്ടാകും. ഇതിന് പുറമെ ഇഞ്ചി പുളി, മാങ്ങാ അച്ചാര്‍, ചിപ്സ്, ശര്‍ക്കര വരട്ടി, പായസം എന്നിവയും ലഭിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവയുള്‍പ്പെടെ യുഎഇയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഏകദേശം 525 പ്രതിവാര വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നുണ്ട്. എയര്‍ലൈനിന്റെ വിപുലമായ ശൃംഖലയില്‍ മംഗളൂരുവില്‍ നിന്നുള്ള വിമാനങ്ങളും ഉള്‍പ്പെടുന്നു, കേരളത്തിന്റെ പൈതൃകത്തിന് ആദരസൂചകമായി, എയര്‍ലൈനിന്റെ പുതിയ ബോയിങ് വിമാനങ്ങളിലൊന്നായ VT-BXM, പരമ്പരാഗത കസവ് രൂപകല്‍പനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു ടെയില്‍ ആര്‍ട്ട് അവതരിപ്പിക്കുന്നുണ്ടെന്നും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാനങ്ങളില്‍ ഓണസദ്യ വിളമ്പുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷവും അതിന് മുമ്പുള്ള വര്‍ഷവും ദുബായിയുടെ മുന്‍നിര വിമാനക്കമ്പനിയായ എമിറേറ്റ്സ് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാനങ്ങളില്‍ ഓണസദ്യ വിളമ്പിയിരുന്നു. ഓണത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ പകുതി വരെ എല്ലാ ക്യാബിന്‍ ക്ലാസുകളിലും അന്ന് ഓണ വിഭവങ്ങളും നല്‍കിയിരുന്നു.

ആഴ്ചയില്‍ കൊച്ചിയിലേക്ക് 14 തവണയും തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ ഏഴ് തവണയും എമിറേറ്റ്‌സ് വിമാനത്തിലും ഓണ സദ്യയുടെ ക്യൂറേറ്റഡ് മെനു നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ഓണത്തിന് സദ്യ വിളമ്പുന്നതിനെക്കുറിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍ ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല.