കൊച്ചി ∙ യൂറോപ്പിലേക്കു നേരിട്ടുള്ള വിമാന സർവീസ് എന്ന കേരളത്തിന്റെ സ്വപ്നത്തിനു ചിറകു നൽകി എയർ ഇന്ത്യയുടെ കൊച്ചി– ലണ്ടൻ സർവീസ്. വന്ദേ ഭാരതിൽ ഉൾപ്പെടുത്തി വിജയമായതിനെത്തുടർന്ന് ഡിസംബർ വരെ നീട്ടിയ സർവീസ് എയർ ഇന്ത്യ പുതിയ ശൈത്യകാല ഷെഡ്യൂളിലും ഉൾപ്പെടുത്തി. ആഴ്ചയിൽ രണ്ടു ദിവസമുണ്ടായിരുന്ന സർവീസ് 25 മുതൽ 2021 മാർച്ച് 31 വരെ ആഴ്ചയിൽ 3 ദിവസമാക്കി.

യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യമാണു കൊച്ചിയിൽനിന്നു യൂറോപ്പിലേക്കു നേരിട്ടുള്ള സർവീസ്. യൂറോപ്പിലേക്കു സർവീസ് നടത്താൻ വിമാന കമ്പനികളെ ആകർഷിക്കാൻ വിമാനത്താവളം ഏറെ ഇളവുകൾ വാഗ്ദാനം ചെയ്തെങ്കിലും വിദേശ കമ്പനികളൊന്നും മുന്നോട്ടു വന്നില്ല. വന്ദേ ഭാരതിന്റെ ഭാഗമായി തുടങ്ങിയ സർവീസിനു ലഭിച്ച മികച്ച പ്രതികരണമാണ് എയർ ഇന്ത്യയെ സർവീസ് നീട്ടാൻ പ്രേരിപ്പിച്ചത്.

രാജ്യത്തെ 9 നഗരങ്ങളിൽനിന്നു എയർ ഇന്ത്യയ്ക്കു ലണ്ടൻ സർവീസുണ്ട്. ഡൽഹിയും (7 സർവീസ്) മുംബൈയും (4) കഴിഞ്ഞാൽ ആഴ്ചയിൽ ഏറ്റവും കൂടുതൽ സർവീസ് ഇപ്പോൾ കൊച്ചിയിൽ നിന്നാണ്. സർവീസുകളുടെ എണ്ണത്തിൽ അഹമ്മദാബാദ്, അമൃത്‌സർ, ഗോവ, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങൾ കൊച്ചിക്കു പിന്നിലാണെന്നതും ശ്രദ്ധേയം.

നേരിട്ടുള്ള വിമാന സർവീസ് വലിയ ആശ്വസമാണു യാത്രക്കാർക്കു നൽകുക. ഗൾഫ് സെക്ടറിലെ കഴുത്തറപ്പൻ നിരക്കിൽനിന്നു രക്ഷപ്പെടുന്നതിനൊപ്പം കേരളത്തിലേക്കുള്ള സീറ്റുകൾക്കായി ഗൾഫ് യാത്രക്കാരുമായി മത്സരിക്കേണ്ട സ്ഥിതിയും ഒഴിവാകും. ഗൾഫിൽനിന്നു കേരളത്തിലേക്കു കൂടുതൽ സീറ്റുകളും ഇതുവഴി ലഭ്യമാകും. സിയാൽ ലാൻഡിങ് ഫീസ് പൂർണമായും എയർ ഇന്ത്യയ്ക്ക് ഒഴിവാക്കി നൽകിയതു ടിക്കറ്റ് നിരക്കു കുറയാൻ സഹായിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇക്കോണമി ക്ലാസിൽ കൊച്ചി– ലണ്ടൻ നിരക്ക് 25,000 മുതലും ലണ്ടൻ–കൊച്ചി നിരക്ക് 33,000 രൂപയ്ക്കും അടുത്താണ്. കേരളത്തിനു പുറമേ തമിഴ്നാട്ടിൽ നിന്നുള്ളവർക്കും ശ്രീലങ്കയിൽ നിന്നുള്ള യാത്രക്കാർക്കും കൊച്ചി–ലണ്ടൻ സർവീസ് പ്രയോജനപ്പെടും. ശ്രീലങ്കൻ എയർലൈൻസിനു പുറമേ ബ്രിട്ടിഷ് എയർവെയ്സും എയർ ഫ്രാൻസും തുർക്കിഷ് എയർലൈൻസും കൊളംബോയിൽനിന്നു ലണ്ടൻ സർവീസ് നടത്തുന്നുണ്ടെങ്കിലും നിരക്ക് 40,000 രൂപയ്ക്കു മുകളിലാണ്.

സ്റ്റോപ്പ് ഓവർ ഫ്ലൈറ്റുകൾക്ക് ഏകദേശം 40,000 രൂപയും നോൺ സ്റ്റോപ്പ് സർവീസുകൾക്കു 49,000 രൂപയുമാണു നിരക്ക്. അതേസമയം കൊളംബോയിൽനിന്നു ഒരു മണിക്കൂർ 20 മിനിറ്റ് കൊണ്ടു കൊച്ചിയിൽ എത്താമെന്നതിനാൽ യൂറോപ്പിൽനിന്നുള്ള ശ്രീലങ്കൻ വിനോദസഞ്ചാരികൾ യാത്ര കൊച്ചി വഴിയാക്കാൻ സാധ്യതയുണ്ട്. കോവിഡ് മൂലം നിർത്തിവച്ചിരിക്കുന്ന ശ്രീലങ്കൻ സർവീസുകൾ പിന്നീടു പുനഃസ്ഥാപിക്കുമ്പോൾ എയർ ഇന്ത്യയ്ക്കു ഈ മാർക്കറ്റും കയ്യടക്കാൻ കഴിയും.

കൊച്ചിയിൽനിന്നുള്ള സർവീസ് ലണ്ടൻ ഹീത്രു വിമാനത്താവളത്തിലേക്കായതിനാൽ യുഎസ് യാത്രയും എളുപ്പമാണ്. പാരിസ്, ബ്രസൽസ് എന്നിവിടങ്ങളിൽനിന്നുള്ള മലയാളികൾക്കു ട്രെയിനിൽ ഹീത്രുവിലെത്തി എയർ ഇന്ത്യ വിമാനത്തിൽ തുടർയാത്ര സാധ്യമാണ്. ലണ്ടനു പുറമേ കൊച്ചിയിൽനിന്നു യുഎസിലേക്കു നേരിട്ടു സർവീസ് വേണമെന്ന ആവശ്യവും ശക്തമാണ്.