പൊതുമേഖല വിമാന സര്‍വീസ് കമ്പനിയായ എയര്‍ ഇന്ത്യ കുടിശ്ശികയിനത്തില്‍ ഇന്ധനക്കമ്പനികള്‍ക്ക് നല്‍കാനുള്ളത് 5000 കോടിയിലേറെ രൂപ. കഴിഞ്ഞ എട്ട് മാസമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനടക്കമുള്ള കമ്പനികള്‍ക്ക് കൊച്ചിയടക്കമുള്ള ആറ് വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യ ഇന്ധനം വാങ്ങിയ പണം നല്‍കിയിട്ടില്ല. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ കമ്പനികള്‍ക്കും എയര്‍ ഇന്ത്യ പണം നല്‍കാനുണ്ട്.
പെട്രോളിയം കമ്പനികള്‍ ഇന്ധനം നല്‍കാത്തതിനെ തുടര്‍ന്ന് കൊച്ചി, പുണെ, പട്ന, റാഞ്ചി, വിശാഖപട്ടണം, മൊഹാലി വിമാനത്താവളങ്ങളില്‍നിന്ന് എയര്‍ ഇന്ത്യ സര്‍വീസ് വ്യാഴാഴ്ച മുതല്‍ പ്രതിസന്ധിയിലായിരുന്നു. ഈ ആറ് വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കേണ്ടെന്നാണ് പെട്രോളിയം കമ്പനികളുടെ സംയുക്ത തീരുമാനം. ഈ വിമാനത്താവളങ്ങളില്‍ പ്രതിദിനം 250 കിലോ ലിറ്റര്‍ ഇന്ധനമാണ് എയര്‍ ഇന്ത്യ ഉപയോഗിക്കുന്നത്. എങ്കിലും മറ്റ് വിമാനത്താവളങ്ങളില്‍നിന്ന് ഇന്ധനം നിറച്ചാണ് ഈ ആറ് വിമാനത്താവളങ്ങളില്‍നിന്ന് സര്‍വീസ് നടത്തുന്നത്.
പലിശ സഹിതമാണ് ഇത്രയും കുടിശ്ശികയായത്. പെട്രോളിയം കമ്പനികളില്‍നിന്ന് ഇന്ധനം വാങ്ങിയാല്‍ മൂന്ന് മാസത്തിനകം പണം നല്‍കണമെന്നാണ് കരാര്‍. 5000 കോടി കുടിശ്ശികയിലേക്ക് ഇപ്പോള്‍ വെറും 60 കോടി നല്‍കാമെന്നാണ് എയര്‍ ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചത്. 58000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ മൊത്തം കടം. എയര്‍ ഇന്ത്യ ഈ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് വക്താവ് വ്യക്തമാക്കി.
Leave a Reply