അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ നാളെ ഇന്ത്യ – ഓസ്ട്രേലിയ ഫൈനല്‍ പോരാട്ടം. നാലാം ലോകകിരീടം തേടിയാണ് ഇരുടീമുകളും കളിക്കാനിറങ്ങുന്നത്. ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്ക് മല്‍സരം ആരംഭിക്കും.

തോല്‍വിയറിയാതെയാണ് രാഹുല്‍ ദ്രാവിഡിന്റെ കുട്ടികള്‍ ഫൈനല്‍ വരെ എത്തിയത്. ഫൈനലിലെ എതിരാളികളായ ഓസ്ട്രേലിയയെ നൂറു റണ്‍സിന് തകര്‍ത്താണ് ഗ്രൂപ്പ് ഘട്ടത്തിന് തുടക്കമിട്ടത് തന്നെ. പിന്നീട് പാപ്പുവ ന്യൂ ഗിനിയയും സിംബാബ്‌വെയും, ക്വാര്‍ട്ടറില്‍ ബംഗ്ലേദേശ്, സെമിയില്‍ പാക്കിസ്ഥാന്‍.. ഇന്ത്യയെ വിറപ്പിക്കാന്‍ ഇവര്‍ക്കാാര്‍മായില്ല. മുഹമ്മദ് കൈഫിനും വിരാട് കോഹ്‌ലിക്കും ഉന്‍മുക്ത് ചന്ദിനും ശേഷം ലോകകപ്പ് ഉയര്‍ത്തുന്ന ക്യാപ്റ്റ്നാവാനുള്ള അവസരമാണ് പ്രിഥ്വി ഷായ്ക്കൊരുങ്ങുന്നത്. ക്യാപ്റ്റന്‍ ഷായും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമാണ് ബാറ്റിങ് സെന്‍സേഷനുകള്‍. നാഗര്‍കോട്ടിയും ശിവം മവിയുമടങ്ങുന്ന ബോളിങ് നിരയും ഇന്ത്യയ്ക്ക് കരുത്തു പകരുന്നു. സെമിഫൈനലില്‍ 69 റണ്‍സിന് പാക്കിസ്ഥാനെ പുറത്താക്കിയത് ബോളിങ് മികവിന് ഒരുദാഹരണം മാത്രം.

ഓസ്ട്രേലിയന്‍ നിരയും ഒട്ടും മോശമല്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ആകെ തോറ്റത് ഇന്ത്യയോട് മാത്രം. അതിനാല്‍ പകരം വീട്ടാന്‍ ഉറച്ചു തന്നെയാകും കങ്കാരുക്കളുടെ വരവ്. ഇന്ത്യയ്ക്കും ഓസീസിനും മൂന്ന് ലോകകിരീടങ്ങള്‍ വീതം സ്വന്തമായുണ്ട്. ന്യൂസിലന്‍ഡില്‍ ജയിക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ കിരീമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാം.