കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്കു പ്രവാസികളുമായി രണ്ടു വിമാനങ്ങളാണ് ഇന്നലെ നാട്ടില്‍ പറന്നിറങ്ങിയത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഈ രണ്ടു വിമാനങ്ങളും നിയന്ത്രിച്ചതു വനിതാ പൈലറ്റുമാരായിരുന്നു.
ലോകമാകെ ഞായറാഴ്ച മാതൃദിനം ആചരിക്കുന്നതു പ്രമാണിച്ചാണ് പൈലറ്റുമാരും അതിലുപരി അമ്മമാരുമായ ഇവരെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ വലിയ ദൗത്യമേല്‍പ്പിച്ചത്.
ലോകമെമ്പാടുമുള്ള അമ്മമാര്‍ക്കുള്ള ആദരവായി ഈ തീരുമാനം. അതേസമയം, ഇതു കോട്ടയത്തിനും അഭിമാനിക്കാന്‍ ഒരു കാരണം നല്കുന്നു.
കാരണം ഇവരില്‍ ഒരാള്‍ കോട്ടയം സ്വദേശിയാണ്. കോട്ടയം അരുവിത്തുറ സ്വദേശി വയമ്പോത്തനാല്‍ (വലിയവീട്ടില്‍) ജോര്‍ജ് സെബാസ്റ്റ്യൻ- എല്‍സമ്മ സെബാസ്റ്റ്യന്‍ ദമ്പതികളുടെ മകളാണ് മസ്കറ്റില്‍നിന്നു കൊച്ചിയിലെത്തിയ വിമാനം നിയന്ത്രിച്ച ക്യാപ്റ്റന്‍ ബിന്ദു സെബാസ്റ്റ്യന്‍.
കൊച്ചിയിൽനിന്നും മസ്കറ്റിലേക്കും അവിടെനിന്നു തിരിച്ചും ബിന്ദുവാണ് വിമാനം പറത്തിയത്. എയര്‍ഫോഴ്സില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മുരളിയാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. വിദ്യാര്‍ഥികളായ സിദ്ധാര്‍ഥ്, ആദര്‍ശ് എന്നിവരാണ് മക്കള്‍.
ക്വാലാലംപൂരില്‍നിന്നു തമിഴ്നാട്ടിലെ ട്രിച്ചിയിലെത്തിയ വിമാനം പറത്തിയതും വനിതയാണ്. ക്യാപ്റ്റന്‍ കവിതാ രാജ്കുമാര് ആണ് ഈ വിമാനം നിയന്ത്രിച്ചത്.
Leave a Reply