സൈനിക വേഷം ധരിച്ചെത്തിയ 11 പേരെ സംശയാസ്പദമായ സാഹചര്യത്തിൽ ഗുവഹാത്തി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്നും കസ്റ്റഡിയിൽ എടുത്തു. ഗുവഹാത്തി പോലീസാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്. സൈനികവേഷം ധരിച്ചെത്തിയ ഇവർക്ക് തിരിച്ചറിയൽ രേഖകൾ ഹാജരാക്കാനാകാത്തതും സംശയം വർധിപ്പിച്ചിട്ടുണ്ട്. ഇവരുടെ പ്രവൃത്തികൾ സംശയാസ്പദമായ വിധത്തിലുമായിരുന്നെന്നും അതാണ് കസ്റ്റഡിയിൽ എടുക്കാൻ കാരണമായതെന്നും ഗുവാഹത്തി പോലീസ് കൂട്ടിച്ചേർത്തു. ഇന്ത്യൻ ക്രിമിനൽ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളനുസരിച്ച് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇവരിൽ ഒരാളുടെ പക്കൽ നിന്ന് ഒരു സെക്യൂരിറ്റി കമ്പനിയുടെ വ്യാജ നിയമന ഉത്തരവ് പിടികൂടി. ഇവർ താമസിച്ചിരുന്ന വീട്ടിൽ പോലീസ് നടത്തിയ തിരച്ചിലിൽ ചില രേഖകളും വ്യാജ തിരിച്ചറിയൽ കാർഡുകളും കണ്ടെടുത്തു. ഇവരുടെ കൈവശം ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
അതേസമയം, അതീവ സുരക്ഷാമേഖലയായ വിമാനത്താവളത്തിന് സമീപം ഇവർ സൈനികവേഷം ധരിച്ചെത്തിയത് എന്തിനാണെന്ന് അതുവരെ വ്യക്തമായിട്ടില്ല. ആദ്യം നാല് പേരെയാണ് പോലീസ് പിടികൂടിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ മറ്റ് ഏഴ് പേരിലേക്ക് കൂടി എത്തിച്ചേരുകയായിരുന്നു. ഒരു മാസത്തോളമായി ഇവർ ഈ ഭാഗത്ത് താമസിച്ചു വരികയാണെന്ന് ഗുവഹാത്തി ജോയിന്റ് പോലീസ് കമ്മിഷണർ ദേബ് രാജ് ഉപാധ്യായ് പറഞ്ഞു. അവിടെ എത്തിച്ചേർന്നതിന്റെ വ്യക്തമായ കാരണം വെളിപ്പെടുത്തുകയോ തിരിച്ചറിയൽരേഖ കാണിക്കുകയോ ചെയ്യാത്തതിനാൽ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.
Leave a Reply