പൊലീസുകാരനായ അജാസിൽ നിന്ന് അമ്മയക്ക് ഭീഷണി ഉണ്ടായിരുന്നു എന്ന് മാവേലിക്കരയിൽ കൊല്ലപ്പെട്ട പൊലീസുകാരി സൗമ്യയുടെ മകൻ. എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി അജാസാണ്. ഇക്കാര്യം പൊലീസിനോട് പറയണെന്നും അമ്മ പറഞ്ഞേൽപ്പിച്ചിരുന്നു എന്നാണ് സൗമ്യയുടെ മകൻ പറയുന്നത്. അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാമ്പത്തിക ഇടപാടുകൾ അജാസുമായി ഉണ്ടായിരുന്നു. കാശിന്‍റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്, വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നു എന്നും സൗമ്യയുടെ മകൻ പറയുന്നു.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സിവിൽ പൊലീസുദ്യോഗസ്ഥയായ സൗമ്യയെ പൊലീസുദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കത്തികൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. ഇവര്‍ തമ്മിൽ സൗഹൃദമുണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് അജാസ് ഭീഷണിപ്പെടുത്തിയിരുന്നു എന്ന് സ്ഥിരീകരിക്കുന്ന മകന്‍റെ വാക്കുകൾ. ഒന്നിൽ കൂടുതൽ തവണ ഫോണിൽ തര്‍ക്കിക്കുന്നത് കേട്ടിട്ടുണ്ടെന്നും മകൻ പറയുന്നുണ്ട്.
സൗമ്യയും കൊലപാതകം നടത്തിയ പൊലീസുകാരൻ അജാസും തമ്മിൽ ഏറെ കാലമായി അടുപ്പമുണ്ടായിരുന്നു എന്ന് പോലീസ്. തൃശൂര്‍ കെഎപി ബെറ്റാലിയനിൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദമെന്നാണ് വിവരം. പൊലീസ് ട്രെയിനിയായി സൗമ്യ ക്യാമ്പിലെത്തിയപ്പോൾ പരിശീലനം നൽകാൻ അജാസ് അവിടെ ഉണ്ടായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദമാണ് പിന്നീട് കലഹത്തിലേക്കും കൊലപാതകത്തിലേക്കും എല്ലാം നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ഇവര്‍തമ്മിലുള്ള ബന്ധത്തെ കുറിച്ച് വീട്ടുകാര്‍ക്കൊന്നും കാര്യമായി പിടിപാടുണ്ടായിരുന്നില്ല. എന്നാൽ സൗമ്യയും അജാസും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ചില പൊലീസുകാര്‍ക്ക് അറിയാമായിരുന്നു എന്നാണ് പറയുന്നത്. ചില സാമ്പത്തിക ഇടപാടുകളും ഇവര്‍ തമ്മിൽ ഉണ്ടായിരുന്നതായി സൂചന ഉണ്ട്.എന്നാൽ എവിടെ വച്ചാണ് സൗഹൃദം കലഹത്തിലേക്ക് പോയതെന്നോ കൊലപാതകത്തിന് കാരണമായതെന്നോ ഒന്നും വ്യക്തമായ വിവരങ്ങളൊന്നും ഇത് വരെ പൊലീസിന് ലഭിച്ചിട്ടില്ല.
സൗമ്യ പുഷ്പകരന്‍റെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാകും പോസ്റ്റ്‍മോർട്ടം. സൗമ്യയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഫോറൻസിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ആസൂത്രിതമായ കൊലപാതകമാണെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അൻപത് ശതമാനം പൊള്ളലേറ്റ അജാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയിരിക്കുകയാണ്. ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടാൽ മാത്രമെ കൂടുതൽ ചോദ്യം ചെയ്യാൻ കഴിയു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
Leave a Reply