മാവേലിക്കരയിൽ കൊല്ലപ്പെട്ട പൊലീസുകാരി സൗമ്യയോട് പ്രതിയായ അജാസ് വിവാഹാഭ്യർഥന നടത്തിയതായി സൗമ്യയുടെ മാതാവ് വ്യക്തമാക്കി. ഇത് നിരസിച്ചതിനെ തുടര്‍ന്ന് നിരവധി തവണ ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്നതായും സൗമ്യയുടെ മാതാവ് മൊഴി നല്‍കി.
എന്നാല്‍ തനിക്ക് സൗമ്യയുമായി അടുപ്പം ഉണ്ടായിരുന്നതായാണ് അജാസ് മൊഴി നല്‍കിയത്. സൗമ്യയുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. തര്‍ക്കത്തിലായതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചു. പക്ഷെ തിരികെ തന്നില്ല എന്നും അജാസ് പറയുന്നു. എന്നാല്‍ അജാസ് സൗമ്യയോട് വിവഹാഭ്യർഥന നടത്തിയിരുന്നെന്നും സൗമ്യ അത് നിരസിക്കുകയും ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഗുരുതരമായി പരുക്കേറ്റത് കൊണ്ട് തന്നെ അജാസിനെ അന്വേഷണ സംഘം കൂടുതല്‍ ചോദ്യം ചെയ്തില്ല.
അജാസും സൗമ്യയും തമ്മില്‍ നിരവധി തവണ ഫോണ്‍ ചെയ്തതിന്റേയും വാട്സ്ആപ്പില്‍ സന്ദേശം അയച്ചതിന്റേയും വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടത്തിയിട്ടുണ്ട്. ഫോണ്‍ വിളികളിലെ ഉളളടക്കവും പൊലീസ് പരിശോധിക്കുകയാണ്. സന്ദേശങ്ങള്‍ കൂടാതെ അജാസിന്റെ ഫോണില്‍ നിന്ന് സൗമ്യയുടെ ചിത്രങ്ങളും കണ്ടെത്തി.
സൗമ്യക്ക് പ്രതി അജാസിന്റെ ഭീഷണി ഉണ്ടായിരുന്നെന്ന് സൗമ്യയുടെ മകന്‍ പറഞ്ഞു. അജാസില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നെന്ന് അമ്മ പറഞ്ഞതായാണ് പ്രായപൂര്‍ത്തിയാകാത്ത മകന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. ‘എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അജാസാണെന്ന് അമ്മ പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസിനോട് പറയണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നു. മരിച്ച് പോവുകയെങ്ങാനും ചെയ്താല്‍ ഇയാളുടെ പേര് പറഞ്ഞാല്‍ മതിയെന്ന് അമ്മ പറഞ്ഞിരുന്നു,’ സൗമ്യയുടെ മകന്‍ പൊലീസിന് മൊഴി നല്‍കി.
അജാസിൽ നിന്ന് സൗമ്യ ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നു. അതു തിരികെ നൽകിയെങ്കിലും വാങ്ങാൻ അജാസ് തയാറായില്ല. തുടർന്ന് പണം അക്കൗണ്ടിലേക്കിട്ടു. അജാസ് അതു തിരികെ സൗമ്യയുടെ അക്കൗണ്ടിലേക്കു തന്നെ അയച്ചു. തുടർന്ന് സൗമ്യയ്ക്കൊപ്പം ഇന്ദിരയും രണ്ടാഴ്ച മുൻപ് ആലുവയിൽ എത്തി പണം നേരിട്ടു നൽകാൻ ശ്രമിച്ചു. അതു വാങ്ങാനും അജാസ് തയാറായില്ലെന്നും ഇന്ദിര പറയുന്നു. പകരം വിവാഹാഭ്യർഥന നടത്തുകയായിരുന്നു. അജാസ് രണ്ടു തവണ വീട്ടിൽ വന്നിരുന്നു. മാനസികമായും ശാരീരികമായും മകളെ ഭീഷണിപ്പെടുത്തി. ഒരിക്കൽ ഷൂ കൊണ്ടു തല്ലിയെന്നും ഇന്ദിര പറഞ്ഞു. വിവാഹത്തിന് അജാസ് സൗമ്യയെ നിർബന്ധിച്ചിരുന്നുവെന്നും എന്നാൽ അതിനു വഴങ്ങാത്തതിലുള്ള വൈരാഗ്യമാണു കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
കൊല്ലം ക്ലാപ്പന തണ്ടാശേരിൽ പുഷ്പാകരന്റെയും ഇന്ദിരയുടെയും മൂത്ത മകളാണ് സൗമ്യ. ഇന്ദിര രാപകൽ തയ്യൽ ജോലി ചെയ്താണ് സൗമ്യയെയും സഹോദരിയെയും പഠിപ്പിച്ചത്. പുഷ്പാകരൻ വർഷങ്ങളായി തളർന്നു കിടപ്പാണ്. ബിരുദം പാസായ സൗമ്യ കഠിനപരിശ്രമത്തിലൂടെ പൊലീസിൽ ജോലി നേടി.
സൗമ്യയുടെ മൂന്നു മക്കളിൽ ഇളയ കുട്ടിയെ ക്ലാപ്പനയിലെ വീട്ടിൽ അമ്മൂമ്മയ്ക്കൊപ്പമാണ്. സൗമ്യ ജോലിക്കു പോകുന്നതിനാൽ അങ്കണവാടിയിൽ പോകാനുള്ള സൗകര്യത്തിനാണ് കുട്ടിയെ അമ്മയുടെ അടുത്തു നിർത്തുന്നത്. മിക്കപ്പോഴും ജോലി കഴിഞ്ഞു സൗമ്യ ക്ലാപ്പനയിലെത്തി മകളെ വള്ളികുന്നത്തേക്ക് കൂട്ടിക്കൊണ്ടുപോകും. നാലു ദിവസം മുൻപും സൗമ്യ വന്നിരുന്നതായി അച്ഛനുമമ്മയും നിറകണ്ണുകളോടെ പറയുന്നു. സൗമ്യയും കുടുംബവും അടുത്തിടെയാണ് വള്ളികുന്നത്തെ പുതിയ വീട്ടിലേക്കു താമസം മാറ്റിയത്.
പ്രത്യേകം പണിയിച്ച ആയുധങ്ങളുമായി, വ്യക്തമായ ആസൂത്രണത്തോടെയാണു സൗമ്യയെ കൊലപ്പെടുത്താൻ അജാസെത്തിയതെന്നും പൊലീസ് പറയുന്നു. അജാസ് ഉപയോഗിച്ച കൊടുവാളും കത്തിയും വിപണിയിൽ കിട്ടുന്ന വിധമുള്ളതല്ല. സാധാരണ കത്തിയേക്കാൾ നീളമുണ്ട്. കൊടുവാളിനും നല്ല നീളവും മൂർച്ചയുമുണ്ട്. സൗമ്യയെ അപായപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ അജാസ് പറഞ്ഞു പണിയിച്ച ആയുധങ്ങളാകാം ഇവയെന്നാണു പൊലീസിന്റെ നിഗമനം.
അതേസമയം അജാസ് എറണാകുളത്തുനിന്നാണു കൊടുവാൾ വാങ്ങിയതെന്നും ചില സൂചനകളുണ്ട്. കൃത്യമായി ജോലിക്കു ഹാജരായിരുന്ന അജാസ് കഴിഞ്ഞ കുറച്ചുനാളുകളായി ഇടയ്ക്കു അവധിയെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ലീവിലായിരുന്നു. അവധിയെടുത്ത് സൗമ്യയെ നിരീക്ഷിക്കുകയായിരുന്നു എന്നാണു പൊലീസ് നിഗമനം.
അജാസ് സൗമ്യയെ ഇടിച്ചിട്ട കാറിനുള്ളിൽ കൊടുവാളും കത്തിയും രണ്ടു കുപ്പി പെട്രോളും രണ്ടു സിഗരറ്റ് ലൈറ്ററും സൂക്ഷിച്ചിരുന്നു. ഏതുവിധത്തിലും കൊലപ്പെടുത്തണമെന്നു തീരുമാനിച്ചതിന്റെ സൂചനയാണിത്. ഒരു കുപ്പി പെട്രോളോ ഒരു ലൈറ്ററോ നഷ്മായാലും ലക്ഷ്യം നടപ്പാക്കാനാണ് ഓരോന്നുകൂടി സൂക്ഷിച്ചതെന്നാണ് കരുതുന്നത്.
സാമ്പത്തിക ചുറ്റുപാടുള്ള കുടുംബമാണ് അജാസിന്റേത്. സിവിൽ ലൈൻ റോഡിലെ വാഴക്കാല ജംക‍്ഷനിൽ നിന്നു 100 മീറ്റർ മാത്രം മാറിയാണ് മൂലേപ്പാടം റോഡിൽ അജാസിന്റെ വീട്. വീടിനോടു ചേർന്നു റോഡരികിൽ കടമുറികൾ നിർമിച്ചു വാടകയ്ക്കു നൽകിയിട്ടുണ്ട്.
Leave a Reply