സ്വന്തം ലേഖകന്‍: 

ഇസ്ലാമബാദ് : കാന്‍സറിനു കാരണമാകുന്നു എന്ന കാരണത്താല്‍ ഹോട്ടലുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന അജിനോമോട്ടോയ്ക്ക് പാകിസ്ഥാന്‍ നിരോധനമേര്‍പ്പെടുത്തി . പാക്കിസ്ഥാന്‍ സുപ്രീംകോടതിതിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.. അജിനോമോട്ടോ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും അതിനാല്‍ രാജ്യത്ത് ഇവയുടെ വില്‍പന, ഇറക്കുമതി, കയറ്റുമതി എന്നിവ നിരോധിക്കുന്നുവെന്നും കോടതി ഉത്തരവിട്ടു.

പാക്കിസ്ഥാനില്‍ ചൈനീസ് ഉപ്പ് എന്ന പേരിലും അറിയപ്പെടുന്ന അജിനോമോട്ടോ (മോണോസോഡിയം ഗ്ലൂട്ടാമേറ്റ്) ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പ്രത്യേകിച്ച്‌ മാംസം പാചകം ചെയ്യുമ്പോള്‍ രുചിയും മണവും കൂട്ടുന്നതിനായ് ഉപയോഗിക്കുന്നതാണ്. ഇവ ആരോഗ്യത്തിന് അപകടമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ചൈനയില്‍ നിന്നാണ് അജിനോമോട്ടോ മറ്റ് രാജ്യങ്ങളില്‍ വിപണിയില്‍ എത്തുന്നത്.

പാക്ക് ചീഫ് ജസ്റ്റിസ് മിയാന്‍ സഖീബ് നിസാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് അജിനോമോട്ടോ ഉപ്പ് ഉപയോഗത്തിനെതിരെയുള്ള കേസിന്റെ വാദം കേട്ടത്. പ്രശ്നം പരിഹരിക്കാന്‍ പാക്ക് പ്രധാനമന്ത്രി ഷാഹിദ് ഖഖന്‍ അബ്ബാസിയോട് കാബിനറ്റില്‍ ഈ വിഷയം ചര്‍ച്ച നടത്താന്‍ ജസ്റ്റിസ് നിസാര്‍ അറിയിച്ചു.

കിഴക്കന്‍ പഞ്ചാബ്, വടക്ക് പടിഞ്ഞാറന്‍ ഖൈബര്‍ പക്തൂണ്‍ഖ്വ, തെക്കന്‍ സിന്ധ് എന്നി മൂന്ന് പ്രവിശ്യകളില്‍ നേരത്തെ അജീനൊമൊട്ടോയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നടത്തിയ പഠനങ്ങളുടെയും , പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ജനുവരിയില്‍ പഞ്ചാബ് ഫുഡ് അതോറിറ്റി ‘ചൈനീസ് ഉപ്പ്’ നിരോധിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

അജിനോമോട്ടോയുടെ വില്‍പന , ഇറക്കുമതി, കയറ്റുമതി എന്നിവ നിരോധനം അനുസരിക്കാതെ നടത്തിയാല്‍ കര്‍ശനമായ നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു.