അഞ്ച് മാസം മുൻപ് കന്യാകുമാരിക്കു സമീപം കുളത്തിനരികിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം സുഹൃത്തുക്കൾ ചേർന്നു കൊലപ്പെടുത്തിയ കഠിനംകുളം സ്വദേശിയുടേത്. കത്തിക്കരിഞ്ഞ ശരീരത്തിലെ ടാറ്റുവിനെ പിൻപറ്റി സിറ്റി ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലൂടെ ചുരുളഴിഞ്ഞതു സിനിമാക്കഥയെ വെല്ലുന്ന കൊലപാതക ആസൂത്രണം. വാഹനമോഷണ സംഘത്തിലെ അംഗമായ ആകാശിനെ (22) മോഷണത്തുകയ്ക്കായി രണ്ട് സുഹൃത്തുക്കൾ ചേർന്നു വലിയതുറയിൽ വച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാനായി പെട്രോൾ ഉപയോഗിച്ചു കത്തിച്ച ശേഷം തമിഴ്നാട്ടിൽ ഉപേക്ഷിച്ചു.
വലിയതുറ സ്വദേശിയായ അനു അജു (27), അനുവിന്റെ ഭാര്യ രേഷ്മ (27), കഴക്കൂട്ടം സ്വദേശി ജിതിൻ (22), അനുവിന്റെ അമ്മ അൽഫോൻസ എന്നിവരാണു പ്രതികൾ. ഇതിൽ രേഷ്മയെയും അൽഫോൻസയെയും അറസ്റ്റ് ചെയ്തു. അനുവും ജിതിനും പൊലീസ് വലയിലായതായാണു സൂചന. തുടർ അന്വേഷണത്തിനു പ്രത്യേകസംഘത്തെ നിയോഗിച്ചു.ഏപ്രിൽ ഒന്നിനു പുലർച്ചെയാണ് കന്യാകുമാരിക്കു സമീപം അഞ്ചുഗ്രാമത്തിലെ പുഴക്കരയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. കയ്യിൽ ‘ആര്യ ഒൺലി യൂ ഇൻ മൈ ഹാർട്ട്’ എന്നു പച്ച കുത്തിയിരുന്നു. ആര്യയെന്ന പേര് കണ്ടതോടെ മരിച്ചതു മലയാളിയാകാമെന്നു സംശയിച്ചിരുന്നു.
പൊലീസ് പറയുന്നതിങ്ങനെ: മോഷണത്തുക പങ്കിടുന്നതുമായി ബന്ധപ്പെട്ട് മൂവരും തമ്മിൽ തർക്കമുണ്ടായി. വഴക്കു മൂത്തതോടെ മോഷണത്തെക്കുറിച്ചു പൊലീസിൽ അറിയിക്കുമെന്ന് ആകാശ് ഭീഷണിപ്പെടുത്തി. മാർച്ച് 30നു രേഷ്മ ആകാശിനെ വീട്ടിലേക്കു വിളിച്ചുവരുത്തി മദ്യത്തിൽ ലഹരിമരുന്നു നൽകി മയക്കി. ഭർത്താവ് അനുവും സുഹൃത്ത് ജിതിനും ചേർന്നു വീടിനോടു ചേർന്നുള്ള വർക്‌ഷോപ്പിൽ ചുരിദാറിന്റെ ഷാൾ കഴുത്തിൽ മുറുക്കിക്കൊന്നു. മൃതദേഹം വർക്‌ഷോപ്പിന്റെ ഒരു ഭാഗത്തു ഷീറ്റ് ഇട്ടു മൂടി.
ആകാശിന്റെ മൊബൈൽ ടവർ ലൊക്കേഷൻ മറ്റൊരു സ്ഥലത്തു കാണിക്കുന്നതിനായി രേഷ്മയും ജിതിനും ചേർന്ന് ആകാശിന്റെ ഫോണുമായി കൊല്ലത്തേക്കു പോയി. ആകാശിന്റെ ഫെയ്സ് ബുക് അക്കൗണ്ടിൽ നിന്നു കൊല്ലത്തേക്കു പോകുകയാണെന്ന മട്ടിൽ സ്റ്റാറ്റസ് ഇടുകയും ചെയ്തു. തിരിച്ചെത്തിയ ശേഷം ടാർപോളിൻ ഉപയോഗിച്ചു മൃതദേഹം പൊതിഞ്ഞ ശേഷം മൂവരും ചേർന്നു വാഹനം വാടകയ്ക്കെടുത്തു കന്യാകുമാരിയിലേക്കു തിരിച്ചു.
അനുവിന്റെ അമ്മ അൽഫോൻസയും ഒത്താശ ചെയ്തു. ശുചീന്ദ്രം ഭാഗത്തെത്തിയ സംഘം മൃതദേഹം വലിച്ചിറക്കി മുഖത്തുൾപ്പെടെ പെട്രോൾ ഒഴിച്ചു കത്തിച്ചു. തിരികെയെത്തി വർക്‌ഷോപ്പിലെ തെളിവുകളും നശിപ്പിച്ചു. നാളുകൾക്കു ശേഷം രേഷ്മയും അനുവും ഇടഞ്ഞതോടെയാണു സംഭവം പൊലീസിന്റെ ചെവിയിലെത്തിയത്.
ആകാശ് പ്രണയിച്ചിരുന്ന ആര്യ, സഹോദരൻ കണ്ണൻ എന്നിവർ വഴി പൊലീസ് സമാന്തരമായി അന്വേഷണം നടത്തുന്നുണ്ടായിരുന്നു. മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന നടത്തും. മൃതദേഹം അഞ്ചുഗ്രാമം പൊലീസ് സൂക്ഷിച്ചിരിക്കുകയാണെന്നു കമ്മിഷണർ പി.പ്രകാശ് അറിയിച്ചു. ഡിസിപി ആർ.ആദിത്യ, കൺട്രോൾ റൂം എസി: വി.സുരേഷ്കുമാർ, ശംഖുമുഖം എസി ഷാനി ഖാൻ, വലിയതുറ എസ്ഐ ബിജോയ്, ഷാഡോ എസ്ഐ സുനിൽ ലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
വഴിത്തിരിവായത് പ്രണയത്തിൽ ചാലിച്ചെഴുതിയ ആ ടാറ്റു!
താൻ പ്രണയിക്കുന്നവളുടെ പേര് കയ്യിലെഴുതിച്ചേർത്ത ആകാശിന്റെ കത്തിക്കരിഞ്ഞ മൃതദേഹവുമായി മാസങ്ങളോളമാണ് തമിഴ്നാട് പൊലീസ് അലഞ്ഞത്. അന്വേഷണത്തിൽ ഏറെ നിർണായകമായതും കയ്യിലെ ‘ആര്യ ഒൺലി യൂ ഇൻ മൈ ഹാർട്ട്’ എന്ന ടാറ്റുവായിരുന്നു. ദക്ഷിണകേരളത്തിൽ കൂടുതലായി കാണപ്പെടുന്ന പേരായതിനാൽ അഞ്ചുഗ്രാമം പൊലീസ് തിരുവനന്തപുരത്തെത്തി സിറ്റി പൊലീസിന്റെ സഹായം തേടിയിരുന്നു. ആര്യയെന്ന പേര് തമിഴ്നാട്ടിലെ പെൺകുട്ടികൾക്ക് ഉണ്ടാകാറില്ല.
മൃതദേഹം തിരിച്ചറിയാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസുമായി തമിഴ്നാട് പൊലീസ് തലസ്ഥാനത്തെ മാധ്യമസ്ഥാപനങ്ങളിലും എത്തിയിരുന്നു.ആര്യയെന്ന പേര് തേടിപ്പോയതോടെയാണ് മൃതദേഹം ആകാശിന്റേതെന്നു തിരിച്ചറിഞ്ഞത്. ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയായിരുന്നതിനാൽ ഇരുവരെയും സംബന്ധിച്ച് പൊലീസിനു വിവരമുണ്ടായിരുന്നു. ആര്യയിൽ നിന്നാണ് സുഹൃത്തുക്കളായ ജിതിനിലേക്കും അനുവിലേക്കും അന്വേഷണം നീങ്ങിയത്.
Leave a Reply