ഏഴുമാസം ഗർഭിണിയായിരിക്കെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയ ദീപ്തിയുടെ നിലവിളി ഭർത്താവ് അഖിലിന്റെ ചെവിയിൽ ഇപ്പോഴും മുഴങ്ങുകയാണ്. ‘നടുപിളരുന്ന വേദനയാണ്… ഞാൻ മരിച്ചുപോകുമോ…?’-എന്നാണ് ദീപ്തി ഒടുവിലും ചോദിച്ചത്. അഖിൽ എല്ലാ ആശ്വസവാക്കുകളും ചൊരിഞ്ഞിട്ടും ദീപ്തി വിടപറയുകയായിരുന്നു. നേര്യമംഗലം വെള്ളൂർത്തറ വീട്ടിൽ അഖിലിന്റെ ഭാര്യയാണ് ദീപ്തി.

ഏഴുമാസം ഗർഭിണിയായ ദീപ്തി സിസേറിയനിലൂടെയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. 28ന് ജനിച്ച കുഞ്ഞിന് ഒരു കിലോഗ്രാം മാത്രമാണ് ഭാരം. കുഞ്ഞ് നിലവിൽ എൻഐസിയുവിലാണ്. നാലു ലക്ഷത്തോളം രൂപയാണ് കുഞ്ഞിന്റെ ചികിത്സയ്ക്കായി വേണ്ടത്. രണ്ടു മാസത്തോളം ആശുപത്രിയിൽ തുടരേണ്ടി വരും. ടൈൽസ് ജോലിക്കാരനായ അഖിലിന് എത്രകഷ്ടപ്പാട് സഹിച്ചാണെങ്കിലും മകനെ രക്ഷിക്കണമെന്ന ചിന്ത മാത്രമാണുള്ളത്.

‘അമ്മ എപ്പോൾ വരും…? എന്നു ചോദിക്കുന്ന ആറും നാലും വയസ്സുള്ള പെൺകുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് വിതുമ്പാൻ മാത്രമേ അഖിലിന് സാധിക്കുന്നുള്ളൂ. മക്കളെ ഇതുവരെ അമ്മയുടെ മരണം അറിയിച്ചിട്ടില്ല. രോഗബാധിതരായ രണ്ട് അമ്മമാരും ഒരു മുത്തശ്ശിയും ഈ പെൺകുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് അഖിൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓഗസ്റ്റ് 13നാണ് ചുമയ്ക്ക് ചികിത്സ തേടിയ ദീപ്തി കോവിഡ് പോസിറ്റീവാണെന്ന് അറിയുന്നത്. ആദ്യം കോതമംഗലത്തെ എഫ്എൽടിസിയിലാക്കി, പിന്നീട് ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആദ്യ രണ്ടുദിവസം മാത്രമാണ് പനി ഉണ്ടായിരുന്നത്. എന്നാൽ, 14 ദിവസം കഴിഞ്ഞുള്ള പരിശോധനയിലും ദീപ്തി പോസിറ്റീവായി തുടർന്നു. ഈ കാലത്ത് ചുമയുണ്ടെന്നു മാത്രമാണ് ദീപ്തി പറഞ്ഞിരുന്നത്.

എന്നാൽ, പിന്നീട് വളരെ പെട്ടെന്നാണ് സ്ഥിതി ഗുരുതരമായത്. കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യപ്പെട്ട ദീപ്തിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് മാറ്റി. 28ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. പക്ഷേ, ദീപ്തിയെ രക്ഷിക്കാൻ സാധിച്ചില്ല. അന്നുതന്നെ ദീപ്തി കോവിഡിന് കീഴടങ്ങി.

ആദ്യഘട്ടംതന്നെ നല്ല ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഭാര്യയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകുമായിരുന്നു എന്നാണ് അഖിൽ പറയുന്നത്. സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ് ശ്വാസകോശത്തിലും മറ്റ് അവയവങ്ങളിലും ന്യൂമോണിയ ബാധയുണ്ടായെന്ന് തിരിച്ചറിയുന്നത്. രോഗാവസ്ഥയെ കുറിച്ച് ചോദിക്കുമ്പോഴൊന്നും കൃത്യമായ മറുപടി ആശുപത്രി അധികൃതരിൽ നിന്ന് ലഭിച്ചിരുന്നില്ലെന്നും അഖിൽ ആരോപിക്കുന്നു.