കദളിക്കാടുണ്ടായ ബൈക്കപകടത്തിൽ യുകെയിൽ ഉപരിപഠനം നടത്തുകയായിരുന്ന വിദ്യാർത്ഥി മരിച്ചു. മണക്കാട് പഞ്ചായത്തംഗം അരിക്കുഴ തരണിയിൽ ടോണി കുര്യാക്കോസിൻ്റെ മകൻ അലൻ (22) ആണ് മരിച്ചത്. അലൻ അവധിക്ക് യുകെയിൽ നിന്ന് എത്തിയതായിരുന്നു. ഓസ്‌ഫോഡിൽ ആണ് അലൻ പഠിച്ചിരുന്നത്.

ഇന്നലെ രാത്രി എട്ടോടെ കദളിക്കാട് ഹൈറേഞ്ച് ടൈൽസിനു മുമ്പിലായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ അലനെ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റബർ തടിയുമായി കയറ്റി പെരുമ്പാവൂർക്ക് പോകുകയായിരുന്ന ലോറി നല്ല ഒരു വളവിൽ ഹസാഡ് ലൈറ്റ് പോലും ഇടാതെ നിർത്തിയിട്ട്  ഡ്രൈവർ എന്തിനോ പോയ സമയത്താണ് അപകടം സംഭവിച്ചത്. നല്ല വളവായിരുന്നതിനാലും സ്ട്രീറ്റ് ലൈറ്റ് ഒന്നും ഇല്ലാത്തതിനാലും മുൻപിൽ നിർത്തിവച്ചിരുന്ന വാഹനം കാണാൻ സാധിക്കുമായിരുന്നില്ല.

അപകടം നടന്ന് പത്ത് മിനിറ്റുനിള്ളിൽ ആണ് സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും അവധിക്ക് നാട്ടിൽ  പോയിരുന്ന ജിജോമോൻ ഈ വഴി കടന്നു വരുന്നത്. ഇതിനകം അലനെ ആശുപത്രിയിലേക്ക് മാറ്റിരുന്നു എങ്കിലും മരണപ്പെട്ടിരുന്നു എന്നാണ് അറിയുന്നത്. റോഡിൽ രക്തം തളം കെട്ടിക്കിടക്കുന്ന കാഴ്ച…. വീണുകിടക്കുന്ന ഹെൽമെറ്റ്… ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ മോട്ടോർ ബെയ്ക്ക്.. നാട്ടിലെത്തി ഡ്രൈവിങ് ചെയ്യാൻ വല്ലാത്തൊരു ഭയം തന്നെയെന്ന് ജിജോമോൻ പറയുകയുണ്ടായി.

പൊൻമുടി കദളിക്കാട്ടിൽ കുടുംബാംഗമാണ് അലൻെറ മാതാവ് അമ്പിളി. പരേതനായ അലന്റെ ഏക സഹോദരൻ അലക്സ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ക്രിസ്റ്റി സെബാസ്റ്യാന്റെ ഭാര്യ ഷെറിന്റെ അടുത്ത ബന്ധുവാണ് പരേതനായ അലൻ.

സംസ്‌കാരം നാളെ രാവിലെ പത്തു മണിക്ക് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.

അലൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.