പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ആദിത്യനും വിനീഷിനും രാകേഷിനും ചെന്നിത്തല ഗ്രാമം കണ്ണീരോടെ വിട നൽകി. ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിനു പുറപ്പെടാൻ ഒരുങ്ങവേ ശനിയാഴ്ച രാവിലെ എട്ടേകാലോടെ ചെന്നിത്തല വലിയപെരുമ്പുഴ പള്ളിയോടക്കടവിനു സമീപമായിരുന്നു അപകടം. നോമ്പു നോറ്റുണ്ടായ മകൻ എന്നേക്കുമായി നഷ്ടപ്പെട്ടതിന്റെ വേദനയിൽ നീറിയ ആദിത്യന്റെ പിതാവ് സതീശനെയും മാതാവ് കലയെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കായില്ല. കോവിഡിനെ തുടർന്നു ഗൾഫിൽ നിന്നു മടങ്ങിയ വിനീഷ് ഈ ആഴ്ച വിദേശത്തേക്കു തിരികെ പോകുന്നതിനായി തയാറെടുക്കുന്നതിനിടയിലാണ് അപകടം.

മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കണ്ണീരണിഞ്ഞ ഭാര്യ മായയും മക്കളായ രണ്ടര വയസ്സുകാരൻ ദേവനും ഏഴു മാസം പ്രായമുള്ള ദേവനന്ദയും നോവായി. ഇന്നലെ ഉച്ചയോടെ കണ്ടെടുത്ത രാകേഷിന്റെ മൃതദേഹം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം വിലാപ യാത്രയായി നാലുമണിയോടയാണു ചെന്നിത്തല കിഴക്കേവഴിയിലെ വൃന്ദാവനം വീട്ടിലെത്തിച്ചത്. മൃതദേഹത്തിനരികിലിരുന്നു മാതാവ് രാധയും, ഭാര്യ സജിതയും മകളായ ശ്രീവർധനും ശ്രുതിയും വിങ്ങിപ്പൊട്ടിയ കാഴ്ച കൂടിനിന്നവരെയും കണ്ണീരിലാഴ്ത്തി.

മാവേലിക്കര വലിയ പെരുംമ്പുഴ കടവിൽ അപകടമുണ്ടായത്. ആറൻമുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്.പള്ളിയോടം അച്ചൻകോവിലാർ ചുറ്റിയ ശേഷമാണ് ആറൻമുളയിലേയ്ക്ക് പുറപ്പെടുന്നത്. ഇതിനായി വലിയ പെരുംപുഴ കടവിൽ നിന്ന് പുറപ്പെട്ട ഉടൻ ദിശതെറ്റി മറിയുകയായിരുന്നു.

പരിധിയിൽ കൂടുതൽ ആളുകൾ കയറിയതോടെ നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു . അച്ചൻകോവിലാറ്റിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഇതിനൊപ്പം അടിയൊഴുക്കും ഉണ്ടായതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. സാധാരണ 61 പേരാണ് പള്ളിയോടത്തിൽ കയറുന്നത്. യാത്രക്ക് മുന്നോടിയായുള്ള വലം ചുറ്റുന്ന ചടങ്ങിനായതിനാൽ കൂടുതലാളുകൾ തളളിക്കയറി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ടു. യാത്ര തുടങ്ങി എല്ലാവരും ഇരിക്കും മുമ്പേ തന്നെ വള്ളം കീഴ്മേൽ മറിഞ്ഞുവെന്നും അതുൽ വിശദീകരിച്ചു.