ആലപ്പുഴ നഗരത്തിൽനിന്ന് താൽക്കാലിക ടാറ്റൂ പതിച്ച 3 വിദ്യാർഥികളുടെ കൈകളിൽ വൃണമുണ്ടായി തൊലി അടർന്നുമാറി. മുല്ലയ്ക്കൽ ചിറപ്പുമായി ബന്ധപ്പെട്ടു കച്ചവടത്തിനെത്തിയ ഇതര സംസ്ഥാനക്കാരുടെയടുത്തുനിന്നാണ് വിദ്യാർഥികൾ അച്ച് ഉപയോഗിച്ചുള്ള രൂപം കൈകളിൽ താൽക്കാലികമായി കഴിഞ്ഞ ദിവസം പതിപ്പിച്ചത്.

ടാറ്റൂ, മെഹന്തി എന്നീ പേരുകളിലാണ് ശരീരത്തിലും കൈവെള്ളയിലും രൂപം പതിപ്പിക്കൽ. 20 രൂപ മുതലാണ് ഇതിന് ഈടാക്കുന്നത്. പതിപ്പിക്കുന്ന രൂപങ്ങൾ ഒരാഴ്ച വരെ ശരീരത്തിൽ കാണുമെന്നാണ് ചെയ്തു നൽകുന്നവർ പറയുന്നത്. ഇതിനായി ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അലർജി മൂലമാണ് പൊള്ളിയതു പോലുള്ള വൃണങ്ങൾ ഉണ്ടാകുന്നത്. വിദ്യാർഥികളാണ് ഇവരുടെയടുക്കൽ എത്തുന്നവരിൽ ഏറെയും.

ടാറ്റൂ എന്നതു പൂർണമായും അണുവിമുക്തമാക്കി ചെയ്യേണ്ടതാണ്. വഴിവക്കിലും മറ്റും ചെയ്യുമ്പോൾ പല അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. മോശം സാഹചര്യത്തിൽ ചെയ്യുമ്പോൾ ഹെപ്പറ്റൈറ്റിസ് ബി, ക്ഷയം, കുഷ്ഠം, എച്ച്ഐവി പോലുള്ള രോഗങ്ങൾ പടരാം. രോഗബാധയുള്ള വ്യക്തിക്ക് ടാറ്റൂ ചെയ്തശേഷം, അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾ അടുത്തയാളിൽ ഉപയോഗിക്കുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്.

കുട്ടികൾ കഴിയുന്നതും ടാറ്റൂ ചെയ്യാതിരിക്കുന്നതാണ് നല്ലത്. വെള്ളപ്പാണ്ട് പോലുള്ള കാര്യങ്ങളിൽ മെഡിക്കൽ ടാറ്റൂ ചെയ്യുമ്പോൾ അതിനു കൃത്യമായ മാർഗനിർദേശമുണ്ട്. അത്തരത്തിലേ ചെയ്യാറുള്ളു.- ഡോ. കെ. ശോഭനകുമാരി, ത്വക്‌രോഗ വിഭാഗം മേധാവി ആലപ്പുഴ മെഡിക്കൽ കോളജ് അറിയിച്ചു.